പാട്ന : ബിഹാറില്‍ മഹാസഖ്യ സര്‍ക്കാര്‍ നിലംപതിച്ചതോടെ കോണ്‍ഗ്രസിലും പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ 9 എംഎല്‍എമാരുമായി ബന്ധപ്പെടാനാവാതെ അങ്കലാപ്പിലാണ് പാര്‍ട്ടി നേതൃത്വം. ഇവര്‍ കൂറുമാറുമെന്നാണ് അറിയുന്നത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഒരുക്കങ്ങള്‍ ആലോചിക്കാന്‍ ഇന്നലെ പൂര്‍ണിയയില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ 19 ബിഹാര്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 10 പേര് മാത്രമാണ് പങ്കെടുത്തത്.
യാത്രയുടെ മേല്‍നോട്ടത്തിന് ചുമതലപ്പെടുത്തിയ എംഎല്‍എമാര്‍ മാത്രമാണ് കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ പങ്കെടുത്തത്. എന്നാലിത് നിയമസഭാ കക്ഷി യോഗമല്ലെന്നും കൂടുതലൊന്നും ഇതില്‍ കാണേണ്ടതില്ലെന്നുമാണ് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ഷക്കീല്‍ അഹമ്മദ് ഖാന് പറഞ്ഞത്.
നിതിഷ് കുമാര്‍ ഔദ്യോഗിക വസതിയില്‍ എംഎല്‍എമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം രാവിലെ 11 മണിയോടെയാണ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചത്. ബിഹാറിലെ എല്ലാ ബിജെപി എംഎല്‍എമാരും നിതിഷിനെ പിന്തുണച്ചയ്ക്കുന്നുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും മറ്റ് നേതാക്കളും ഉച്ചതിരിഞ്ഞ് പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ പാട്നയിലെത്തും.
താന്‍ രാജിവച്ചുവെന്നും മഹാസഖ്യം അവസാനിപ്പിക്കുന്നുവെന്നും സത്യപ്രതിജ്ഞ ഉടനുണ്ടാകുമെന്നും നിതിഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.ഇന്ന് തന്നെ നിതീഷ് മുഖ്യമന്ത്രിയായി പുതിയ സര്‍ക്കാര്‍ നിലവില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: