ന്യൂദല്‍ഹി: കോണ്‍ഗ്രസിനും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും കനത്ത തിരിച്ചടിയായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ ഇന്നു രാജിവയ്ക്കും.
രാവിലെ 10ന് ജെഡിയു നിയമസഭാ കക്ഷി യോഗത്തില്‍ എന്‍ഡിഎയിലേക്കു തിരികെയെത്തുന്നതു സംബന്ധിച്ച് നിതീഷ് അറിയിക്കും. തുടര്‍ന്ന് ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറും. വൈകിട്ട് നാലിന് രാജ്ഭവനില്‍ എന്‍ഡിഎ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തും. നിതീഷ്കുമാര്‍ മുഖ്യമന്ത്രിയായും ബിജെപിയുടെ രണ്ടു നേതാക്കള്‍ ഉപമുഖ്യമന്ത്രിമാരായും ചുമതലയേല്‍ക്കും. ഇതോടെ ഒരിടവേളയ്ക്കു ശേഷം ബീഹാറില്‍ വീണ്ടും എന്‍ഡിഎ സര്‍ക്കാര്‍ ഭരണമേല്‍ക്കും.
ബീഹാറിന്റെ നായകന് കര്‍പ്പൂരി ഠാക്കൂറിന് ഭാരതരത്ന പ്രഖ്യാപിച്ചതോടെ എന്‍ഡിഎയിലേക്കു മടങ്ങാതെ രക്ഷയില്ലെന്നതിലേക്ക് ജെഡിയുവും നിതീഷ്കുമാറും എത്തിച്ചേര്‍ന്നു. ജെഡിയുവിലെ വലിയൊരു വിഭാഗം നേതാക്കള്‍ എന്‍ഡിഎയുടെ ഭാഗമാകണമെന്ന് നിതീഷിനോട് ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദവും ജനങ്ങളുടെ പൊതുവികാരവും നിതീഷിന്റെ മടങ്ങി വരവിനു വഴിവച്ചു. പ്രശ്ന പരിഹാരത്തിനായി സോണിയ ഗാന്ധിയും ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും വിളിച്ചെങ്കിലും നിതീഷ്കുമാര്‍ സംസാരിക്കാന്‍ തയ്യാറായില്ല. ലാലു പ്രസാദ് യാദവ് അടക്കമുള്ളവരും വിളിച്ചെങ്കിലും നിതീഷ് അവരോടും സംസാരിച്ചില്ല. ഇതോടെ സഖ്യം അവസാനിച്ചെന്നു ബോധ്യപ്പെട്ട ഇന്‍ഡി സഖ്യം പരിഹാസ്യരായി. പ്രധാനമന്ത്രിപദം വാഗ്ദാനം ചെയ്ത് ഇന്‍ഡി മുന്നണിയിലെത്തിച്ചെങ്കിലും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ ഉയര്‍ത്തിക്കാട്ടി നിതീഷിനെ അപമാനിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്ന് ജെഡിയു നേതൃത്വം കുറ്റപ്പെടുത്തി.
ദല്‍ഹി കേന്ദ്രീകരിച്ച് തിരക്കിട്ട രാഷ്ട്രീയ കൂടിക്കാഴ്ചകളാണ് ബിജെപി ദേശീയ നേതൃത്വം നടത്തിയത്. രണ്ടുതവണ മുന്നണി വിട്ട നിതീഷിനെ തിരികെയെത്തിക്കുന്നതിനെ സൂക്ഷ്മതയോടെയാണ് നേതൃത്വം കൈകാര്യം ചെയ്തത്. ബീഹാറിലെ ജനത എന്‍ഡിഎ സഖ്യത്തിനാണ് വോട്ട് ചെയ്തതെന്നും തെറ്റു തിരുത്തി ജെഡിയു മടങ്ങിയെത്തുന്നതില്‍ സന്തോഷമാണെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്റെ പ്രതികരണം. ഇന്നു രാവിലെ 10ന് ബിജെപി എംപിമാരും എംഎല്‍എമാരും പട്നയിലെ ഓഫീസില്‍ യോഗം ചേരും.
ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കേ ബീഹാറില്‍ ലഭിച്ച അപ്രതീക്ഷിത തിരിച്ചടി ഇന്‍ഡി സഖ്യത്തിന്റെ അന്ത്യംകുറിക്കും. 40 ലോക്സഭാ സീറ്റുള്ള ബീഹാറില്‍ നിന്ന് ബഹുഭൂരിപക്ഷം സീറ്റിലും ഇന്‍ഡി സഖ്യം വിജയ പ്രതീക്ഷ പുലര്‍ത്തിയിരുന്നു. എന്നാല്‍ ജെഡിയു വീണ്ടും ബിജെപി മുന്നണിയിലെത്തുന്നതോടെ വലിയ രാഷ്ട്രീയ പരാജയമാണ് ഇന്‍ഡി സഖ്യത്തിനുണ്ടാകുന്നത്. 2019ല്‍ ബിജെപി, ജെഡിയു, എല്‍ജെപി സഖ്യം 39 ലോക്സഭാ സീറ്റിലും വിജയിച്ചിരുന്നു. ബിജെപി 17 സീറ്റിലും ജെഡിയു 16 ഇടത്തും എല്‍ജെപി ആറു സീറ്റിലും വിജയിച്ചപ്പോള്‍ ത്രികോണ മത്സരം നടന്ന കിഷന്‍ഗഞ്ചില്‍ കോണ്‍ഗ്രസ് വിജയിച്ചു. ലാലു പ്രസാദിന്റെ ആര്‍ജെഡിക്ക് ഒറ്റ സീറ്റുപോലും ലഭിച്ചില്ല. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിലും എന്‍ഡിഎ സഖ്യമാണ് വിജയിച്ചത്. 243 അംഗ നിയമസഭയില്‍ ബിജെപി 74 സീറ്റിലും ജെഡിയു 43 ഇടത്തും വിജയിച്ചു. ആര്‍ജെഡി 75 സീറ്റിലൊതുങ്ങി. കോണ്‍ഗ്രസില്‍ 19 എംഎല്‍എമാരും സിപിഐഎംഎല്ലില്‍ 12 പേരും എഐഎംഐഎമ്മില്‍ അഞ്ചു പേരും വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: