ബത്തേരി ജൈവവൈവിധ്യങ്ങളുടെ കലവറയും, പുതിയ കാലത്തെ പ്രക്യതി സൗഹൃദ വിനോദസഞ്ചാരത്തിന്റെ ശ്രദ്ധാകേന്ദ്രവുമാണ് ഇന്നത്തെ വയനാട്. സഹസ്രബ്ദങ്ങള്‍ക്കു മുന്‍പുതന്നെ തെന്നിന്ത്യന്‍ നാഗരികതകളുടെ കളിത്തൊട്ടിലായിരുന്ന വയനാടിന് ആ പേരു എങ്ങനെ കിട്ടി? അതിനുള്ള കാരണം എന്ത് എന്നൊന്നും അധികം ആര്‍ക്കും അറിയില്ല. ജില്ലയിലെ ഒരു പ്രദേശത്തിനുപോലും പ്രത്യേകിച്ചു വയനാട് എന്ന സ്ഥലനാമം ഇല്ല എന്നതാണ് ഏറെ കൗതുകകരം.
നിബിഡവനങ്ങളാല്‍ സമ്പന്നമായിരുന്ന പ്രദേശം എന്ന അര്‍ഥത്തില്‍ വനനാടാണ് വയനാട് ആയതെന്നും, അതല്ല നോക്കത്താദൂരത്തു നെല്‍വയലുകള്‍ ഉണ്ടായിരുന്ന പ്രദേശം എന്ന നിലയില്‍ വയല്‍നാട് രൂപാന്തരം പ്രാപിച്ചതാണ് എന്നും അഭിപ്രായങ്ങളുണ്ട്. ഇതില്‍ നിന്നും വിഭിന്നമായ കഥയാണ് ബത്തേരി മാരിയമ്മന്‍ ക്ഷേത്രത്തിലെ ശിലാഫലകത്തിനു പറയാനുള്ളത്. അത് ഇങ്ങനെയാണ്:
കര്‍ണാടക -തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കുവയ്ക്കുന്ന ഈ മലനിരകളില്‍ നിന്നുല്ഭവിക്കുന്ന കബനിനദിക്കരയില്‍ ആയിരം വര്‍ഷം മുന്‍പ് വളര്‍ന്നു പന്തലിച്ച വയല്‍നാട് രാജവംശത്തില്‍ നിന്നാണ് ഈ സ്ഥലനാമം രൂപപ്പെട്ടതത്രേ. മാരിയമ്മന്‍ ശിലാ ശാസനത്തിലാണ് വയല്‍നാട് എന്ന് ആദ്യം രേഖപ്പെടുത്തിയതെന്നും ചരിത്രകാരന്മാര് അഭിപ്രായപ്പെടുന്നു. ആധുനിക കേരള ചരിത്ര നിര്‍മിതിയില്‍ വിലപ്പെട്ട സംഭാവനകള്‍ നല്കിയ ശിലാലിഖിതങ്ങളില്‍ ഒന്നാണ് മാരിയമ്മന്‍ ശിലാ ശാസനം. വയല്‍നാട് രാജവംശത്തിലെ ഇരവി രവിവര്മന് ഈ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ടാണ് ഈ ലിഖിതം അടയാളപ്പെടുത്തിയത്.
മകരത്തില്‍ വ്യാഴത്തിന്റെ ചിങ്ങഞാറ്റ് എന്ന മാസ സൂചനയും രാശി നിലയും ഒഴികെ കാലനിര്‍ണയത്തിനുതകുന്ന മറ്റു സൂചനകളൊന്നും ഈ വട്ടെഴുത്ത് ലിഖിതത്തിലില്ല എന്ന് ചരിത്രകാരനായ മുണ്ടക്കയം ഗോപി ചൂണ്ടിക്കാട്ടുന്നു. ശിലയിലെ ലിപിയും രീതിയും വ്യക്തമാക്കുന്നത് എ.ഡി 12-ാം നൂറ്റാണ്ടില്‍ രേഖപ്പെടുത്തിയതാകാമെന്ന് ഇദ്ദേഹം പറയുന്നു. എ.ഡി 998 മുതല്‍ 1138 വരെയുളള കാലത്ത് വയല്‍നാട് രാജപരമ്പരയിലെ രാജാക്കന്മാര് പിന്തുടര്ച്ചക്കാരായി സ്ഥാനാരോഹണം നടത്തിയതായി പ്രമുഖ എപ്പിഗ്രാഫിസ്റ്റായ ബഞ്ചമിന് ലൂയിസ് റൈസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ആയിരം വര്‍ഷം മുന്‍പ് ഒന്നരനൂറ്റാണ്ട് നിലനിന്ന കബനി നദീതട സംസ്കാരത്തിന്റെ ചരിത്രശേഷിപ്പാണ് വയനാടെന്ന പേരിന് ആധാരമെന്ന് ഇത് വ്യക്തമാക്കുന്നു. ഈ രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന കീര്‍ത്തിപുര പൂര്‍ണമായും ഇന്ന് കര്‍ണ്ണാടകയിലെ ബീച്ചനഹളളി ജലസംഭരണിക്കുളളിലാണ്. കബനി നദിക്കു കുറുകെ 1970കളുടെ ആരംഭത്തില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ആണ് ബീച്ചനഹള്ളി ഡാം നിര്‍മ്മിച്ചത്. വയല്‍നാട് രാജവംശത്തിലെ പ്രബലനായ ഇരവി രവിവര്മന് കീര്‍ത്തിപുരയില്‍ നിര്‍മ്മിച്ച ഭീമാകരമായ രവിയമ്മേശ്വരക്ഷേത്രത്തെ അതേപടി പിഴുതെടുത്ത് 1974 -ല്‍ കര്‍ണ്ണാടക പുരാവസ്തു വകുപ്പ് ഡാമിനു സമീപമുള്ള ഉയ്യബളളി ഗ്രാമത്തിലെ ഞരണി മുണ്ടിയില്‍ പുനഃസ്ഥാപിക്കുകയായിരുന്നു. പൗരാണിക തനിമ ഒട്ടും ചോര്‍ന്നുപോകാതെ അതേ രൂപത്തില്‍ പുനഃസ്ഥാപിക്കുകയാണ് ചെയ്തത്. ഇന്നത്തെ വയനാട് ജില്ല, കൊട്ടിയൂര്‍, ബാവലിപുഴയുടെ കിഴക്കന്‍ മലഞ്ചെരുവുകള്‍, എച്ച് ഡി കോട്ട, ഗുണ്ടിലുപെട്ട, നഞ്ചന്‍ഗോട്, താലൂക്കൂകള്‍, ഹസ്സന് ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍, തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകള്‍ ചേര്‍ന്ന കന്നട-തമിഴ്-മലയാളം ഭാഷകള്‍ സംസാരിക്കുന്ന വൈവിധ്യങ്ങളുടെ നാടായിരുന്നു വയല്‍നാട് രാജ്യം.
മാരിയമ്മന്‍ ശിലാശാസനത്തില്‍ പരാമര്‍ശിക്കുന്ന പൂതപ്പാടി പടനായര് മലയാള പ്രവിശ്യയുടെ ചുമതലക്കാരനായിരുന്ന ഇന്നത്തെ പൂതാടി ആസ്ഥാനമാക്കി ഭരണകാര്യങ്ങള്‍ നിര്‍വഹിച്ച ആളാണെന്ന് വ്യക്തം. തമിഴ് പ്രവിശ്യയുടെ ആസ്ഥാനം തിരുമംഗലത്ത് കോട്ടയാണെന്നാണ് നിഗമനം. തമിഴ്നാടിന്റെ ഈ ഭാഗങ്ങള്‍ 1887 മാര്‍ച്ച് 31 ന് വെള്ളക്കാര്‍ വയനാട് താലൂക്കില്‍ നിന്ന് അടര്‍ത്തിമാറ്റി നീലഗിരിജില്ലയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു
സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് മുതല്‍ വയനാട്ടിലേക്കുണ്ടായ തമിഴ്-കന്നട രാജാധിപത്യങ്ങളുടെയും പടയോട്ടങ്ങളുടെയും ചരിത്രശേഷിപ്പുകളാല്‍ സമ്പന്നമാണ് വയനാട്. ഏറ്റവും കുറഞ്ഞ ഭൂവിസ്തൃതിക്കുള്ളില്‍ ഏറ്റവുമധികം ഗോത്ര-ജനജാതികള്‍ തിങ്ങിപ്പാര്‍ത്ത കബനി നദീതടം നിരവധി രാജാധിപത്യകളുടെ ഉദയാസ്തമയങ്ങള്‍ക്കു സാക്ഷ്യംവഹിച്ച മണ്ണാണ്. ഇന്നു നിലവിലുള്ള ശക്തമായ വനനിയമങ്ങളും മറ്റും ആഴത്തിലുള്ള ചരിത്ര ഗവേഷണപഠനങ്ങള്‍ക്ക് തടസ്സമാവുകയാണ്.
പൗരാണികമായ ക്ഷേത്രസമുച്ചയങ്ങളിലും സമീപപ്രദേശങ്ങളിലും ഉണ്ടായിരുന്ന ചരിത്രമൂല്യങ്ങളുണ്ടായിരുന്ന പല മുദ്രകളും ശിലാരൂപങ്ങളും നിര്‍മ്മിതികളും മണിക്കിണറുകള്‍ പോലും ഇതിനോടകം അപ്രത്യക്ഷമായിട്ടുണ്ട്, ഇവിടേയും സംഭവിക്കുന്നത് ഇതാണ്. നടത്തിപ്പുകാരുടെ ചരിത്ര ബോധമില്ലായ്മയും ധാരണാപിശകുകളുമെല്ലാം ഇതിനു കാരണമായിട്ടുണ്ട്. പോയകാലത്തിന്റെ ശേഷിപ്പുകള്‍ എല്ലാ തരത്തിലുമുള്ള അധിനിവേശങ്ങള്‍ക്കുമെതിരായ ചെറുത്തുനില്‍പ്പിനുള്ള ആയുധങ്ങളാണെന്ന തിരിച്ചറിവാണ് ഇന്ന് നമുക്ക് ഉണ്ടാകേണ്ടത്.
കടപ്പാട് – കൂറും പുറൈ
ഗോപി മുണ്ടക്കയം
പ്രതികരിക്കാൻ ഇവിടെ എഴുതുക: