എഴുപത്തിമൂന്നു വര്‍ഷങ്ങള്‍ക്കുശേഷം തിരുവനന്തപുരത്ത് കറ്റച്ചകോണത്തെ (ഇന്നത് കേശവദാസപുരമാണ്)മഹാത്മാഗാന്ധി കോളജ് കാണാന്‍ അവസരമുണ്ടായി. തിരുകൊച്ചി സംസ്ഥാനത്തെ ഹിന്ദുക്കളുടെയാകെ അഭിമാനസ്ഥാപനമായി അതുയര്‍ന്നുവരുന്ന കാലമായിരുന്നു. അന്ന് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ കുത്തക വിവിധ ക്രൈസ്തവസഭകള്‍ക്കായിരുന്നു. രാജവാഴ്ചയിലായിരുന്ന തിരുവിതാംകൂറിലെയും കൊച്ചിയിലെയും സര്‍ക്കാര്‍ കോളജുകളൊഴികെ മുഴുവന്‍ തന്നെ വിവിധ സഭകളുടേതായിരുന്നു. സാമുദായികാടിസ്ഥാനത്തിലാണെങ്കിലും ഹിന്ദുസമുദായികാടിസ്ഥാനത്തിലാണെങ്കിലും ഹിന്ദുസമുദായങ്ങളും സംഘടിച്ചുവന്നിരുന്നു. തിരുവിതാംകൂറില്‍ ഭരണസാരഥ്യം സര്‍ സി.പി.രാമസ്വാമി അയ്യര്‍ എന്ന പ്രതിഭാശാലിയാണ് നിര്‍വഹിച്ചുവന്നത്. വിദ്യാഭ്യാസരംഗത്തെയും സാമ്പത്തികരംഗത്തെയും ക്രൈസ്തവമേധാവിത്തത്തിനു കടിഞ്ഞാണിടാന്‍ അദ്ദേഹം കൈക്കൊണ്ട നടപടികള്‍ മൂലം സഭാനേതാക്കള്‍ സിപിയെ ശത്രുവായി കരുതി. ആ പോരാട്ടം ഒട്ടേറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു.
ബ്രിട്ടീഷുകാര്‍ ഭാരതം വിട്ടൊഴിയുമ്പോള്‍ അതിനെ മുന്നില്‍ കണ്ട് ഇംഗ്ലീഷിന്റെ പ്രാധാന്യം പരിമിതപ്പെടുത്തി മലയാളത്തിനു മുന്‍തൂക്കമുള്ള വിദ്യാഭ്യാസ സമ്പ്രദായം നടപ്പാക്കാന്‍ സര്‍ സി.പി. പരിപാടി ആവിഷ്‌കരിച്ചു. ആ പദ്ധതി സ്‌കൂള്‍ ഘട്ടം കഴിഞ്ഞ് കലാലയഘട്ടത്തിലെത്തുമ്പോഴേക്ക് വേണ്ടതായ ക്രമീകരണം അദ്ദേഹം വിഭാവനം ചെയ്ത് നടപ്പാക്കിത്തുടങ്ങി. പ്രീയൂണിവേഴ്‌സിറ്റിയെന്ന ഘട്ടം അങ്ങനെ മെനഞ്ഞെടുക്കപ്പെട്ടു. അത് സ്വീകരിക്കാന്‍ തയ്യാറുള്ള മാനേജ്‌മെന്റുകള്‍ക്ക് അഞ്ചുലക്ഷം രൂപാ ഗ്രാന്റ് നല്‍കുമെന്നും പ്രഖ്യാപിക്കപ്പെട്ടു. നായര്‍ സര്‍വീസ് സൊസൈറ്റിയും (എന്‍എസ്എസ്), ശ്രീനാരായണ ധര്‍മപരിപാലന യോഗവും അതംഗീകരിച്ചു. നേരത്തെ തന്നെ മന്നവും ആഗമാനന്ദ സ്വാമികളും ചേര്‍ന്ന് സംസ്ഥാനമാകെ സഞ്ചരിച്ച് കോളജിനുവേണ്ടി ധനസമാഹരണ ശ്രമങ്ങള്‍ നടത്തിയിരുന്നു. സ്ഥലം ചൂണ്ടിക്കാട്ടിയാല്‍ അവിടെ ആവശ്യമായത്ര പൊന്നും വിലയ്‌ക്കെടുത്തു കൊടുക്കാന്‍ സര്‍ സി.പി. തയ്യാറായി. കറ്റച്ചകോണംകുന്ന് എന്ന പ്രദേശത്തെ അന്‍പതോളം ഏക്കര്‍ വരുന്ന സ്ഥലം ഏറ്റെടുത്ത് എന്‍എസ്എസിന് നല്‍കാന്‍ സര്‍ സി.പി. തയാറായി. ഒരു ക്രൈസ്തവസഭക്കാര്‍ ആ സ്ഥലം കൈവശപ്പെടുത്തി സിയോണ്‍ബില്‍ എന്ന പേരില്‍ കെട്ടിടങ്ങള്‍ പണിത് കഴിഞ്ഞിരുന്നു. സര്‍ക്കാര്‍ നടപടിയിലൂടെ അവരെ ഒഴിവാക്കി. ആ സ്ഥലം ഹിന്ദുകോളജ് സ്ഥാപിക്കാന്‍ നല്‍കപ്പെട്ടു. അന്നു പട്ടം പകുതിയില്‍ മഠത്തുവിളാകം കരയില്‍പെട്ട സ്ഥലമായിരുന്നു അത്. അവിടെ കോളജ് പണിതുയര്‍ത്താന്‍ മന്നവും എന്‍എസ്എസും നിശ്ചയിച്ചു. അതിനായി സംസ്ഥാനമൊട്ടാകെ നിന്നും വിപുലമായ ധനശേഖരണം നടന്നു. കെട്ടുതേങ്ങ, പിടിയരി മുതലായ പുരാതന സമ്പ്രദായങ്ങളുടെ ആധുനികാവിഷ്‌കരണമായി അത്. അന്നത്തെ തിരുവിതാംകൂറില്‍ താലൂക്കുകള്‍ തോറും ഉല്‍പ്പന്നപ്പിരിവ് എന്ന രീതിയാണ് അതിന്റെ ചുമതല വഹിച്ച എം.പി. മന്മഥന്‍ സ്വീകരിച്ചത്. ചങ്ങനാശ്ശേരിയില്‍ 1946 ലും തലസ്ഥാനത്ത് 47 ലും കോളജാരംഭിച്ചു. തിരുവനന്തപുരത്ത് മുന്‍ മഹാരാജാവിന്റെ പത്‌നിയായിരുന്ന (അമ്മച്ചി) ലക്ഷ്മിപ്പിള്ളത്തങ്കച്ചിയുടെ വടശ്ശേരി അമ്മവീട് എന്ന ഭവനസാകല്യം കോളജായി. മഹാത്മാഗാന്ധി കോളജ് അവിടെയാണാരംഭിച്ചത്. കറ്റച്ചകോണ കുന്നിനുമുകളില്‍ ശിലാസ്ഥാപനം കഴിഞ്ഞ് ഭൂമി നിരപ്പാക്കല്‍ ആരംഭിച്ചു.
ഏറ്റവും വലിയ കോളജ് കെട്ടിടത്തിന്റെ നിര്‍മാണം ശീഘ്രഗതിയില്‍ നടന്നുകൊണ്ടിരുന്നു. ഒരറ്റത്തുപണി മുഴുമിച്ച ഭാഗം ക്ലാസ് നടത്താന്‍ തക്കവിധത്തില്‍ സജ്ജീകരിക്കുകയായിരുന്നു. പ്രൊഫസറന്മാരും ലക്ചറന്മാരുമായി വരാന്‍ സന്നദ്ധരായവരെ കണ്ടെത്തി നിയമിക്കുന്നതില്‍ മന്നത്തിന്റെ സാമര്‍ത്ഥ്യം വിസ്മയകരമായിരുന്നു. സ്‌കൂളധ്യാപകന്റെ ശമ്പളത്തിനു തുല്യമായ വേതനത്തില്‍ വേണ്ടിയിരുന്നു അവിടെ പഠിപ്പിക്കാന്‍. ക്ലാസ് മുറികള്‍ സജ്ജമാക്കുന്നതനുസരിച്ച് പെരുന്താനിയില്‍നിന്ന് ‘കേശവദാസപുര’മെന്നു നാമകരണം ചെയ്യപ്പെട്ട പുതിയ വളപ്പിലേക്ക് കോളജ് മാറ്റപ്പെട്ടു. അങ്ങനെ രണ്ടുമൂന്നു വര്‍ഷം കഴിഞ്ഞ് 1951 ലാണ് അവിടെ പഠിക്കാന്‍ ഞാനെത്തിയത്. പണിതുയര്‍ന്നുവരുന്ന കെട്ടിടത്തിലാണ് പഠനം. അതിന്റെ ശബ്ദവും സമരകോലാഹലത്തിന്റെ ബഹളവും അവിടെ ചുറ്റുപാടും താമസിക്കുന്നവര്‍ക്ക് പരിചയമായി വരാന്‍ വര്‍ഷങ്ങളെടുത്തുവത്രേ. ഇപ്പോഴും അങ്ങനെയാണെന്നറിയുന്നു. വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് പ്രസിദ്ധമാണല്ലോ ആ കലാശാല. ഞാന്‍ പഠിച്ച ആദ്യവര്‍ഷം ക്ലാസ് നടന്നത് 164 പഠനദിവസങ്ങളില്‍ 96 ല്‍ മാത്രമായിരുന്നു. വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിന്റെ രൂക്ഷത ഭീകരമായിരുന്നു. കോളജ് യൂണിയന്‍ എടുത്തത് സോവ്യറ്റ് യൂണിയന്റേതിന് സമാനമായ എംബ്ലമായിരുന്നു. അതില്‍ മാര്‍ക്‌സും ഏംഗല്‍സും ലെനിനും സ്റ്റാലിനും ഉണ്ടായിരുന്നു. നോട്ടീസ് ബോര്‍ഡില്‍ അതു പ്രദര്‍ശിപ്പിച്ചതില്‍ കോളജധികൃതര്‍ക്ക് വിസമ്മതമുണ്ടായില്ല.
കോളജ് ആര്‍ട്ട് ക്ലബിന്റെ ക്ഷണപ്രകാരം കവിയൂര്‍ രേവമ്മ എന്ന സംഗീതജ്ഞ പാടാനെത്തി. അവര്‍ കീര്‍ത്തനങ്ങള്‍ അതിമധുരവും മനോഹരവുമായും ആലപിച്ചപ്പോള്‍ എസ്എഫ്‌ഐകാര്‍ക്കു കൂക്കി വിളിക്കാന്‍ മടിയുണ്ടായില്ല.
കോളജ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ഓഫീസ് മാനേജരായിരുന്ന രാഘവന്‍പിള്ള സാറിന്റെ വസതിയായ സബര്‍മതിയിലായിരുന്നു ഞാന്‍ താമസിച്ചത്. സാര്‍ അച്ഛന്റെ സഹപാഠിയായിരുന്നു. അദ്ദേഹത്തിന്റെ രണ്ടുമക്കള്‍ രാജേന്ദ്രനും സുരേന്ദ്രനും സ്വയംസേവകരായിരുന്നു. അവരെ കാണാനായി നഗരത്തില്‍ നിന്നും മുതിര്‍ന്ന പലരും വരുമായിരുന്നു. മൂവാറ്റുപുഴയ്‌ക്കടുത്ത് ചെറുവട്ടൂരിലുള്ള കെ.ഇ. കൃഷ്ണന്‍ പട്ടം ശാഖാ ശിക്ഷകനായിരുന്നു. അടുത്ത നാട്ടുകാരനായതു അടുപ്പം ദൃഢമാവാന്‍ കാരണമായി. ആയിടെ ഭാസ്‌കര്‍ ദാംലേ എന്ന പ്രചാരകന്‍ തലസ്ഥാനത്തെത്തി. ആജാനുബാഹു, മാംസപേശികളെല്ലാം ദൃഢവും. അദ്ദേഹത്തിന്റെ കാലത്തു തിരുവനന്തപുരം ശാഖകളെല്ലാം സജീവമായി. ഒരു നല്ല കാര്യാലയമുണ്ടായിരുന്നില്ല. തലസ്ഥാനത്തെ ഭക്ഷണവും അദ്ദേഹത്തിന് പൊരുത്തമായില്ല. ഒന്നുരണ്ടു തവണ കോളജില്‍ വന്നു. ഏതായാലും അദ്ദേഹം തിരുവനന്തപുരത്തു തുടര്‍ന്നില്ല. ഗുജറാത്തിലെ ജാംനഗറിലേക്കു പോയി.
തിരുവനന്തപുരത്ത് ഇന്ന് ഭാരതീയ വിചാരകേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം അന്ന്, അനന്തശയനം ബ്രാഹ്മണജന സഹകരണസംഘം വകയായിരുന്നു. അവിടെയാണ് പരമേശ്വര്‍ജിയുടെയും എം.എ സാറിന്റെയും മറ്റും മാതൃശാഖ. ഞാന്‍ സാംഘിക്കിനവിടെ പോകുമായിരുന്നു. അന്നു ബിരുദവിദ്യാര്‍ത്ഥിയായിരുന്ന പി. ജനാര്‍ദ്ദനനും അനുജന്മാരും സജീവമായിരുന്നു. അഭേദാനന്ദ സ്വാമിയുടെ ശിഷ്യത്വവും അവര്‍ക്കുണ്ടായിരുന്നു. അവരില്‍ ഇളയവനായ ഉപേന്ദ്രന്‍ അന്നു രണ്ടിലോ മൂന്നിലോ പഠിക്കുന്ന ഒരുണ്ടപ്പക്രൂ ആയിരുന്നു. കുസൃതിക്കുരുന്ന്. എവിടെയും ചെന്നു പ്രശ്‌നമുണ്ടാക്കും. വഞ്ചിയൂരിലെ കോടതി വളപ്പില്‍ സമപ്രായക്കാരെ വിളിച്ചുകൂട്ടി ശാഖ നടത്തുകയാണയാളുടെ പണി. ആളിന്ന് പഠിത്തം കഴിഞ്ഞ് നാട്ടിലും വിദേശങ്ങളിലും വളരെ ഉന്നതമായ സ്ഥാനമുള്ള വ്യക്തിയാണ്.
ആലുവയ്‌ക്കടുത്ത് ദേശത്തു പെരിയാറ്റിന്‍ കരയില്‍ വീടുവച്ച് താമസിക്കുന്നു. പത്‌നി ഓമനയും സംഘകുടുംബത്തിലെയാണ്. തന്റെ ചെറുപ്പം മുതല്‍ കാണാന്‍ സാധിച്ച സാമൂഹ്യജീവിത യാഥാര്‍ത്ഥ്യങ്ങളെയും അവ സൃഷ്ടിച്ച പ്രശ്‌നങ്ങളെയും നോവല്‍ രൂപം നല്‍കി അവതരിപ്പിച്ച ‘ചമേല് ഒരു മനുഷ്യ ബോണ്‍സായ്’യുടെ പ്രകാശനച്ചടങ്ങില്‍ ഞാന്‍ കുടുംബസഹിതം എത്തണമെന്ന ഉപേന്ദ്രന്റെ നിര്‍ബന്ധത്തിനു വഴങ്ങി. ഞങ്ങളുടെ താമസത്തിന് ഏറ്റവും മികച്ച സൗകര്യം ലഭ്യമാക്കി. ചടങ്ങു നടന്നത് വഞ്ചിയൂരില്‍ സംസ്ഥാനത്തെ ഏറ്റവും പഴയ ചിത്തിരതിരുനാള്‍ വായനശാലയിലായിരുന്നു. നൂറ്റാണ്ടിലേറെ പഴക്കമുള്ള അവിടത്തെ മലയാള ഗ്രന്ഥശേഖരം അദ്വിതീയമാണ്. അതിന്റെ സ്ഥാപകന്‍ വായനശാല കേശവപിള്ളയ്‌ക്കു കേരളത്തില്‍ ഒരു അവതരണം ആവശ്യമില്ലായിരുന്നു. മകനാണിപ്പോള്‍ അവിടെ സെക്രട്ടറി. യോഗത്തില്‍ അധ്യക്ഷത വഹിച്ചത് അവതരണമാവശ്യമില്ലാത്ത ആര്‍. രാമചന്ദ്രന്‍ നായരും. സംസാരിക്കേണ്ടത് പ്രൊഫ.എം.ജി. ശശിഭൂഷണ്‍, കെ.പി.സതീശ്കുമാര്‍, ഉപേന്ദ്രന്‍ എന്നിവരും ആയിരുന്നു. പുസ്തകം സ്വീകരിക്കാന്‍ ഈയുള്ളവനും.
പിറ്റേന്ന് മടങ്ങുംവഴിക്കു എന്റെ മാതൃകലാശാലയായ എം.ജി. കോളജ് കാണണം എന്നഭിലഷിച്ചു. അന്നവധിയാകയാല്‍ കോളജിന്റെ വരാന്തകളിലൂടെ നടക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. ഗവര്‍ണര്‍ ജനറല്‍ രാജഗോപാലാചാരി തറക്കല്ലിട്ട, പ്രധാനമന്ത്രി നെഹ്‌റു ഉദ്ഘാടനം ചെയ്ത ആ മഹാസൗധത്തിന്റെ അവസ്ഥ കണ്ടപ്പോള്‍ കെടുകാര്യസ്ഥതയ്‌ക്ക് ഒരു കലാശാലയെ ഏതവസ്ഥയിലെത്തിക്കാമെന്നു വ്യക്തമായി. ദശകങ്ങള്‍ക്കു മുന്‍പ് രാഷ്‌ട്രീയ നേതാവായി. പിന്നീട് വളര്‍ന്ന (?) കോണ്‍ഗ്രസ് നേതാവിന് പരീക്ഷയെഴുതാന്‍ അനുമതി നിഷേധിച്ച പ്രിന്‍സിപ്പാള്‍ എം.പി. മന്മഥനെ പിന്താങ്ങാനല്ല സെനറ്റിലെയും സിന്‍ഡിക്കേറ്റിലെയും എന്‍എസ്എസ് അംഗങ്ങള്‍ തുനിഞ്ഞത്. മന്മഥന്‍ സാര്‍ ആ നിമിഷം സ്ഥാനമൊഴിയുകയായിരുന്നു.
കോളജിനു ചുറ്റുപാടും എല്ലാ വശങ്ങളിലും ഉയര്‍ന്നുനില്‍ക്കുന്ന ബഹുനില കെട്ടിടങ്ങളും കുരിശുപേറുന്ന പള്ളികളും കേരളത്തിന്റെ ഏതു ഭാഗത്തെയും കാഴ്ച തന്നെ. സംസ്ഥാനത്തെ ആദ്യ രാമകൃഷ്ണാശ്രമങ്ങളില്‍ പെടുന്ന വട്ടിയൂര്‍ക്കാവിലെ പുണ്യസ്ഥാനം അദൃശ്യമായിരുന്നു. ഒട്ടേറെ സമ്മിശ്ര സ്മരണകള്‍ ഉള്ളിലൊതുക്കിക്കൊണ്ട് ഞങ്ങള്‍ ആ ‘അല്‍മാ മാറ്ററി’നോട് വിടപറഞ്ഞു, നാട്ടിലേക്കു മടങ്ങി. മകന്‍ അനുവിന്റെ ഒരു മുന്‍ സഹപ്രവര്‍ത്തക ഹേമയുടെ ഭര്‍ത്താവു കൊടുത്തയച്ച ശ്രീപത്മനാഭ സ്വാമിയുടെ പ്രസാദവും ലഭിച്ചു. സ്മരണീയമായ തലസ്ഥാന യാത്ര അങ്ങനെ അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: