Categories: Kerala

എസ്എഫ്‌ഐ തെമ്മാടികള്‍ക്കു മറുപടിയില്ല; സ്വാമി വിവേകാനന്ദനാണ് മാതൃക; ആരെയും എനിക്ക് പേടിയില്ല: ഗവര്‍ണര്‍

Published by

തിരുവനന്തപുരം: എസ്എഫ്‌ഐ തെമ്മാടികള്‍ക്കു മറുപടിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കരിങ്കൊടി കെട്ടിയ വടി കാറിനുനേരെ വലിച്ചെറിഞ്ഞതുകൊണ്ടാണ് താന്‍ പുറത്തിങ്ങിയതെന്ന് ഗവര്‍ണര്‍ പറഞ്ഞു. കാറിനെ ആക്രമിക്കുന്ന പ്രതിഷേധക്കാര്‍ തന്നെ അടിയ്‌ക്കെട്ടെ. സ്വാമി വിവേകാനന്ദനാണ് തന്റെ മാതൃകയെന്നും അതിനാല്‍ ഭയക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

22 പ്രതിഷേധക്കാരെ തടയാന്‍ 100ലധികം പൊലീസുകാരുണ്ടായിരുന്നു. എന്നാല്‍ അവരെ തടയാന്‍ പൊലീസിന് കഴിഞ്ഞില്ല. ജോലി ചെയ്യുന്നതില്‍ പൊലീസുകാര്‍ക്ക് സമ്മര്‍ദ്ദമുണ്ട്. മുഖ്യമന്ത്രി ഇതേ റോഡിലൂടെ പോയാല്‍ ഇങ്ങനെയാണോ പൊലീസ് സുരക്ഷ ഒരുക്കുന്നത്. ഞാന്‍ കേന്ദ്രത്തോട് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. എനിക്ക് 72 വയസുണ്ട്. ആരെയും എനിക്ക് പേടിയില്ല. ഗവര്‍ണര്‍ പറഞ്ഞു

തന്റെ നിയമപരമായ അധികാരത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ല. താനും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മസ്‌കറ്റ് ഹോട്ടലില്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍. അധിക സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ”പൊലീസിനെ വഴിതെറ്റിക്കുന്നത് മുഖ്യമന്ത്രിയാണ്. പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞില്ല.

കേരള പൊലീസ് എന്നത് ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച പൊലീസ് സേനകളില്‍ ഒന്നാണ്. പക്ഷേ, അവരെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ല. കേരളാ പൊലീസിനെ കുറിച്ച് മോശം അഭിപ്രായമില്ല. എന്നാല്‍ അവര്‍ക്കുമേല്‍ രാഷ്‌ട്രീയ സമ്മര്‍ദമുണ്ട്. മുഖ്യമന്ത്രിയുടെ യാത്രയില്‍ പൊലീസിന്റെ നടപടി ഇതാണോ? ഗവര്‍ണര്‍ ചോദിച്ചു.

എന്റെ ജോലി കേന്ദ്രസര്‍ക്കാരിനെ സംസ്ഥാനത്തെ സാഹചര്യം അറിയിക്കലാണ്. എന്നാൽ രാജ്ഭവനാണ് താൻ റോഡരികിൽ ഇരിക്കുന്ന കാര്യം കേന്ദ്രത്തെ അറിയിച്ചത്, താനല്ല. നിലമേലിൽ തന്റെ കാറിന് നേരെ ആക്രമണം ഉണ്ടായിരുന്നു. അതിന് ശേഷമാണ് താൻ പുറത്തിറങ്ങിയത്. താൻ കാറിൽ നിന്ന് ഇറങ്ങിയ ശേഷമാണ് തിരുവനന്തപുരത്ത് പൊലീസ് നടപടിയെടുത്തത്. നിലമേലിലും അതാണ് സംഭവിച്ചത്. മുഖ്യമന്ത്രിയായിരുന്നെങ്കിൽ പൊലീസ് ഇങ്ങനെ ചെയ്യുമായിരുന്നോയെന്ന് ചോദിച്ച ഗവര്‍ണര്‍ ചിലർ അധികാരം കയ്യിൽ വരുമ്പോൾ അവരാണ് എല്ലാം എന്ന് കരുതുന്നുവെന്നും വിമര്‍ശിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by