Categories: Gulf

ഇന്ത്യന്‍ പ്രവാസികള്‍ക്കിത് അഭിമാന നിമിഷം; സൗദിയില്‍ സ്വന്തം ഭൂമിയില്‍ കോണ്‍സുലേറ്റ് മന്ദിരം വരുന്നു

Published by

ജിദ്ദ: പടിഞ്ഞാറന്‍ സൗദി അറേബ്യയിലെ പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഹജ്ജ് കര്‍മങ്ങളിലും പ്രധാന പങ്കുവഹിക്കുന്ന ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന് അഭിമാന നിമിഷം.

കോണ്‍സുലേറ്റിനായി ജിദ്ദയില്‍ സ്വന്തമായി വാങ്ങിയ സ്ഥലത്ത് കെട്ടിട സമുച്ചയ നിര്‍മ്മാണം ഈ വര്‍ഷം ആരംഭിക്കുമെന്ന് കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം അറിയിച്ചു. വൈകാതെ സ്വന്തം കെട്ടിടത്തിലേക്ക് മാറും. നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നും വൈകാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍സുലേറ്റ് അങ്കണത്തില്‍ നടന്ന റിപബ്ലിക് ദിനാഘോഷ പരിപാടിക്കിടെ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കോണ്‍സുലേറ്റ് നിര്‍മാണത്തിനായി മദീന റോഡില്‍ തുര്‍ക്കി കോണ്‍സുലേറ്റിനടുത്തായാണ് സ്ഥലം വാങ്ങിയിരുന്നത്. ഇവിടെ നിര്‍മിക്കുന്ന കെട്ടിടത്തില്‍ വലിയ ഓഡിറ്റോറിയം ഉള്‍പ്പെടെ വിപുലമായ സൗകര്യമുണ്ടാവുമെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞു.

വളരെ പഴക്കംചെന്ന കെട്ടിടത്തിലാണ് നിലവില്‍ കോണ്‍സുലേറ്റ് പ്രവര്‍ത്തിക്കുന്നത്. ചെറിയ അങ്കണവും പരിമിതികള്‍ നിറഞ്ഞ ഓഡിറ്റോറിയവുമാണ് ഇവിടെയുള്ളത്. നഗരത്തില്‍ നിന്ന് അല്‍പം മാറിയതിനാല്‍ എത്തിപ്പെടാനുള്ള പ്രയാസവുമുണ്ട്. സ്വന്തമായി കെട്ടിടമെന്ന ഇന്ത്യന്‍ സമൂഹത്തിന്റെ ദീര്‍ഘകാലമായുള്ള ആഗ്രഹമാണ് സഫലീകരിക്കാന്‍ പോകുന്നത്.

ഇന്ത്യയുടെ 75ാമത് റിപബ്ലിക് സുദിനത്തില്‍ സൗദി അറേബ്യയില്‍ താമസിക്കുന്ന എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്ക് കോണ്‍സല്‍ ജനറല്‍ ഹൃദ്യമായ ആശംസകള്‍ അറിയിച്ചു. രാവിലെ കോണ്‍സുലേറ്റ് അങ്കണത്തില്‍ നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങോടെയാണ് റിപബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായത്. ഇന്ത്യന്‍ രാഷ്‌ട്രപതി ദ്രൗപതി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ സന്ദേശം കോണ്‍സുല്‍ ജനറല്‍ സദസില്‍ വായിച്ചു.

ചരിത്രത്തിലാദ്യമായി ഇത്തവണ സൗദി ഹജ് മന്ത്രി ഇന്ത്യ സന്ദര്‍ശിച്ച് ഹജ് നടപടിക്രങ്ങള്‍ വിലയിരുത്തിയത് കോണ്‍സുലേറ്റിന്റെ ഏക്കാലത്തേയും വലിയ നേട്ടങ്ങളിലൊന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വര്‍ഷത്തെ ഹജിനുള്ള ഒരുക്കങ്ങള്‍ അതിവേഗം നടന്നുവരികയാണ്. ന്യൂനപക്ഷ കാര്യ മന്ത്രി സ്മൃതി ഇറാനിയും വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ജിദ്ദയിലെത്തിയാണ് ഹജ് കരാര്‍ ഒപ്പുവെച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഹജ് വിജയകരമായി നടത്തുന്നതിന് സഹായിച്ച പ്രവാസി വോളന്റിയര്‍മാരെയും അതിനു നേതൃത്വം നല്‍കിയ സംഘടനാ നേതാക്കളെയും കോണ്‍സല്‍ ജനറല്‍ അഭിനന്ദിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by