കൊല്ലം: ഗവര്‍ണറുടെ മാനസിക വിഭ്രാന്തിയാണ് കൊല്ലത്ത് കണ്ടതെന്നും ചാന്‍സലര്‍ക്കെതിരെ എസ്എഫ്ഐ ജനാധിപത്യപരമായാണ് സമരം ചെയ്തതെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. ജനാധിപത്യ സമരത്തെ അവഹേളിക്കുകയാണ് ഗവര്‍ണര്‍ ചെയ്തതെന്ന് ആര്‍ഷോ കുറ്റപ്പെടുത്തി.
ഗവര്‍ണര്‍ പ്രവര്‍ത്തകര്‍ക്കുനേരെ പാഞ്ഞടുത്തപ്പോഴും എസ്എഫ്ഐക്കാര്‍ സംയമനം പാലിച്ചു- ആര്‍ഷോ പറഞ്ഞു. സമാധാനപരമായി സമരം ചെയ്യാന്‍ ഓരോ പൗരനും അവകാശമുണ്ട്. സമരങ്ങളിലൂടെ നേടിയെടുത്തതാണ് അവകാശങ്ങളൊക്കെ. എസ്എഫ്ഐ പ്രവര്‍ത്തകരെ പരമാവധി പ്രകോപിപ്പിച്ച് അക്രമസംഭവങ്ങള്‍ ഉണ്ടാക്കാനാണ് ഗവര്‍ണറുടെ ഉദ്ദേശം. ഇത്തരം പൊറാട്ട് നാടകങ്ങളെ പൊതുസമൂഹം തള്ളിക്കളയണമെന്നും പി എം ആര്‍ഷോ ആവശ്യപ്പെട്ടു.
കൊല്ലത്തുവച്ച് ഗവര്‍ണറെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചപ്പോഴാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. പ്രതിഷേധത്തിനിടെ കാറില്‍ നിന്നിറങ്ങിയ ഗവര്‍ണര്‍, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കു നേരേ ക്ഷുഭിതനായി . പൊലീസിനെ രൂക്ഷമായി ശകാരിച്ച ശേഷം ഗവര്‍ണര്‍ റോഡിനു സമീപത്തെ ചായക്കടയുടെ മുന്നില്‍ കസേരിയിട്ടിരുന്ന് പ്രതിഷേധിച്ചു. പിന്നാലെ പ്രതിഷേധിച്ച എസ് എഫ് ഐക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തതോടെയാണ് ഗവര്‍ണര്‍ സമരം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: