Categories: News

ഇനി എസ് എഫ്ഐയ്‌ക്കാരും ഡിവൈഎഫ്ഐയും എന്തു ചെയ്യും? കേരള ഗവര്‍ണര്‍ക്ക് കേന്ദ്ര സുരക്ഷ; സിആര്‍പിഎഫ് ഇസെഡ് പ്ലസ് സുരക്ഷ നല്‍കും

Published by

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേന്ദ്രസര്‍ക്കാര്‍ സിആര്‍പിഎഫ് ഇസെഡ് പ്ലസ് സുരക്ഷ നല്‍കാന്‍ ഉത്തരവായി. കേരള പൊലീസ് നല്‍കുന്ന സംരക്ഷണം പോരെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഗവര്‍ണര്‍ക്ക് മാത്രമല്ല, രാജ് ഭവനും സിആര്‍പിഎഫ് സുരക്ഷ നല‍്കും. ഇനി ഗവര്‍ണര്‍ പോകുന്ന ഇടങ്ങളിലെല്ലാം സിആര്‍പിഎഫ് ആണ് സുരക്ഷ ഒരുക്കുക.

ഇക്കാര്യം ഗവര്‍ണര്‍ തന്നെ സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ചിരുന്നു. പക്ഷെ എന്ന് മുതലാണ് സുരക്ഷ നല്‍കുക എന്ന കാര്യം വ്യക്തമാല്ല.

ശനിയാഴ്ച ഗവര്‍ണര്‍ക്കെതിരെ കൊല്ലത്ത് എസ് എഫ്ഐക്കാര്‍ നടത്തിയ പ്രതിഷേധം ഗവര്‍ണറുടെ സുരക്ഷയെകൂട്ടി ബാധിക്കുന്ന തരത്തില്‍ വളര്‍ന്നിരുന്നു. എസ് എഫ്ഐക്കാര്‍ പാഞ്ഞടുത്തിട്ടും കേരള പൊലീസ് കയ്യും കെട്ടി നോക്കി നില്‍ക്കുന്ന സ്ഥിതിവിശേഷമായിരുന്നു എന്ന് വിമര്‍ശനമുണ്ട്. ഈ ഘട്ടത്തില്‍ ഗവര്‍ണര്‍ തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രിയെ വിളിച്ച് താന്‍ നേരിടേണ്ടി വരുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് ധരിപ്പിച്ചിരുന്നു. ഇതോടെയാണ് കേരളപൊലീസിന്റെ സുരക്ഷ വേണ്ട, പകരം സിആര്‍പിഎഫ് സുരക്ഷ മതിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിക്കുകയായിരുന്നു.

കൊല്ലം നിലമേലില്‍ ശനിയാഴ്ച എസ് എഫ് ഐ നടത്തിയ അഴിഞ്ഞാട്ടം മാത്രമല്ല, ഡിസംബര്‍ 11ന് ഗവര്‍ണര്‍ എയര്‍പോര്‍ട്ടിലേക്ക് പോകുമ്പോഴും ഗവര്‍ണറെ തടഞ്ഞിരുന്നു. അതുപോലെ കോഴിക്കോടും ഗവര്‍ണര്‍ക്ക് വലിയ പ്രതിഷേധം നേരിടേണ്ടിവന്നിരുന്നു.

കഴിഞ്ഞ കുറച്ചു നാളുകളായി ഗവര്‍ണര്‍ക്കെതിരെ എസ് എഫ് ഐയും ഡിവൈഎഫ് ഐയും പ്രതിഷേധിക്കുന്നുണ്ടായിരുന്നു. പിണറായി സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ എടുക്കുന്ന ശക്തമായ തീരുമാനങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു. ഇതിനെതിരായ പ്രതികാരം എന്ന നിലയിലാണ് ഇടത് പക്ഷം ഭരിയ്‌ക്കുന്ന സര്‍ക്കാര്‍ അവരുടെ യുവജന-വിദ്യാര്‍ത്ഥി വിഭാഗങ്ങളെ ഗവര്‍ണറെ ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കളത്തിലിറക്കിയിരുന്നത്.

ഇതോടെയാണ് കേന്ദ്രം തന്നെ ഗവര്‍ണര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഗവര്‍ണറുടെ ജീവന് ഭീഷണിയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by