Categories: Kerala

പ്രധാനമന്ത്രിയുമായി സംവദിക്കാന്‍ ദേവദത്ത്

Published by

ശാസ്താംകോട്ട: പോരുവഴി എന്ന കൊച്ചു ഗ്രാമത്തിന്റെ അഭിമാനമായി മാറിയ വി.ആര്‍. ദേവദത്ത് പ്രധാനമന്ത്രിയുമായി സംവദിക്കാന്‍ കഴിഞ്ഞദിവസം ദല്‍ഹിക്ക് വിമാനം കയറി. പരീക്ഷ പേ ചര്‍ച്ച-2024നോടനുബന്ധിച്ച് ജനുവരി 24 മുതല്‍ 29 വരെ ദല്‍ഹിയില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കാനും പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനും റിപ്പബ്ലിക്ക് ദിനപരേഡില്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കാനുമുള്ള അവസരമാണ് പോരുവഴി ഗവ എച്ച്എസ്എസിലെ വി.ആര്‍.ദേവദത്തിന് ലഭിച്ചത്.

പോരുവഴി നടുവിലേമുറി ദേവദത്തത്തില്‍ രഘുനാഥിന്റെ യും സാഹിത്യകാരി ദീപിക രഘുനാഥിന്റെയും മകനാണ് ദേവദത്ത്. ക്വിസ് മത്സരങ്ങളില്‍ ദേവദത്ത് നിരവധി തവണയാണ് കഴിവ് തെളിയിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് നിന്നും 24ന് ദേവദത്ത് ദല്‍ഹിക്ക് വിമാനം കയറിയത്.

ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത അഞ്ചാലുംമൂട്ടില്‍ നിന്നുള്ള വിദ്യാര്‍ഥിനി നിവേദിത ബൈജുവും സംഘത്തില്‍ ഉണ്ട്. എസ്എസ്എ കോഡിനേറ്റര്‍ക്ക് വേണ്ടി കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയായ ജയശ്രീയാണ് സര്‍ക്കാര്‍ പ്രതിനിധിയായി ഇവരെ ദല്‍ഹിക്ക് കൊണ്ടുപോകുന്നത്.

ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ മുന്‍പന്തിയില്‍ എത്തിയത് വഴിയാണ് പ്രധാനമന്ത്രിയുമായി സംവദിക്കാനുള്ള അവസരം ദേവദത്തിന് കിട്ടിയത്. കേന്ദ്ര സര്‍ക്കാര്‍ മുഴുവന്‍ ചെലവും വഹിച്ചാണ് ഈ പരിപാടിയിലേക്ക് കുട്ടികളെ എത്തിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by