വീടുവയ്‌ക്കുന്നതിന് സ്ഥാനനിര്‍ണ്ണയത്തിന്റെ പ്രാധാന്യമെന്ത്?
വീടുവയ്‌ക്കുവാന്‍ ധാരാളം സ്ഥലമുണ്ടെങ്കില്‍ അവിടെ ഉത്തമസ്ഥാനം കണ്ടെത്തി വീടുവയ്‌ക്കുവാനാകും. എന്നാല്‍ നാലും അഞ്ചും സെന്റ് സ്ഥലം വാങ്ങി വീടുവയ്‌ക്കുന്നവര്‍ക്ക് അത് സാധിക്കില്ല.
വീട്ടിലെ പൂജാമുറി ക്ഷേത്രത്തിന്റെ ആകൃതിയിലും ക്ഷേത്രവാതിലിന്റെ അളവിലും നിര്‍മ്മിക്കുന്നത് ശരിയാണോ?
ഇപ്പോള്‍, ഇത്തരത്തില്‍ തെറ്റായൊരു പ്രവണത കണ്ടുവരുന്നു. ഒരു വലിയ വീട് പണിയുമ്പോള്‍ വീട്ടിനകത്ത് ക്ഷേത്രമാതൃകയില്‍ രൂപകല്പന ചെയ്ത ഒരു മുറി പൂജാമുറിയായി ചെയ്യുന്നുണ്ട്. ഇതൊട്ടും ശരിയല്ല. ക്ഷേത്രത്തില്‍ ദേവനാണ് പ്രാധാന്യം. ഗൃഹത്തില്‍ മനുഷ്യനും. ഇത് മനസ്സിലാക്കണം. ഗൃഹത്തില്‍ ലൗകികമായ അന്തരീക്ഷത്തില്‍ കഴിഞ്ഞുകൂടുന്ന മനുഷ്യര്‍ക്ക് ഒരമ്പലത്തിന്റെ പരിശുദ്ധിയും അവിടുത്തെ അന്തരീക്ഷവും ഒരിക്കലും ഉണ്ടാകാറില്ല. ഇത് സത്യമാണ്. വീട്ടില്‍ അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്തി വേണം പൂജാമുറി പണിയേണ്ടത്. വാതിലിന് ക്ഷേത്രവാതിലിന്റെ അളവുകളും കാര്യങ്ങളും കൊടുക്കുവാന്‍ പാടില്ല. സാധാരണ മറ്റ് മുറിക്ക് ഉപയോഗിക്കുന്ന ചെറിയൊരു വാതില്‍ ധാരാളം മതി. പടങ്ങളെല്ലാം പടിഞ്ഞാറോട്ടും നമ്മള്‍ തൊഴുന്നത് കിഴക്കോട്ടും ആയിരിക്കണം. കിഴക്കോട്ടും പടിഞ്ഞാറോട്ടും തീനാളം വരുന്ന വിധം വിളക്ക് കത്തിക്കണം. സന്ധ്യാസമയത്ത് പൂജാമുറിയില്‍ വിളക്ക് കത്തിച്ചശേഷം ലക്ഷ്മിവിളക്ക് കത്തിച്ച് ഒരു തട്ടത്തില്‍ വച്ച് വീടിന്റെ മുന്‍വശത്തെ വാതിലിന്റെ നടയില്‍ വയ്‌ക്കുക. ഇതില്‍ അല്പം നെയ്യൊഴിച്ച് കത്തിക്കുന്നത് സര്‍വ്വഐശ്വര്യപ്രദമാണ്. പെണ്‍കുട്ടികള്‍ ഉള്ള വീടുകളില്‍ ഇത് സ്ഥിരമായി ചെയ്താല്‍ ഭാവിയില്‍ ഒരു ഉത്തമവരനെ കിട്ടുന്നതിനും സഹായകമായിരിക്കുമെന്നാണ് വിശ്വാസം.
വീടിനകത്ത് ഫര്‍ണിച്ചറുകള്‍ ക്രമീകരിക്കുന്നത് എപ്രകാരമാണ്? മരണപ്പെട്ടവരുടെ ഫോട്ടോകള്‍ വീടിന് മുന്നില്‍ സ്ഥാപിക്കാമോ?
വീടിന്റെ പൂമുഖവാതിലിനു നേരെ ഫര്‍ണിച്ചറുകള്‍ ചേര്‍ത്ത് ഇടുന്നത് ദോഷമാണ്. വലിയ ഹാള്‍ ഉണ്ടെങ്കില്‍ വീടിന്റെ മദ്ധ്യഭാഗം അടച്ച് ഭാരമുള്ള ഫര്‍ണിച്ചറുകള്‍ ഇടരുത്. ഇവയെ സ്വീകരണ മുറിയില്‍ തെക്ക് ഭാഗത്ത് ക്രമീകരിക്കുക. അല്ലാത്ത സെറ്റി സെറ്റുകള്‍ കിഴക്കോട്ടം പടിഞ്ഞാറോട്ടും നോക്കിയിരിക്കത്തക്ക രീതിയില്‍ ക്രമീകരിക്കുക. ബിസിനസ്സുകാര്‍ അവരുടെ ഇരിപ്പിടം തെക്കോട്ടു നോക്കിയിരിക്കത്തക്ക വിധത്തില്‍ ക്രമീകരിക്കണം. തീന്‍മേശ, സൂര്യകിരണങ്ങള്‍ കടന്നുവരുന്ന ഭാഗത്ത് ക്രമീകരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ബെഡ്‌റൂമില്‍ കട്ടിലുകള്‍ തെക്കോട്ട് തലവച്ച് കിടക്കുന്ന രീതിയിലും കിഴക്കോട്ട് തലവച്ച് കിടക്കുന്ന രീതിയിലും ക്രമീകരിക്കുക. വീടിന്റെ അലമാരകളെല്ലാം തന്നെ കഴിയുന്നതും വടക്കോട്ട് നോക്കിയിരിക്കത്തക്ക വിധത്തില്‍ ആയിരിക്കണം. അല്ലെങ്കില്‍ കിഴക്കോട്ട് ആയിരിക്കണം. മരണപ്പെട്ടവരുടെ പടങ്ങള്‍ വീട്ടില്‍ വന്ന് കയറുമ്പോള്‍ നേരേ അഭിമുഖമായി വയ്‌ക്കുന്നത് നല്ലതല്ല. പൂജാമുറിയില്‍ ഒരു കാരണവശാലും മരണപ്പെട്ടവരുടെ ചിത്രങ്ങള്‍ വയ്‌ക്കുവാന്‍ പാടില്ല. ഇവരുടെ ചിത്രങ്ങള്‍ക്ക് സ്ഥാനം ഡ്രായിംഗ് ഹാളില്‍ തെക്കേ ചുവരാണ്.
വാസ്തുദോഷ പരിഹാരം എത്രത്തോളം ഫലപ്രദമാണ്?
പ്രകൃതി വിരുദ്ധമായി വീട് പണിഞ്ഞാല്‍ വാസ്തുദോഷം സംഭവിക്കുമെന്നത് തീര്‍ച്ചയാണ്. വലിയ വീടായാലും ചെറിയ വീടായാലും അതാത് സ്ഥലത്തിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിലേ ഗൃഹങ്ങള്‍ നിര്‍മ്മിക്കാവൂ. അതിന് വിരുദ്ധമായി നിര്‍മ്മിച്ചാല്‍ 50 ശതമാനമേ പരിഹാരം കൊണ്ട് മാറ്റിയെടുക്കാനാകൂ. വാസ്തുതത്ത്വങ്ങള്‍ അനുസരിച്ച് ഒരു വീട് പണിഞ്ഞാലും വാസ്തു ദോഷമുള്ള ഭൂമിയാണെങ്കില്‍ അതില്‍ വസിക്കുന്നവര്‍ക്ക് ദോഷങ്ങളുണ്ടാകും. അതിനാല്‍ ഒരു ഗൃഹം പണിയും മുമ്പായി ഭൂമിയെ സംബന്ധിച്ച് പഠിക്കുന്നത് നല്ലതാണ്. അനുയോജ്യമായ ഭൂമിയില്‍ വാസ്തുദോഷവിരുദ്ധമായി ഒരു ഗൃഹം പണിഞ്ഞാല്‍ അത് പരിപൂര്‍ണമായി പരിഹരിക്കാനാകും.
വീടുവയ്‌ക്കാനുള്ള ഭൂമി എങ്ങനെയുള്ളതായിരിക്കണം?
രാവിലത്തെ സൂര്യകിരണങ്ങള്‍ പതിയുന്ന ഭൂമി. കിഴക്കോട്ടോ വടക്കോട്ടോ അല്പമെങ്കിലും ചരിവുള്ളതാണ് കൂടുതല്‍ നല്ലത്. എല്ലാത്തരം സസ്യങ്ങളും വളരുന്നതും ജലം ലഭിക്കുന്നതും ഇളം കാറ്റ് വീശുന്നതമായ ഭൂമിയും ഉത്തമമാണ്. പക്ഷികളും മറ്റ് ജീവികളുമുള്ള സ്ഥലവും വീടു വയ്‌ക്കാന്‍ ഉത്തമമാണ്.
കുറ്റിയടിക്കുവാന്‍ സമയം കുറിക്കണോ? കല്ല് ഇടേണ്ട ദിശയേതാണ്?
കല്ലിടുന്നതിന് സമയം കുറിക്കുകയും തെക്കുപടിഞ്ഞാറ് കന്നി മൂല ഭാഗത്ത് ശിലാസ്ഥാപനം നടത്തുകയും വേണം.
കല്ലിടുമ്പോഴാണോ വാസ്തുപൂജ നടത്തേണ്ടത്? വാസ്തു
പൂജയും ഭൂമിപൂജയും ഒന്നാണോ?
വാസ്തുപൂജയും ഭൂമിപൂജയും ഒന്നുതന്നെയാണ്. ശിലാസ്ഥാപനം നടത്തുന്നതിനുമുമ്പ് ഇത് ചെയ്യണം. വാസ്തുബലി ചെയ്യേണ്ടത് രാത്രിയാണ്.
ആരുടെ നക്ഷത്രമാണ് ഗൃഹനിര്‍മ്മാണത്തിന് പരിഗണിക്കുന്നത്?
ഗൃഹനാഥയുടെ നക്ഷത്രമാണ് ഗൃഹനിര്‍മാണത്തിന് പരിഗണിക്കേണ്ടത്.
കന്നിമൂലയുടെ പ്രാധാന്യമെന്താണ്?
കന്നിമൂല എന്ന് പറയുന്നത് വാസ്തുദേവന്റെ പാദം വരുന്ന ഭാഗമാണ്. ഇത് സ്ഥിരവാസ്തുവായി കണക്കാക്കാവുന്നതാണ്. ഈ ദിക്കിന്റെ ദേവന്‍ നിരതനാണ്. ഇവിടെ സ്വാധീനിക്കുന്ന ഗ്രഹം രാഹുവാണ്. ഇത് പവിത്രമായ സ്ഥാനമായി കണക്കെടുക്കുന്നു.
കോണുകളുള്ള സ്ഥലത്ത് എങ്ങനെയാണ് വീട് വയ്‌ക്കുന്നത്?
ഏത് ആകൃതിയില്‍ കിടക്കുന്ന ഭൂമിയായാലും ഒന്നുകില്‍ സമചതുരമാക്കണം അല്ലെങ്കില്‍ ദീര്‍ഘചതുരമാക്കണം. അതിനുശേഷമേ വീട് പണിയാവൂ.
കന്നിമൂല ഉയര്‍ന്ന് കിടക്കണമെന്ന് പറയുന്നത് എന്തുകൊണ്ടാണ്?
വടക്കുകിഴക്കേ മൂലയില്‍ നിന്ന് വരുന്ന ഊര്‍ജപ്രവാഹം തെക്ക് ഭാഗത്തേക്ക് തള്ളപ്പെടുകയും അവിടെനിന്ന് അവ വീടിനുള്ളിലേക്ക് കടക്കുകയുമാണ് ചെയ്യുന്നത്. അതിനാല്‍ ഈ ഭാഗം താഴ്ന്നുനിന്നാല്‍ ഊര്‍ജപ്രവാഹം പുറത്തേക്കായിരിക്കും പോകുന്നത്. ഈ ഭാഗം അല്പമെങ്കിലും ഉയര്‍ന്നുനിന്നാല്‍ അകത്തേക്കു തന്നെ ഊര്‍ജപ്രവാഹമുണ്ടാകും.
(വാസ്തുശാസ്ത്രവിദഗ്ധനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ‘സ്ഥപതി’യുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: