കോട്ടയം: ക്ഷേത്രകലകളെ പ്രോത്സാഹിപ്പിക്കുക, സാമ്പത്തിക പരാധീനത അനുഭവിക്കുന്ന ക്ഷേത്രങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയിലെ മലയാളി ഹിന്ദുസംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ‘പ്രസാദം” പദ്ധതി നടപ്പിലാക്കിവരുന്നതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 60 വയസ്സുകഴിഞ്ഞ നിര്‍ധനരായ അമ്മമാര്‍ക്ക് നല്കുന്ന ‘അമ്മകൈനീട്ടം’ കേരളത്തിലെ മിടുക്കരായ കുട്ടികള്‍ക്ക് നല്കുന്ന വിദ്യാഭ്യാസ സ്ക്കോളര്‍ഷിപ്പ് എന്നിവ കൂടുതല്‍ പേര്‍ക്ക് നല്‍കുമെന്നും കെഎച്ച്എന്‍എ ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ഗോപിനാഥക്കുറുപ്പ്, മുന്‍ ചെയര്മാന് ഡോ രാംദാസ് പിള്ള എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സനാതനധര്‍മ്മത്തിന്റെ മൂല്യങ്ങള്‍ രചനകളിലൂടെ ഉയര്ത്തിപ്പിടിക്കുന്നവര്ക്കുള്ള ആര്‍ഷദര്‍ശന പുരസ്ക്കാരം തുടര്‍ന്നും നല്‍കും. അക്കിത്തം, സി രാധാകൃഷ്ണന്, ശ്രീകുമാരന്‍ തമ്പി എന്നിവര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ പുരസ്ക്കാരം നല്‍കിയത്. ‘മംഗല്യ സൂത്ര’ എന്ന പേരില്‍ നടപ്പിലാക്കിവരുന്ന വൈവാഹിക പദ്ധതതിക്ക് മികച്ച പ്രതികരണമാണന്നും ഇരുവരും പറഞ്ഞു.
കെഎച്ച്എന്‍എ യുടെ രജതജൂബിലി കണ്വന്ഷന് 2025 ല്‍ ന്യൂയോര്‍ക്കില്‍ ‘വിരാട് ‘ എന്നപേരിലാണ് സംഘടിപ്പിക്കുന്നത്. ഡോ നിഷ പിള്ള പ്രഡിഡന്റായ ഡയറക്ടര്‍ ബോര്‍ഡാണ് കണ്വന്ഷന് ചുക്കാന്‍ പിടിക്കുന്നത്.ചിതറിക്കിടക്കുന്ന അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ കൂട്ടായ്മ എന്ന സ്വപ്നം പൂവണിഞ്ഞത് 2001ല്‍ ഡാളസില്‍ ദേശീയ കണ്വന്ഷന് നടത്തിയതോടെയാണ്.. അന്നുമുതല്‍ രണ്ടു വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന കണ്വന്ഷന് ഏറെ ശ്രദ്ധനേടിയിരുന്നു. നവംബറില്‍ ഹൂസ്റ്റണില്‍ നടന്ന കണ്വന്ഷന് പങ്കാളിത്തംകൊണ്ടും പരിപാടികളുടെ മികവുകൊണ്ടും മുന്നിട്ടുനിന്നിരുന്നു.
അമേരിക്കയിലെ ഹിന്ദുക്കളുടെ സാംസ്കാരികവും മതപരവുമായ ഉന്നമനം, കേരള പാരമ്പര്യവും സംസ്കാരവും യുവതലമുറയില്‍ നിലനിര്‍ത്തല്‍, വ്യാവസായിക സാമൂഹിക രംഗത്ത് പരസ്പര സഹകരണം കെട്ടിപ്പടുക്കല്‍, ശക്തമായ ഒരു ആത്മീയ നേതൃത്വം വളര്‍ത്തിയെടുക്കല്‍, മാനവസേവ മാധവസേവ എന്ന സനാതനതത്വം പ്രാവര്‍ത്തികമാക്കല്‍ തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യത്തിലൂടെയാണ് കെഎച്ച്എന്‍എ മുന്നോട്ടു പോകുന്നത് ഗോപിനാഥക്കുറുപ്പും ഡോ രാംദാസ് പിള്ളയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: