ന്യൂദല്‍ഹി: കടമെടുപ്പു പരിധിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നാരോപിച്ച് കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിക്കെതിരേ കടുത്ത വിമര്‍ശനവുമായി കേന്ദ്രം സുപ്രീം കോടതിയില്‍. ധനകാര്യ നിര്‍വഹണത്തിലെ പരാജയം മറയ്ക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമെന്നും അറ്റോര്‍ണി ജനറല്‍ ആര്. വെങ്കിട്ടരമണി കുറ്റപ്പെടുത്തി.
പെന്‍ഷനും മറ്റും നല്കാന് അടിയന്തരമായി കടമെടുക്കാന്‍ അനുവാദിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്യൂട്ട് ഹര്‍ജി നല്‍കിയിരുന്നു. ഇതിന്മേലുള്ള വാദത്തിലാണ് കേന്ദ്രം നിലപാടു വ്യക്തമാക്കിയത്. രാജ്യത്തെ മറ്റു സംസ്ഥാന സര്‍ക്കാരുകള്‍ക്കൊന്നും കേന്ദ്ര സര്‍ക്കാര്‍ നടപടികളില്‍ പ്രശ്നങ്ങളില്ല. ദേശീയ സാമ്പത്തിക നയമനുസരിച്ചാണ് കേന്ദ്ര തീരുമാനങ്ങളെന്നും എജി അറിയിച്ചു. കേസില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഫെബ്രുവരി 13ലേക്കു മാറ്റി.
മാര്‍ച്ച് അവസാനത്തോടെ വലിയ തോതില്‍ പെന്ഷന്, ശമ്പള കുടിശ്ശികകള്‍ നല്‍കേണ്ടി വരുമെന്നും കൂടുതല്‍ കടമെടുക്കാന്‍ അനുമതി വേണമെന്നുമാണ് കേരള സര്‍ക്കാരിന്റെ ആവശ്യം. ബജറ്റ് അവതരിപ്പിക്കാനിരിക്കേ കടമെടുപ്പു വിഷയത്തില്‍ തീരുമാനം ഉടന്‍ വേണമെന്നും കേരളത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ വാദിച്ചു. മാര്‍ച്ച് 31നു മുമ്പായി പിഎഫിലേക്ക് അടക്കം പണം അടയ്ക്കേണ്ടതുണ്ട്. പെന്‍ഷനും ശമ്പളവും കൊടുക്കണം. ഫെബ്രുവരി ആദ്യവാരം സംസ്ഥാന ബജറ്റ് അവതരിപ്പിക്കണം. അതിനാല്‍ത്തന്നെ കടമെടുപ്പു പരിധിക്കാര്യത്തില് തീരുമാനമുടന്‍ വേണം. എങ്കിലേ അതനുസരിച്ചു ബജറ്റ് തയാറാക്കാനാകൂ എന്നും സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ കടമെടുപ്പു പരിധിയും ബജറ്റും തമ്മില്‍ ബന്ധമില്ലെന്ന് എജി അഭിപ്രായപ്പെട്ടു. ഇതോടെ ബജറ്റിനു ശേഷം കേസ് പരിഗണിക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: