കൊച്ചി: മസാല ബോണ്ട് കേസില്‍ ഇ ഡി സമന്‍സിനെ എല്ലാവരും ഭയക്കുന്നതെന്തിനെന്ന് ഹൈക്കോടതി.
പ്രാഥമിക വിവര ശേഖരണത്തിനാണ് രേഖകള്‍ ആവശ്യപ്പെട്ടത്. അതിനോടു പ്രതികരിക്കുകയല്ല വേണ്ടത്. അന്വേഷണത്തില്‍ ഇടപെടില്ല, ഇ ഡി സമന്‍സിനു കിഫ്ബി മറുപടി നല്കണം, കോടതി തുടര്‍ന്നു. മസാല ബോണ്ട് കേസില്‍ ഇ ഡി സമന്‍സ് ചോദ്യം ചെയ്ത് കിഫ്ബി സിഇഒ കെ.എം. ഏബ്രഹാം നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. നൂറിലധികം ഫെമ കേസ് ഇ ഡി അന്വേഷിക്കുന്നുണ്ട്. കിഫ്ബി ഉദ്യോഗസ്ഥര്‍ മാത്രമാണ് സഹകരിക്കാത്തത്, ഇ ഡി വിശദീകരിച്ചു. എന്നാല്‍ ആവശ്യപ്പെട്ട വിവരങ്ങളെല്ലാം നല്കിയിട്ടും ആറു തവണ സമന്‍സ് അയച്ച്, തുടര്‍ച്ചയായി വിളിപ്പിച്ച്, ഉദ്യോഗസ്ഥരെ ഇ ഡി ഉപദ്രവിക്കുകയാണെന്ന് കിഫ്ബി സിഇഒ കോടതിയെ അറിയിച്ചു. മസാല ബോണ്ട് കേസില്‍ ഇ ഡി സമന്‍സിനു മറുപടി നല്കാന്‍ കിഫ്ബിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. കേസ് ഫെബ്രുവരി ഒന്നിനു വീണ്ടും ഹൈക്കോടതി പരിഗണിക്കും.
ഇ ഡിയുടെ നോട്ടീസില്‍ കിഫ്ബിയോ താനോ ചെയ്ത ഫെമ ലംഘനമെന്തെന്ന് നിര്‍വചിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇ ഡി സമന്‍സുകള്‍ നിയമ വിരുദ്ധമാണ്. കുറ്റമെന്തെന്നു വ്യക്തമാക്കാത്ത അന്വേഷണം ഇ ഡിയുടെ അധികാര പരിധിക്കു പുറത്താണ്, മുന്‍മന്ത്രി തോമസ് ഐസക് വാദിച്ചു. കിഫ്ബിക്കു പണ സമാഹരണത്തിന് വിദേശ ഫണ്ട് സ്വീകരിച്ചതിലടക്കം കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാണ് ഐസക്കിന്റെ പേരിലുള്ള ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: