കൊച്ചി: പിണറായി സര്‍ക്കാരിന്റെ അപദാനങ്ങള്‍ ഒഴിവാക്കി നയപ്രഖ്യാപനപ്രസംഗം നടത്തിയ സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഭരണഘടന ബാധ്യതയോടൊപ്പം ജനങ്ങളോടുള്ള കടമയും നിര്‍വഹിച്ചിരിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ സര്‍വനാശത്തിലേക്ക് നയിച്ച സര്‍ക്കാരാണ് പിണറായി വിജയന്റേത്. സാമൂഹിക ക്ഷേമ പെന്ഷന് പോലും അഞ്ചാറ് മാസങ്ങളായി ലഭിക്കാതെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം പ്രതിദിനം വര്‍ധിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപനം അസംബന്ധമെന്നും കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.
ഗവര്‍ണര്‍ നിയമസഭയെ അവഹേളിച്ചു എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആക്ഷേപം. പ്രതിപക്ഷനേതാവ് പതിവു പോലെ സിപിഎം നേതാക്കള്‍ക്ക് ഓശാന പാടുകയാണ്, അദ്ദേഹം കുറ്റപ്പെടുത്തി. ഇടതു-വലതു മുന്നണികളെക്കുറിച്ചുള്ള ജനങ്ങളുടെ പ്രതിഷേധം ശക്തമാകുകയാണ്. എം.ടി. വാസുദേവന്‍ നായര്‍, എം. മുകുന്ദന് തുടങ്ങിയ സാഹിത്യകാരന്മാര് പരസ്യമായി എതിര്‍പ്പു പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള പിന്തുണ വര്‍ധിക്കുന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനങ്ങളില്‍ ഉണ്ടായ വന്‍ ജനാവലിയെന്ന് കൃഷ്ണദാസ് ചൂണ്ടിക്കാട്ടി. മോദി ഗ്യാരന്റിയില്‍ കേരളത്തില്‍ എന്‍ഡിഎ നേതൃത്വം നല്കുന്ന ബദല്‍ രാഷ്ട്രീയം ശക്തിപ്പെടുത്താന്‍ എന്‍ഡിഎ ചെയര്‍മാനും ബിജെപി സംസ്ഥാന പ്രസിഡന്റുമായ കെ. സുരേന്ദ്രന് നയിക്കുന്ന കേരള പദയാത്ര നാളെ കാസര്‍കോട് നിന്ന് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, ജില്ലാ ജനറല്‍ സെക്രട്ടറി എസ്. സജി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: