മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ ഭാരത താരം രോഹന് ബൊപ്പണ്ണ ഉള്‍പ്പെട്ട സഖ്യം ഫൈനലില്‍. ചൈനീസ്-ചെക്ക് സഖ്യത്തെ തോല്‍പ്പിച്ചാണ് ഭാരതത്തിന്റെ ബൊപ്പണ്ണയും ഓസ്ട്രേലിയക്കാരന് മാത്യു എബ്ഡെനും മുന്നേറിയത്. നാളെ നടക്കുന്ന ഫൈനലില്‍ ഇറ്റാലിയന്‍ സഖ്യതാരങ്ങളായ ആന്‍ഡ്രിയ വവസോറിയും സിമിയോന് ബോളേല്ലിയും ആണ് ഇന്തോ-ഓസ്ട്രേലിയന്‍ സഖ്യത്തിന്റെ എതിരാളി.
ചൈനയുടെ ചാങ് ചിചെന്‍- ചെക്ക് റിപ്പബ്ലിക്കിന്റെ ടോമസ് മക്കാസ് ചേര്‍ന്ന സഖ്യത്തെയാണ് സെമിയില്‍ ഇന്നലെ ബൊപ്പണ്ണയും എബ്ഡെനും ചേര്‍ന്ന് കീഴടക്കിയത്.
പരിചയ സമ്പത്തിന്റെ ചാരുത കണ്ട ആദ്യ സെറ്റില്‍ രോഹനും എബ്ഡെനും അനായാസം കൈക്കലാക്കി. രണ്ടാം സെറ്റില്‍ പക്ഷെ ചൈനീസ്-ചെക്ക് സഖ്യം തിരിച്ചടിച്ചു. മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടിയെടുത്തു. നിര്‍ണായകമായ മൂന്നാം സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ട ആവേശപോരാട്ടമായി. ഒടുവില്‍ രോഹനും കൂട്ടുകാരനും വിജയത്തോടെ കലാശപ്പോരിലേക്ക് മുന്നേറി. സ്കോര്‍: 6-3, 3-6, 7-6(10-7)
ജര്‍മന്‍ സഖ്യം യാന്നിക്ക് ഹന്ഫ്മാന്-ഡോമിനിക് കോപ്ഫെര് സഖ്യത്തെ തോല്‍പ്പിച്ചാണ് ഇറ്റലിക്കാരായ വവസോറി-ബോളെല്ലി സഖ്യം ഫൈനലിന് യോഗ്യത നേടിയത്. ബൊപ്പണ്ണ-എബ്ഡെന് സഖ്യത്തിന് സമാനമായ രീതിയിലാണ് അവരും സെമിയില്‍ വിജയിച്ചത്. ആദ്യ സെറ്റ് നേടിയ ശേഷം രണ്ടാം സെറ്റ് നഷ്ടപ്പെടുത്തി. മൂന്നാം സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. ഒടുവില്‍ അന്തിമ വിജയം സ്വന്തമാക്കി. സ്കോര്‍: 6-3, 3-6, 7-6(10-5)
43കാരനായ ബൊപ്പണ്ണയ്ക്ക് കരിയറില്‍ ആദ്യമായാണ് ഇത്ര വലിയൊരു ടൂര്‍ണമെന്റ് നേടിയെടുക്കാനുള്ള അവസരം കൈവന്നിരിക്കുന്നത്. ശനിയാഴ്ചത്തെ താരത്തിന്റെ പോരാട്ടം വലിയ പ്രതീക്ഷയോടെയാണ് ഭാരത ടെന്നിസ് പ്രേമികള്‍ ഏറ്റെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: