പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിന് തുടക്കം കുറിച്ചുള്ള ഗവര്‍ണറുടെ പ്രസംഗം പലതുകൊണ്ടും പുതുമനിറഞ്ഞതായി. ഗവര്‍ണറുടെ വരവും പോക്കുംപോലും നിയമസഭയേയും കേരളത്തെ ആകമാനവും സ്തബ്ധരാക്കി. 63 പേജുള്ള പ്രസംഗത്തിന്റെ അവസാനത്തെ ഭാഗമായ 136-ാം ഭാഗം മാത്രമാണ് ഗവര്‍ണര്‍ വായിച്ചത്. എല്ലാ നടപടികളും തീരാന്‍ സഭാ രേഖ അനുസരിച്ച് ഒരു മിനുട്ടും 24 സെക്കന്റും മാത്രമാണെടുത്തത്. കേരളത്തില്‍ എന്നല്ല രാജ്യത്തുതന്നെ നയപ്രഖ്യാപനത്തിനെടുക്കുന്ന ഏറ്റവും കുറഞ്ഞസമയമാണിത്. നേരത്തെ ബീഹാര്‍ സ്വദേശി രാം ദുലാരി സിന്‍ഹയാണ് കേരളത്തില്‍ കുറഞ്ഞ സമയമെടുത്ത് നയം പറഞ്ഞ ഗവര്‍ണര്‍. അവര്‍ ആറുമിനിട്ടെടുത്താണ് പ്രസംഗം പൂര്‍ത്തിയാക്കിയത്. ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഗവര്‍ണറായിരുന്ന രാംദുലാരി സിന്‍ഹയെ വ്യക്തിപരമായി പോലും സഭയില്‍ വിമര്‍ശിച്ചിരുന്നു. അവരുടെ വസ്ത്രധാരണം പോലും ആക്ഷേപിക്കപ്പെട്ടതാണ്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വ്യക്തിപരമായി ആക്ഷേപിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണകക്ഷി നേതാക്കളും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഗവര്‍ണറുടെ സഞ്ചാരസ്വാതന്ത്ര്യത്തെ പോലും തടയുംവിധം നിയമങ്ങളെയും ചട്ടങ്ങളെയും കാറ്റില്‍പ്പറത്തി, വിദ്യാര്‍ത്ഥികളുടെ പേരില്‍ സിപിഎം ഗവര്‍ണര്‍ക്കെതിരെ പ്രവര്‍ത്തിച്ച ഒട്ടനവധി സംഭവങ്ങളുണ്ടായി. അതിനെയെല്ലാം ന്യായീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. മാസങ്ങളായി തുടര്‍ന്നുവരുന്ന ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിന്റെ ഒടുവിലത്തെ അധ്യായമാണ് നിയമസഭയില്‍ കണ്ടത്. ചട്ടപ്രകാരം ഗവര്‍ണര്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ക്ക് മറുപടി നല്കാന് കൂട്ടാക്കാത്ത മുഖ്യമന്ത്രി പലപ്പോഴും ഗവര്‍ണറെ ഭീഷണിപ്പെടുത്തുന്നവിധമാണ് സംസാരിച്ചിട്ടുള്ളത്. ഗവര്‍ണറും മുഖ്യമന്ത്രിയും കൊമ്പുകോര്‍ത്തുള്ള പെരുമാറ്റം കേരളീയരെ ആകമാനം ആശങ്കപ്പെടുത്തിയിട്ടുണ്ട്. ഏതായാലും ഭരണഘടനാ ചുമതല എന്ന ബാധ്യത നിറവേറ്റുക എന്ന കാര്യമാണ് ഗവര്‍ണര്‍ ഇന്നലെ ചെയ്തത്.
”നമ്മുടെ മഹത്തായ പൈതൃകം കെട്ടിടങ്ങളിലോ സ്മാരകങ്ങളിലോ അല്ലെന്നും, മറിച്ച് ജനാധിപത്യം, മതനിരപേക്ഷത, ഫെഡറിലസം, സാമൂഹ്യനീതി എന്നീ കാലാതീത മൂല്യങ്ങളോടും ഇന്ത്യന്‍ ഭരണഘടനയുടെ വിലമതിക്കാനാകാത്ത പൈതൃകത്തോട് നാം കാണിക്കുന്ന ബഹുമാനത്തിലും പരിഗണനയിലുമാണെന്നും നമുക്ക് ഓര്‍ക്കാം. ഇക്കാലമത്രയും നമ്മുടെ രാഷ്ട്രത്തെ സംഘടിതവും ശക്തവുമായി നിലനിര്‍ത്തിയത് സഹകരണ ഫെഡറലിസത്തിന്റെ അന്തഃസത്തയാണ്. ഈ അന്തഃസത്തയ്ക്ക് ശോഷണം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. വൈവിധ്യവും വര്‍ണാഭവുമായ ഈ രാഷ്ട്രത്തിന്റെ ഭാഗമെന്ന നിലയില്‍ നാം ഒത്തൊരുമിച്ച് നമ്മുടെ പന്ഥാവിലുള്ള എല്ലാ വെല്ലുവിളികളേയും അതിജീവിച്ചുകൊണ്ട് സമഗ്രമായ വളര്‍ച്ചയുടെയും ഉത്തരവാദിത്വമുള്ള പ്രതിരോധശേഷിയുടെയും വര്‍ണ കമ്പളം നെയ്തെടുക്കും – ജയ്ഹിന്ദ്!” ഇത്രമാത്രമാണ് ഗവര്‍ണര്‍ വായിച്ചത്. മറ്റ് നയങ്ങളൊന്നുമില്ലാതെ മയമില്ലാത്ത ശരീര ഭാഷയും ഭരണമുന്നണിയെ ഞെട്ടിച്ചിരിക്കുകയാണ്.
കെ.ബി.ഗണേഷ് കുമാറിന്റെയും രാമചന്ദ്രന് കടന്നപ്പള്ളിയുടെയും സത്യപ്രതിജ്ഞാ ചടങ്ങ് രാജ്ഭവനില്‍ നടന്നപ്പോള്‍ മുഖ്യമന്ത്രിയുമായും മറ്റു മന്ത്രിമാരുമായും സംസാരിക്കാന്‍ ഗവര്‍ണര്‍ തയാറായില്ല. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് ഗവര്‍ണര്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ നല്‍കിയില്ല. പ്രധാനമന്ത്രിയെത്തിയ ചടങ്ങിലും ഗവര്‍ണറുമായി മുഖ്യമന്ത്രി സംസാരിച്ചില്ല. കടുത്ത എതിര്‍പ്പിലാണെന്നു വ്യക്തമാക്കുന്നതായി ഗവര്‍ണറുടെ നിലപാട്. നയപ്രഖ്യാപന പ്രസംഗത്തിന്റെ കാര്യത്തില്‍ നേരത്തേ രണ്ടു തവണ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സര്‍ക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. ഒന്നാം പിണറായി സര്‍ക്കാര്‍ 2020 ജനുവരി 29ന് നടത്തിയ നയപ്രഖ്യാപനത്തിന്റെ തലേന്നും ഗവര്‍ണര്‍ വന്‍ പ്രതിസന്ധി സൃഷ്ടിച്ചു. പൗരത്വ നിയമത്തോടുള്ള കേരളത്തിന്റെ വിമര്‍ശനം അടങ്ങുന്ന പ്രസംഗത്തിന്റെ 18-ാം ഖണ്ഡിക വായിക്കില്ലെന്ന് 28ന് അദ്ദേഹം രേഖാമൂലം സര്‍ക്കാരിനെ അറിയിച്ചു. നയപ്രഖ്യാപനത്തില്‍ തന്നെ ഒപ്പിടില്ലെന്നു 2022ല്‍ പ്രഖ്യാപിച്ചു. പക്ഷേ ഒടുവില്‍ നിലപാട് മാറ്റി.
മുഖ്യമന്ത്രിയുടെ ആഗ്രഹപ്രകാരം വിയോജിപ്പോടെ പൗരത്വ നിയമത്തെക്കുറിച്ചുള്ള ഭാഗം വായിക്കുകയാണെന്ന് ഗവര്‍ണര്‍ അപ്രതീക്ഷിതമായി സഭയില്‍ പ്രഖ്യാപിച്ചു. ”ഇനി 18-ാം ഖണ്ഡികയിലേക്കു വരികയാണ്. ഏതാനും ദിവസങ്ങളായി ഞാന്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിവരികയായിരുന്നു. പ്രസംഗത്തിലെ ഈ ഭാഗം സര്‍ക്കാരിന്റെ നയങ്ങളുടെയോ പരിപാടികളുടെയോ ഭാഗമല്ല എന്നാണ് എന്റെ നിലപാട്. എന്നാല്‍ ഇതു സര്‍ക്കാരിന്റെ കാഴ്ചപ്പാടാണെന്നാണു മുഖ്യമന്ത്രി അറിയിച്ചത്. വിയോജിപ്പുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ആഗ്രഹം മാനിച്ച് ഈ ഖണ്ഡിക വായിക്കുകയാണ്” ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍ ഇക്കുറി അങ്ങിനെയൊരു ന്യായം നിരത്താനൊന്നും ഗവര്‍ണര്‍ മുതിര്‍ന്നില്ല. എഴുതിക്കൊടുത്ത പ്രസംഗം ഒരുവരിപോലും വെട്ടാതെ തന്നെ എത്തി എന്ന് സര്‍ക്കാരിന് ആശ്വസിക്കാം. ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച പ്രതിപക്ഷ നിലപാട് സര്‍ക്കാരിന് ആശ്വാസം നല്‍കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: