കെ. സുരേന്ദ്രന്
ബിജെപി സംസ്ഥാന അധ്യക്ഷന്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തോട് കാണിക്കുന്ന സ്നേഹവും കരുതലും എല്ലാവര്ക്കും ബോധ്യമായിരിക്കുകയാണ്. തന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലൂടെ, ജനക്ഷേമ പദ്ധതികളിലൂടെ മുഴുവന്‍ രാജ്യത്തെയും ജനതയുടെ ഹൃദയം കവര്‍ന്ന മോദിജി കേരളത്തിന് സമ്മാനിച്ചത് സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ കേട്ടിട്ടില്ലാത്തത്ര പദ്ധതികളാണ്. രാഷ്ട്രീയമല്ല ജനങ്ങളാണ് വലുത് എന്നദ്ദേഹം പലവട്ടം കേരളത്തിലെത്തി ബോധ്യപ്പെടുത്തി. അടുത്തിടെ കേരളത്തിലെത്തിയ വേളയില്‍ അദ്ദേഹം പറഞ്ഞു, ‘ഇത് മോദിയുടെ ഗ്യാരണ്ടിയാണ്, കേരളത്തെയും മുന്‍നിരയിലേക്ക് എത്തിക്കും’. പ്രധാനമന്ത്രി മുന്നോട്ടുവെച്ച ആ വികസന സങ്കല്പങ്ങള് ജനഹൃദയത്തിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് കേരളത്തിലെ ദേശീയ ജനാധിപത്യ സഖ്യം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. എന്‍ഡിഎയുടെ നേതൃത്വത്തില്‍ നാളെ കാസര്‍കോഡ് ആരംഭിക്കുന്ന ‘കേരള പദയാത്ര’ ആ മഹനീയ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ്.
കേന്ദ്രത്തിന്റെ നിര്‍ലോപമായ പിന്തുണയുണ്ടായിട്ടും കേരളത്തെ വറുതിയിലാക്കിയ, കടക്കെണിയിലാക്കിയ ഇടതു-വലത് അഴിമതി ദുര്‍ഭരണത്തിലേക്ക് ജനശ്രദ്ധ ക്ഷണിക്കാനും. 2024 -ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളവും ചില തിരുത്തലുകള്‍ക്ക്, രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് തയ്യാറാകണം എന്ന അഭ്യര്‍ത്ഥന ജനങ്ങള്‍ക്ക് മുമ്പില്‍ വെച്ചുമാണ്’കേരള പദയാത്ര’ ബിജെപി ദേശീയ അധ്യക്ഷന്‍ ജഗദ് പ്രകാശ് നദ്ദ ഉദ്ഘാടനം ചെയ്യുന്നത്. ഫെബ്രുവരി 27-ന് പാലക്കാട് സമാപിക്കുന്ന ഈ പദയാത്ര 20 ലോക്സഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകും. ഏതാണ്ട് കാല് ലക്ഷം പേര് ഈ പദയാത്രയില്‍ ഓരോ ദിവസവും അണിചേരും. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആയിരക്കണക്കിന് പേര് ഈ ദിവസങ്ങളില്‍ നരേന്ദ്രമോദിയുടെ പ്രസ്ഥാനവുമായി സഹകരിക്കാന്‍ രംഗത്തുവരും.
കേരള പദയാത്രയുടെ സമയം ഏറെ പ്രധാനമാണ്. അഞ്ഞൂറില്‍ ഏറെ വര്‍ഷങ്ങളായി ഭാരതം കാത്തിരുന്ന ചരിത്ര ദൗത്യം, അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണവും പ്രാണ പ്രതിഷ്ഠയും രാജ്യത്തുണ്ടാക്കിയ അലയൊലികള്‍ വിവരണാതീതമാണ്. കോടാനുകോടി പേരുടെ ആഗ്രഹവും പ്രതീക്ഷയും സങ്കല്‍പ്പങ്ങളും സാക്ഷാല്‍ക്കരിക്കാന്‍ അവസാനം നരേന്ദ്ര മോദി തന്നെ അധികാരത്തില്‍ വരേണ്ടിവന്നു. അത് മലയാളികളും തിരിച്ചറിയുന്നുണ്ട്. ഇന്നാട്ടിലെ പ്രമുഖ ഹൈന്ദവ- സാമുദായിക മഹാ പ്രസ്ഥാനങ്ങള്‍ ഒക്കെയും ഈ പ്രാണപ്രതിഷ്ഠ ചടങ്ങുമായി സഹകരിച്ചത് പ്രകടമായിട്ടുള്ള വലിയ മാറ്റത്തിന്റെ സൂചകങ്ങളാണ്.
രാജ്യം മുഴുവന്‍ വികസന വിപ്ലവം നടക്കുമ്പോള്‍ നമ്മുടെ കേരളം മാത്രം കര്‍ഷക ആത്മഹത്യകളുടെ ദേശീയ തലസ്ഥാനമായും, സാമ്പത്തിക തകര്‍ച്ചയുടെ, വിലവര്‍ധനയുടെ കൊടുമുടിയായും, ആഗോള ഭീകരതയുടെ സുരക്ഷിത താവളമായും മാറിയിരിക്കുകയാണല്ലോ. ജിഹാദി ശക്തികള്‍ക്ക് സുരക്ഷിതതാവളമായി ശ്രീനാരായണ ഗുരുദേവന്റെയും ചട്ടമ്പി സ്വാമിയുടെയും മഹാത്മാ അയ്യങ്കാളിയുടെയും പാദസ്പര്‍ശമേറ്റ കേരളം മാറിയിരിക്കുന്നു. വിനോദസഞ്ചാരം അടക്കം നമുക്ക് പ്രാമുഖ്യമുള്ള മേഖലകളില്‍ ഒന്നും ചെയ്യാനാവാതെ തരം താണ രാഷ്ട്രീയം കളിച്ചുകൊണ്ട് ഇടത് -വലതു മുന്നണികള്‍ കേരളത്തെ തകര്‍ക്കുകയാണ്. ഉന്നതവിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചയും തൊഴിലില്ലായ്മയും യുവതലമുറയുടെ പ്രതീക്ഷ നഷ്ടപ്പെടുത്തുകയാണ്. കര്‍ഷകര്‍ മാത്രമല്ല ക്ഷേമപെന്ഷന് ലഭിക്കാത്തവരും പോലീസുകാരും ജുഡീഷ്യല്‍ ഓഫീസര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാര്‍ ജോലിക്കാരും ആത്മഹത്യ ചെയ്യുകയും കൊലചെയ്യപ്പെടുകയും ചെയ്തിട്ടും കണ്ണുതുറക്കാത്ത കമ്മ്യൂണിസ്റ്റ് കിരാതഭരണ നേതൃത്വത്തിന് ഒറ്റ മറുപടി മാത്രമേ പറയാനുള്ളൂ, കേന്ദ്രം ഒന്നും തരുന്നില്ലത്രേ!
ഭാരത ചരിത്രത്തില്‍ ഇന്നുവരെ കേരളത്തിനു കിട്ടിയ ഏറ്റവും വലിയ കേന്ദ്ര സഹായവും പദ്ധതി വിഹിതവും നരേന്ദ്രമോദിയുടെ കാലത്താണ് ലഭിച്ചതെന്ന് കണക്കുകളും തെളിവുകളും മാത്രമല്ല അനുഭവങ്ങളും നമ്മളെ ബോധ്യപ്പെടുത്തുന്നു. എന്‍ഡിഎ നേതാക്കളും ബഹുജനങ്ങളും അണിനിരക്കുന്ന ഈ കേരളപദയാത്രയില്‍ ഈ വിഷയങ്ങള്‍ എല്ലാം ചര്‍ച്ച ചെയ്യപ്പെടുകയാണ്. മോദിയുടെ ഗ്യാരണ്ടിയില്‍ ഭാരതം ഉയരുമ്പോള്‍ പുതിയ കേരളത്തിനുള്ള അവകാശം നമുക്കുമുണ്ട് എന്ന് ഓര്‍മിപ്പിക്കാനാണ് ഈ കേരള പദയാത്ര. കേരളത്തില്‍നിന്ന് പാര്‍ലമെന്റിലോ നിയമസഭയിലോ ഒറ്റ പ്രതിനിധി പോലും ഇല്ലാതിരുന്നിട്ടും കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാര്‍ കേരളത്തെ ഏറെ പ്രാധാന്യത്തോടെയാണ് പരിഗണിച്ചത്.
കേരളത്തിലെ 3.41 ലക്ഷം വീട്ടമ്മമാര്‍ക്ക് ഉജ്വല ഗ്യാസ് നല്കി. ഗ്രാമത്തിലും നഗരത്തിലുമായി 1,55,000 വീടുകള്‍ പ്രധാനമന്ത്രി ആവാസ് യോജനയുടെ ധനസഹായത്തോടെ നിര്‍മ്മിച്ചു നല്കി. 36 ലക്ഷം വാട്ടര്‍ ടാപ്പ് കണക്ഷനുകള്‍ കേരളത്തില്‍ നല്കി. സുകന്യ സമൃദ്ധി യോജന പ്രകാരം 11 ലക്ഷത്തി നാല്പത്തി ഒരായിരം പെണ്‍കുട്ടികളുടെ പേരില്‍ അക്കൗണ്ട് തുറന്നു. അങ്കണവാടികള്‍ വഴി നടപ്പാക്കുന്ന സഹി പോഷന്‍ അഭിയാന് വഴി 22 ലക്ഷത്തി എണ്‍പത്തി ഏഴായിരം വനിതകള്‍ക്കും കുട്ടികള്‍ക്കും പോഷകാഹാര പ്രശ്നം പരിഹരിച്ചു. ഒരു കുടുംബത്തിന് പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ആരോഗ്യഇന്‍ഷുറന്‍സ് കവറേജ് കിട്ടുന്ന 73 ലക്ഷത്തി എഴുപത്തിയാറായിരത്തിലധികം ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അക്കൗണ്ടുകള്‍ നല്കി.
കേരള ജനതയ്ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ നല്‍കുന്നതിനായി 6081 ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകള്‍ സ്ഥാപിച്ചു. 986 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ കേരളത്തില്‍ തുടങ്ങി. അതുവഴി ഒരു ലക്ഷം കോടി രൂപയുടെ മരുന്ന് ചെലവാണ് കേരള ജനതയ്ക്ക് ലാഭം കിട്ടിയത്. പ്രധാനമന്ത്രി ജനധന്‍ യോജന വഴി പുതിയ 60 ലക്ഷം പേര്‍ക്കാണ് തികച്ചും സൗജന്യമായി ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാന്‍ കേരളത്തില്‍ സാധിച്ചത്. പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന വഴി 86 ലക്ഷത്തി തൊണ്ണൂറായിരം പേര്‍ക്കാണ് അപകട ഇന്‍ഷുറന്‍സ് പരിരക്ഷ കേരളത്തില്‍ ലഭിച്ചത്. അടല്‍ പെന്ഷന് യോജനയില്‍ 10 ലക്ഷത്തി എണ്‍പതിനായിരം പേര്‍ക്ക് കേരളത്തില്‍ പെന്ഷന് ലഭിക്കും. 19,20,000 കേരളീയര്‍ക്ക് പ്രധാനമന്ത്രി ജീവന് ബീമാ യോജന എന്ന ഇന്‍ഷുറന്‍സ് പദ്ധതി വിതരണം ചെയ്തു കഴിഞ്ഞു. പ്രതിവര്‍ഷം6000 രൂപ നല്കുന്ന കിസാന്‍ സമ്മാന്‍ നിധിയില്‍ 36 ലക്ഷത്തി ഇരുപതിനായിരം കര്‍ഷകര്‍ക്കായി 8500 കോടിയിലധികം രൂപ കേരളത്തില്‍ നല്കി കഴിഞ്ഞു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന കീഴില്‍ 2,83,000 ലക്ഷം മെട്രിക് ടണ്ണിലധികം ഭക്ഷ്യധാന്യങ്ങള്‍ കേരളീയര്‍ക്ക് സൗജന്യമായി നല്കി. കേരളത്തില്‍ 1020 കിലോമീറ്റര്‍ അധികം ദേശീയപാതകള്‍ നിര്‍മ്മിച്ചു അതിനായി 1,65,000 കോടി രൂപ അനുവദിച്ചു.
കേരളമാണ് കേന്ദ്രത്തെ അവഗണിക്കുന്നത്
കര്‍ഷകരില്‍ നിന്ന് നെല്ല് ശേഖരിച്ചതിന്റെ കണക്ക് കേരളം കഴിഞ്ഞ ആറുവര്‍ഷമായി കേന്ദ്രത്തിന് നല്‍കിയിട്ടില്ല എന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്ര കൃഷിമന്ത്രി പാര്‍ലമെന്റില്‍ വിശദീകരണം നല്‍കിയത്. കേരള സര്‍ക്കാരിന്റെ വിദ്യാഭ്യാസ ഡയറക്ടര്‍ 2023 ജൂലൈ നാലിന് കേന്ദ്രത്തിന് അയച്ച കത്തില്‍ പറയുന്നത് ഉച്ചക്കഞ്ഞിക്ക് കേന്ദ്രം നല്കിയ തുകയില്‍ 32 കോടി 34 ലക്ഷം രൂപ കേരളത്തില്‍ ഇപ്പൊഴും ചെലവാക്കാതെ കിടക്കുന്നുണ്ട് എന്നാണ്. അഗ്രികള്‍ച്ചറല്‍ ഇന്ഫ്രാസ്ട്രല് ഫണ്ടായി കേന്ദ്രം കേരളത്തിന് നല്കിയ 2860 കോടി രൂപ കേരളം സ്വീകരിക്കാതെ തന്നെ പാഴാക്കി കളഞ്ഞു. 400 ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ ഉണ്ടാക്കാന്‍ കേന്ദ്രം നല്കിയ 3650 കോടി കേരളം ഇനിയും വിനിയോഗിച്ചിട്ടില്ല. വന്യമൃഗ ശല്യം നേരിടാന്‍ കേന്ദ്രം അനുവദിച്ച 600 കോടി രൂപ കേരളം പാഴാക്കുകയാണ് ഉണ്ടായത്.
കേരളം മുതലാളിമാരില്‍ നിന്ന് പിരിച്ചെടുക്കാനുള്ള നികുതി മാത്രം 28,258 കോടി രൂപയാണ് എന്ന് സിഎജി കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണ്ണം, മദ്യം, വസ്ത്രം, റിസോര്‍ട്ട്, പാറമട മുതലാളിമാരില്‍ നിന്നാണ് ഈ തുക പിരിഞ്ഞു കിട്ടാനുള്ളതെന്നും സിഎജി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കേരളം പിരിക്കേണ്ട 14,000 കോടി ജിഎസ്ടി ഇതുവരെ പിരിച്ചിട്ടുമില്ല.
മറ്റു സംസ്ഥാനങ്ങള്‍ കൃഷി -വാണിജ്യം- വ്യവസായം -ടൂറിസം എന്നിങ്ങനെയുള്ള മേഖലകളില്‍ വരുമാനം വാരിക്കൂട്ടുമ്പോള്‍ ഇവിടെ സംരംഭകരെയും കര്‍ഷകരെയും മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വരെ കൊലയ്ക്ക് കൊടുക്കുന്ന കാടത്ത ഭരണമാണ് നടക്കുന്നത്. ഈ ദുരിത ഭരണത്തിന് അറുതി വരുത്താന്‍ വരൂ, മോദിക്കൊപ്പം, എന്‍ഡിഎ -ക്കൊപ്പം അണിനിരക്കൂ. ഇത് രക്ഷപ്പെടാനുള്ള ഒരു അവസാനത്തെ അവസരമാണ് എന്നു കൂടി മലയാളികള്‍ തിരിച്ചറിയുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. ‘മോദിജിയുടെ ഗ്യാരണ്ടി’-യില്‍ പുതിയ കേരളം സൃഷ്ടിക്കാനായി നമുക്ക് അണിചേരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: