ന്യൂദല്‍ഹി: 75-ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായി രാജ്യം ഒരുങ്ങി. ദല്‍ഹി കര്‍ത്തവ്യപഥിലെ റിപ്പബ്ലിക് ദിന പരേഡാണ് ആഘോഷത്തിലെ മുഖ്യ ആകര്‍ഷണം. രാജ്യത്തിന്റെ പൈതൃകവും കരുത്തും കുതിപ്പും സൈനിക ശക്തിയും വിളിച്ചോതുന്നതാകും പരേഡ്. രാഷ്ട്രപതി ദ്രൗപദി മുര്‍മു പരേഡില്‍ അഭിവാദ്യം സ്വീകരിക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ് മുഖ്യാതിഥി.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 13,000 പേര് പ്രത്യേക ക്ഷണിതാക്കളാണ്. വിവിധ മേഖലകളില്‍ മികവു പുലര്‍ത്തിയവര്‍, വിവിധ കേന്ദ്ര പദ്ധതികളുടെ ഉപയോക്താക്കള്‍, സെന്‍ട്രല്‍ വിസ്ത ഉള്‍പ്പെടെയുള്ള പദ്ധതികളിലെ വനിതാ തൊഴിലാളികള്‍, യോഗ അദ്ധ്യാപികമാര്‍, ഐഎസ്ആര്‍ഒയിലെ വനിതാ ശാസ്ത്രജ്ഞര്‍ എന്നിവരും ഇതില്‍പ്പെടും. രാവിലെ പത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, മറ്റു വിശിഷ്ടാതിഥികള്‍ എന്നിവര്‍ കര്‍ത്തവ്യപഥിലെത്തിയ ശേഷം ദേശീയ പതാക ഉയര്‍ത്തും. 21 തോക്കുകളുടെ അഭിവാദനത്തോടെ ദേശീയ ഗാനം ആലപിക്കും. നാലു ഹെലിക്കോപ്റ്ററുകള്‍ കര്‍ത്തവ്യപഥില്‍ സന്നിഹിതരായ സദസ്സിനു മേല്‍ പുഷ്പങ്ങള്‍ വര്‍ഷിച്ച് കടന്നുപോകും. തുടര്‍ന്ന് പരേഡ് ആരംഭിക്കും.
വികസിത ഭാരതം, ഭാരതം-ജനാധിപത്യത്തിന്റെ മാതാവ് എന്നീ സന്ദേശങ്ങള്‍ക്കൊപ്പം നാരീശക്തിയും വിളിച്ചോതുന്നതാകും പരേഡ്. പരേഡിന്റെ ചരിത്രത്തില്‍ ആദ്യമായി ദല്‍ഹി പോലീസ്, എന്‍സിസി, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ആംഡ് ഫോഴ്സ് മെഡിക്കല്‍ സര്‍വീസ് തുടങ്ങിയ വനിതകള്‍ മാത്രമുള്ള സംഘങ്ങളെയാണ് അണിനിരത്തുന്നത്.
കര-നാവിക-വ്യോമ സേനകളിലെ വനിതകളടങ്ങുന്ന 144 പേര് പ്രത്യേക സംഘമായും മാര്‍ച്ച് ചെയ്യും. അഗ്നിവീര്‍ സൈനികരും ഈ സംഘത്തിലുണ്ട്. കര-നാവിക-വ്യോമ സേനകളിലെ വനിതാ ഓഫീസര്‍മാരെ കൂടുതലായി ഇത്തവണ പരേഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യോമ സേനയില്‍ നിന്ന് വനിതാ ഫൈറ്റര്‍ പൈലറ്റുമാരും നാവിക സേന അവതരിപ്പിക്കുന്ന ടാബ്ലോയിലെ യുദ്ധക്കപ്പലിന്റെ കമാന്‍ഡറായി വനിതയും പരേഡിലുണ്ടാകും. തെരഞ്ഞെടുക്കപ്പെട്ട 16 സംസ്ഥാനങ്ങളും ഒന്‍പത് മന്ത്രാലയങ്ങളും അവതരിപ്പിക്കുന്ന ടാബ്ലോകളിലും വനിതകള്‍ മാത്രമാണുണ്ടാകുക.
ഫ്രാന്‍സില്‍ നിന്നുള്ള 95 അംഗ സൈന്യവും 33 അംഗ ബാന്‍ഡ് സംഘവും പരേഡില്‍ പങ്കെടുക്കും. ഫ്രഞ്ച് വ്യോമ സേനയുടെ ഒരു മള്‍ട്ടി റോള്‍ ടാങ്കര്‍ ട്രാന്‍സ്പോര്‍ട്ട് (എംആര്‍ടിടി) വിമാനവും രണ്ടു റാഫേല്‍ വിമാനങ്ങളും ഫ്ളൈ പാസ്റ്റില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: