ഗുവാഹത്തി: ആസാമില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ശ്രമിച്ചത് കലാപം ഉണ്ടാക്കാനാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങുകള്‍ കാണാന്‍ ഒരുമിച്ചുകൂടിയ ഭക്തരെ പ്രകോപിപ്പിക്കാനാണ് ആ സമയത്തുതന്നെ ബതദ്രാവാ ക്ഷേത്രത്തില്‍ എത്തണമെന്ന് രാഹുല്‍ വാശിപിടിച്ചത്. പതിനായിരക്കണക്കിന് രാമഭക്തര്‍ അവിടെയുള്ളതിനാല്‍ രാഹുലിനെ വേണ്ടരീതിയില്‍ പരിഗണിക്കാനാകില്ലെന്നും ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷം ക്ഷേത്രഭാരവാഹികള്‍ സൗകര്യമൊരുക്കാമെന്നും പറഞ്ഞിട്ടും അത് വകവയ്ക്കാതെ നാടകം കളിക്കാനാണ് കോണ്‍ഗ്രസ് നേതാവ് ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ബതദ്രാവ ക്ഷേത്രത്തിലെത്തി സംഘര്‍ഷമുണ്ടാക്കാന്‍ രാഹുല്‍ ബോധപൂര്‍വമാണ് ശ്രമിച്ചത്. ഭൂപേന് ഹസാരിക സമാധിപീഠത്തിനു മുന്നിലൂടെ കടന്നുവന്നിട്ടും അവിടെ കയറാനോ പ്രണമിക്കാനോ രാഹുല്‍ തയാറായില്ല. ഹാജോവിലെ ഹയഗ്രീവ് മാധവ് മന്ദിറും പോവ മക്കയും കടന്നാണ് കോണ്‍ഗ്രസ് യാത്ര വന്നതെങ്കിലും അവിടെയും കയറിയില്ല. ബാര്‍പേട്ട സത്രത്തില്‍ ഒരു മിനിട്ട് പോലും നിന്നില്ല. കാമാഖ്യ ക്ഷേത്രത്തില്‍ പോലും കയറിയില്ല. മഹന്ത് ശ്രീശങ്കരദേവിനോടുള്ള ആദരവ് പ്രകടിപ്പിക്കാനായിരുന്നു ലക്ഷ്യമെങ്കില്‍ അദ്ദേഹം സ്ഥാപിച്ച ബാര്‍പേട്ട സത്രത്തിലോ താമസിച്ച പട്ബൗഷി സത്രത്തിലോ പോകാമായിരുന്നു.
ആസാമിനോടുള്ള താത്പര്യമോ ഹിന്ദുധര്മ്മത്തിലുള്ള വിശ്വാസമോ അല്ല രാഹുലിന്റെ പ്രകടനങ്ങള്‍ക്ക് പിന്നില്‍. ജനങ്ങളെ കുത്തിയിളക്കി അക്രമമുണ്ടാക്കാനാണ് കോണ്‍ഗ്രസും രാഹുലും ശ്രമിച്ചതെന്ന് ഹിമന്ത ബിശ്വ ചൂണ്ടിക്കാട്ടി. രാഹുല്‍ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടില്ല. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവം എസ്ഐടി അന്വേഷിക്കും. രാഹുല്‍, കെ.സി. വേണുഗോപാല്‍, കനയ്യ കുമാര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുള്ളത്. വലിയ കലാപത്തിനാണ് രാഹുല്‍ ശ്രമിച്ചതെന്നതിന് തെളിവുകളുണ്ടെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: