ദേവര്‍ഷി നാരദനോട് വാല്മീകി മുനിയുടെ ഒരു ചോദ്യം. ഈ ലോകത്തില്‍ എല്ലാ ഗുണങ്ങളും തികഞ്ഞ ആള്‍ ആരാണ്?
ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ സദ്ഗുണസമ്പന്നനായ ഒരു നരന്‍ ഉണ്ട്. കൗസല്യാനന്ദനന്‍ രാമന്‍; നാരദന്‍ പറഞ്ഞു. ഇക്ഷ്വാകുവംശത്തില്‍ ദശരഥന്റെയും കൗസല്യാദേവിയുടെയും മൂത്ത പുത്രന്‍ രാമന്‍. വളരെക്കാലം മക്കളില്ലാതെ വിഷമിച്ച ദശരഥന്‍ പുത്രകാമേഷ്ടി യാഗം നടത്തി അതില്‍ നിന്നു കിട്ടിയ പായസം ഭാര്യമാരായ കൗസല്യ, കൈകേയി, സുമിത്ര എന്നിവര്‍ക്ക് യഥാവിധി നല്കുകയും തന്‍മൂലം നാലുപുത്രന്മാര്‍ ഉണ്ടാവുകയും ചെയ്തു. കുലഗുരു വസിഷ്ഠന്‍ നാലുപേര്‍ക്കും നാമകരണം നടത്തി.
‘
ശ്യാമള നിറം പൂണ്ട കോമള കുമാരനു
രാമനെന്നൊരു നാമവുമിട്ടാനല്ലോ
ഭരണനിപുണനാം കൈകേയീ തനയനു
ഭരതനെന്നു നാമമരുളിച്ചെയ്തു മുനി
ലക്ഷണാന്വിതനായ സുമിത്രാ തനയനു
ലക്ഷ്മണനെന്നു തന്നെ നാമവുമരുള്‍ ചെയ്തു
ശത്രുവൃന്ദത്തെ ഹനിച്ചീടുക നിമിത്തമായ്
ശത്രുഘ്‌നനെന്നു സുമിത്രാത്മജാവരജനും’
രൂപസൗന്ദര്യം, കാരുണ്യം എന്നിവ കൊണ്ടു താതനും, അമ്മമാര്‍ക്കും, അയോധ്യാവാസികള്‍ക്കും കുമാരന്മാര്‍ നാലുപേരും പ്രിയങ്കരരായിരുന്നു. പരസ്പരം സ്‌നേഹിക്കുന്ന കാര്യത്തില്‍ തമ്മില്‍ തമ്മില്‍ മത്സരമായിരുന്നു. പുത്രന്‍ എന്ന വാക്കും, ജ്യേഷ്ഠന്‍ എന്ന വാക്കും അന്വര്‍ഥമാക്കുന്നതായിരുന്നു രാമന്റെ പ്രവൃത്തികള്‍. രാമന്റെ ജീവിതഘട്ടങ്ങളിലെല്ലാം ധര്‍മ്മം ആചരിച്ചിരുന്നു. വിശ്വാമിത്രന്റെ യാഗരക്ഷാവേളയിലും, താടകാവധം, അഹല്യാ മാതാവിന്റെ മുക്തി എന്നീ സന്ദര്‍ഭങ്ങളിലെല്ലാം ഗുരുവിനോടുള്ള ധര്‍മം പാലിക്കുന്നുണ്ട്. യജ്ഞസംസ്‌കൃതിയെ പുനരുജ്ജീവിപ്പിക്കാന്‍, വേണ്ടിയാണ് രാമന്റെ യാത്ര. സീതാസ്വയംവര വേളയിലും അതുകഴിഞ്ഞു വരുമ്പോഴുള്ള പരശുരാമന്റെ വെല്ലുവിളിയേയും ഒരേ ഭാവത്തോടെ അഹങ്കാരലേശമില്ലാതെ രാമന്‍ നേരിടുന്നു. രാമന്റെ ഒരു പ്രധാനഗുണമാണ് മൈത്രീഭാവം. രാമായണത്തിലുടനീളം ജടായുവും സുഗ്രീവനും ഹനുമാനും ഗുഹനും ശബരിയും വിഭീഷണനും എല്ലാവരുമായി ഉണ്ടാക്കിയ മൈത്രീബന്ധം എത്രസുന്ദരമായിരുന്നു. അതിന് പക്ഷിയെന്നോ മൃഗമെന്നോ, സ്ത്രീയെന്നോ, പുരുഷനെന്നോ ഉയര്‍ന്നവനെന്നോ താഴ്ന്നവനെന്നോ യാതൊരു വ്യത്യാസവുമില്ല.
മൂത്തപുത്രനായ രാമന്റെ അഭിഷേകം നിശ്ചയിച്ച ദശരഥന്, കൈകേയിയുടെ ഇടപെടല്‍ മൂലം അതു നടത്താന്‍ സാധിക്കാതെ വരുന്നു. അച്ഛന്‍ കൈകേയീമാതാവിനോടു നടത്തിയ സത്യം പാലിക്കുന്നതിന് ‘പുത്രന്‍’, എന്ന നാമം അന്വര്‍ഥമാക്കി, രാജ്യം സ്വീകരിക്കുന്ന അതേ മനസ്സോടെ കാനനം സ്വീകരിക്കുന്നു. സീതയെ നഷ്ടപ്പെട്ട വേളയില്‍ ഒരു മനുഷ്യന്റെ എല്ലാ ദൗര്‍ബല്യങ്ങളോടും കൂടി മരത്തിനോടും പക്ഷിമൃഗാദികളോടും സീതയെ കണ്ടോ എന്ന് അന്വേഷിക്കുന്നു. സീതയെ കണ്ടെത്തുന്നതിന് സുഗ്രീവനോട് സഖ്യം ചെയ്ത് വാനരന്മാരുടെ സഹായം തേടുന്നു. വിഷ്ണുഅംശമായ ശ്രീരാമന് ഇതെല്ലാം നിഷ്പ്രയാസം സാധിക്കുന്നതല്ലേ? ഇത്രയൊക്കെ കഷ്ടതകള്‍ അനുഭവിക്കേണ്ടതുണ്ടോ എന്നൊക്കെ നമുക്കു തോന്നാം. വാല്മീകിയുടെ രാമന്‍ മനുഷ്യനാണ്. മനുഷ്യരുടെ ദുഃഖം രാമനുണ്ടാകുന്നു. ദുഃഖം അനുഭവിക്കുന്ന വേളയിലും ധര്‍മം കൈവിടാതെ ആലോചിച്ചുറച്ച് ഓരോന്നിനും പ്രതിവിധി കണ്ടെത്തുന്നു. ധര്‍മം ആചരിക്കുന്നവന്‍, ഉപകാരം മറക്കാത്തവന്‍, പകയും വിദ്വേഷവുമില്ലാത്തവന്‍, ദയാശീലന്‍, യുക്തിയുക്തമായി സംസാരിക്കുന്നവന്‍, യുദ്ധവൈദഗ്ധ്യമുള്ളവന്‍, അതിസുന്ദരന്‍ ഈ ഗുണങ്ങളെല്ലാം തികഞ്ഞ രാമനല്ലേ നമ്മുടെ മാതൃകാപുരുഷന്‍.
കൈകേയീനന്ദനന്‍ ഭരതന്‍ സഹോദരസ്‌നേഹത്തില്‍ രാമനേക്കാള്‍ മുമ്പിലല്ലേ? രാമന്‍ അച്ഛന്റെ സത്യം പാലിക്കുന്നതിനായി രാജ്യം ഉപേക്ഷിച്ചു, കാടിനെ സ്വീകരിച്ചു. ഭരതന് കൈവശം വന്ന രാജ്യം ഉപേക്ഷിക്കേണ്ട ഒരു കാര്യവുമില്ല. പക്ഷേ അര്‍ഹമല്ലാത്തത് ആഗ്രഹിക്കരുത് എന്നാണ് ഭരതന്‍ നമ്മെ പഠിപ്പിക്കുന്നത്. സ്ഥാനമാനങ്ങളും സുഖസൗകര്യങ്ങളും കൈവരുമ്പോള്‍ എങ്ങനെ കിട്ടിയതാണ് എന്ന് ചിന്തിക്കണം. രാജ്യം നേടിത്തന്ന അമ്മയോടും അതിനു സമ്മതം കൊടുത്ത അച്ഛനോടും ഭരതനു യാതൊരു കരുണയുമില്ല. ജ്യേഷ്ഠന് അവകാശപ്പെട്ട രാജ്യം എനിക്കുവേണ്ടാ എന്ന് ജീവിതകാലം മുഴുവന്‍ ഭരതന്‍ വിശ്വസിച്ചു. അതില്‍ യാതൊരു ചാഞ്ചല്യവുമില്ല. രാമനെ കൂട്ടിക്കൊണ്ടു വരുന്നതിന് വനത്തിലെത്തിയ ഭരതന്‍ രാമന്റെ നിര്‍ബന്ധം കൊണ്ട് രാമനെ പ്രതി രാമന്റെ മെതിയടി സിംഹാസനത്തില്‍ വച്ചാണ് ഭരണം നടത്തുന്നത്. ഭരതനും ശത്രുഘ്‌നനും ശ്രീരാമനും ലക്ഷ്മണനും കാട്ടില്‍ കഴിയുന്നതു പോലെതന്നെയാണ് അയോധ്യയില്‍ കഴിയുന്നത്. യാതൊരു രാജഭോഗങ്ങളും അവര്‍ രണ്ടുപേരും അനുഭവിക്കുന്നില്ല. 14 വര്‍ഷത്തിനു ശേഷം ഭരതശത്രുഘ്‌നന്മാര്‍ ഏറ്റവും അധികം സന്തോഷിക്കുന്നത് ശ്രീരാമന്‍ മടങ്ങിവരുന്നു എന്ന ഹനുമാന്റെ വാക്കിലാണ്. ജ്യേഷ്ഠനു രാജ്യം മടക്കി നല്കുമ്പോള്‍ രാജഭണ്ഡാരങ്ങളൊക്കെ എത്രയോ ഇരട്ടിയായിരുന്നു. അയോധ്യയുടെ സുരക്ഷ, കീര്‍ത്തി, ധനം എല്ലാം വളരെ വലുതായിരുന്നു. ഇങ്ങനെയുള്ള ഭരതന്മാരല്ലേ രാജ്യം ഭരിക്കേണ്ടത്? രാജ്യം തന്റേതാണ് ധനവും സുഖഭോഗങ്ങളും ഒന്നും തന്റേതല്ല, ഇതായിരിക്കേണ്ടേ രാജാവിന്റെ മനോഭാവം?
ലക്ഷ്മണനെക്കുറിച്ചും ശത്രുഘ്‌നനെക്കുറിച്ചും എന്തു പറയാനാണ്. രണ്ടുപേരും എന്ന വ്യക്തികള്‍ അല്ലാതെയാണ് അവര്‍ രാമനെ സ്‌നേഹിക്കുന്നത്, രാമനെ സേവിക്കുന്നത്. നാം രാമായണം വായിക്കുമ്പോള്‍ രാമായണം പഠിക്കുമ്പോള്‍ ഈ നാലുപേരെയും അല്ലേ മാതൃകയാക്കേണ്ടത്? ഇവരെയല്ലേ നാം പഠിക്കേണ്ടത്? ഇവരെയാണ് നാം അറിയേണ്ടത്. ഇങ്ങനെയുള്ള രാമരാജ്യമല്ലേ എത്രയോ കാലങ്ങളായി നാം മനസ്സില്‍ കൊണ്ടു നടക്കുന്നത്.
രാമന്റെ, സമകാലികനായിരുന്ന ആദികവി വാല്മീകിയും രാമക്ഷേത്രപുനരുദ്ധാരണം കൊണ്ട് അനുഗൃഹീതരായ നമ്മളും ഭാഗ്യവാന്മാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: