(സംസ്ക്കാരകര്‍മം -വിദ്യാരംഭം തുടര്‍ച്ച)
ഉപകരണങ്ങളുടെ പവിത്രത
ഗണപതീപൂജയും സരസ്വതീപൂജയും കഴിഞ്ഞശേഷം ശിക്ഷണത്തിന്റെ ഉപകരണങ്ങളെ ഫലകം, മഷിക്കുപ്പി, തൂലിക ഇത്യാദികളെ പൂജിക്കുക. ശിക്ഷാ ഗ്രഹണത്തിന് ഇവയാണ് പ്രധാനപ്പെട്ട ഉപകരണങ്ങള്‍. ഇവയുടെ ആരംഭത്തിലെ പ്രഭാവം ശുഭകരമായി ഭവിക്കാനും വിദ്യാര്‍ജ്ജനത്തിനു സഹായം ലഭിക്കുവാനും വേണ്ടി ഇവയെ വേദമന്ത്രങ്ങളാല്‍ അഭിമന്ത്രിക്കുന്നു. ഇവയില്‍ പവിത്രത നിലനില്ക്കാന്വേണ്ടി ഇവയെ മന്ത്രങ്ങളാല്‍ അഭിമന്ത്രിച്ച് പവിത്രമാക്കുന്നു.
ഏതു കാര്യത്തിനും ഉപകരണങ്ങള്‍ പവിത്രമായിരിക്കേണ്ടത് ആവശ്യമാണ്. ഉപാധികള്‍ പവിത്രമാണെങ്കിലേ ഉദ്ദിഷ്ടത്തിന്റെ ഉല്‍കൃഷ്ടത നിലനിര്‍ത്താനാവൂ. തെറ്റായ ഉപാധികളും ദൂഷ്യം കലര്‍ന്ന ഉപായങ്ങളും മുഖേന കുറേ സാഫല്യം നേടിയാല്‍ത്തന്നെയും അതു പവിത്രമായ ഉപാധികളും നേരായ ഉപായങ്ങളുംമൂലം ലഭിക്കുന്ന സാഫല്യത്തോളം സുഖപ്രദമായിരിക്കുകയില്ല. അനാശാസ്യമായ മാര്‍ഗ്ഗം സ്വീകരിക്കുന്നതുമൂലം ദൂഷ്യപ്പെടുന്ന നമ്മുടെ സ്വഭാവം നമുക്കുതന്നെ ദൂരവ്യാപകമായ അനിഷ്ടങ്ങള്‍ ഉളവാക്കുന്നു. എപ്രകാരം വെടിപ്പായ പാത്രത്തില്‍ സൂക്ഷിക്കുന്ന പാല് മാത്രം കുടിക്കുവാന്‍ ഉപയോഗപ്പെടുകയും, വെടിപ്പും വൃത്തിയും ഇല്ലാത്ത പാത്രത്തില്‍ വച്ചാല്‍ ചീത്തയാകുകയും, അതുകുടിച്ചാല്‍ രോഗവികാരങ്ങള്‍ ഉല്പ്പന്നമാകുകയും ചെയ്യുന്നുവോ, അതേ പ്രകാരം ഉപയുക്തമല്ലാത്ത ഉപകരണങ്ങള്‍കൊണ്ട് എന്തു ജോലി ചെയ്താലും അതു പുറമേ എത്രതന്നെ നല്ലതെന്നു തോന്നിയാലും എത്ര പെട്ടെന്ന് സാഫല്യം നേടിയാലും അത് ആശാസ്യമല്ല.
വിദ്യയുടെ മഹിമയിലേയ്ക്കും ഉപകരണങ്ങളുടെ പവിത്രതയിലേയ്ക്കും ശിക്ഷാര്‍ത്ഥിയുടെ ശ്രദ്ധയാകര്‍ഷിക്കുക എന്നതാണ് വിദ്യാരംഭസംസ്കാരത്തിന്റെ ഉദ്ദേശ്യം. അദ്ധ്യയനം ഒരു നിമിത്തം മാത്രമാണ്. വാസ്തവത്തില്‍ ‘ഉപകരണങ്ങളുടെ പവിത്രത’ എന്നത് എല്ലാ തുറകളിലും സ്വീകരിക്കേണ്ടതായ ഒരു ആദര്‍ശപരമായ ദൃഷ്ടികോണമാണ്. നമ്മുടെ ഏതു പ്രവര്‍ത്തനത്തിലും, പെരുമാറ്റത്തിലും, പരീക്ഷണത്തിലും പ്രലോഭനത്താലോ, തിടുക്കംമൂലമോ ഉപയുക്തമല്ലാത്ത സാധനങ്ങള്‍ ഉപയോഗിക്കരുതെന്ന കാര്യത്തില്‍ ശ്രദ്ധിക്കണം. നമ്മുടെ ഓരോ ഉപകരണവും പൂര്‍ണ്ണമായും പവിത്രമായിരിക്കണം.
ഉപാസനാശാസ്ത്രത്തിന്റെ അംഗീകാരപ്രകാരം തൂലികയുടെ അധിഷ്ഠാത്രിയായ ദേവി ‘ധൃതി’യും മഷിക്കുപ്പിയുടെ അധിഷ്ഠാത്രിയായ ദേവി ‘പുഷ്ടി’യും, ഫലകത്തിന്റെ അധിഷ്ഠാത്രിയായ ദേവി ‘തുഷ്ടി’യും ആയി പരിഗണിക്കപ്പെട്ടിരിക്കുന്നു. പതിനാറു മാതൃശക്തികളില്‍ (ഷോഡശമാതൃക) ഇവര്‍ മൂവരുമുണ്ട്. ദേവികള്‍ ഏതെങ്കിലും ശക്തികളുടെയോ ഭാവനകളുടെയോ പ്രതീകങ്ങളാണ്. ധൃതി, പുഷ്ടി, തുഷ്ടി എന്നീ മൂന്നു ദേവികള്‍ വിദ്യാര്‍ജ്ജനത്തിനു ആധാരമായ മൂന്നു ഭാവനകളെ പ്രതിനിധീകരിക്കുന്നു. വിദ്യാരംഭസംസ്കാരത്തില്‍ തൂലികാപൂജനമന്ത്രം ചൊല്ലുമ്പോള്‍ ‘ധൃതി’യെ ആവാഹനം ചെയ്യുന്നു. നിര്‍ദ്ദിഷ്ടമന്ത്രത്തില്‍ ദേവിയെ വന്ദിക്കുകയും ആരാധിക്കുകയും ചെയ്തിരിക്കുന്നു.
തൂലികാപൂജനം
ശിക്ഷണവും പ്രേരണയും: വിദ്യാരംഭം ചെയ്യുമ്പോള്‍ ആദ്യം തൂലിക കയ്യിലെടുക്കുന്നു. തൂലികയുടെ ദേവിയായ ‘ധൃതി’എന്നാല്‍ അഭിരുചി. വിദ്യ നേടുന്ന ആളിന്റെ അന്തഃകരണത്തില്‍ അതിനുവേണ്ടി അഭിരുചിയുണ്ടെങ്കില്‍ പുരോഗതിക്കുള്ള സകല സൗകര്യങ്ങളും സംജാതമായിക്കൊണ്ടിരിക്കും. പഠനം മാത്രമല്ല, ഏന്തു കാര്യമായാലും താല്പര്യമില്ലാതെ ചെയ്യുന്ന പക്ഷം അതു ഭാരമായി തോന്നുകയും അതില്‍ മനസ്സുറയ്ക്കാതെ വരികയും മനസ്സില്ലാതെ ചെയ്യുന്ന കാര്യങ്ങള്‍ അലങ്കോലപ്പെട്ടും അസംഗതമായി ഇരിക്കുകയും ചെയ്യുന്നു. ഈ സ്ഥിതിയില്‍ കാര്യമായ സാഫല്യമൊന്നും ലഭിക്കുകയുമില്ല. തീക്ഷ്ണമായ ബുദ്ധിയും ശ്രേഷ്ഠമായ മസ്തിഷ്കവും ഉണ്ടെങ്കിലും അവകൊണ്ടും ഈ അവസ്ഥയില്‍ വലിയ പ്രയോജനമൊന്നും ഉണ്ടാകുകയില്ല. എന്നാല്‍ പഠിത്തത്തില്‍ തീവ്രമായ അഭിരുചിയുണ്ടെങ്കില്‍ മന്ദബുദ്ധികള്‍പോലും തങ്ങളുടെ ഉത്സാഹപൂര്‍ണ്ണമായ പ്രയത്നംമൂലം ആശാവഹമായ പുരോഗതി കൈവരിക്കുന്നു.
ശിക്ഷാര്‍ത്ഥിയില്‍ അഭിരുചിയുണര്‍ത്തുകയും അതിനു വിദ്യാര്‍ജ്ജനം കൊണ്ടുള്ള പ്രയോജനങ്ങള്‍ പറഞ്ഞുകൊടുക്കുകയും ചെയ്യേണ്ടത് രക്ഷാകര്‍ത്താക്കളുടെ കര്‍ത്തവ്യമാണ്. വിദ്യാഭ്യാസത്തില്‍ പുരോഗതി നേടിയതുമൂലം ഉന്നതപദവി നേടുകയും ധനവും യശസ്സും സുഖസൗകര്യങ്ങളും സമ്പാദിക്കുന്നതില്‍ വിജയം കൈവരിക്കുകയും ചെയ്ത ആളുകളുടെ ഉദാഹരണങ്ങള്‍ പറഞ്ഞുകേള്‍പ്പിക്കുക. അതോടൊപ്പംതന്നെ വീട്ടിലെ സുഖസൗകര്യങ്ങളില്‍ മുഴുകി കുട്ടിക്കാലത്ത് പഠനത്തില്‍ ഉദാസീനത കാട്ടുകയും, ധനസമ്പത്തുകള്‍ കൈവിട്ടുപോയപ്പോള്‍, തങ്ങളുടെ വിദ്യാഭ്യാസമില്ലായ്മയും യോഗ്യമായ വ്യക്തിത്വവികസനത്തിന്റെ അഭാവവുംമൂലം ജീവിതയാപനത്തിനുള്ള വക നേടിയെടുക്കാന്‍ വളരെ കഷ്ടപ്പെടേണ്ടിവരികയും ചെയ്ത ആളുകളുടെ ഉദാഹരണങ്ങളും കാട്ടിക്കൊടുക്കുക. വിദ്യാഭ്യാസം മനുഷ്യത്വത്തിന്റെ അഭിമാനമാണ്.
വിദ്യാഭ്യാസരഹിതരായി കഴിയുക അപമാനവുമാണ്. അശിക്ഷിതരോ അല്പശിക്ഷിതരോ ആയി കഴിയുന്നത് വ്യക്തിയുടെ കുടുംബപരമോ വ്യക്തിപരമോ ആയ താണ നിലവാരമായി കണക്കാക്കപ്പെടുന്നു. ഈ അപമാനത്തില്‍നിന്ന് ഒഴിവാകുകയും ഒഴിവാക്കുകയും ചെയ്യേണ്ടത് ഏവരുടേയും ആവശ്യമാണ്. ‘ധൃതി’യുടെ ഭാവപ്രതീകമായ തൂലികയെ പൂജിക്കുമ്പോള്‍ അത് ശിക്ഷാര്‍ത്ഥിയില്‍ അഭിരുചി ഉളവാക്കുകയും അദ്ധ്യയനം നിരന്തരം പുരോഗമിക്കുകയും ചെയ്യത്തക്കവിധത്തിലായിരിക്കണം.
ക്രിയയും ഭാവനയും:
പൂജാസാമഗ്രികള്‍ കുട്ടിയുടെ കയ്യില്‍ കൊടുക്കുക. മന്ത്രം ചൊല്ലുമ്പോള്‍ അവ പൂജാപീഠത്തിന്മേല്‍ വച്ചിരിക്കുന്ന തൂലികയുടെ മേല്‍ കുട്ടിയെക്കൊണ്ട് ഭക്തിഭാവത്തോടെ അര്‍പ്പണം ചെയ്യിക്കുക. ‘ധൃതി’യുടെ ശക്തി കുട്ടിയില്‍ വിദ്യയോടുള്ള താല്പര്യം ഉളവാക്കുകയാണെന്നു സങ്കല്പിക്കുക.
ഓം പുരുദസ്മോ വിഷുരൂപളഇന്ദുഃ അന്തര്‍മഹിമാന
മാനഞ്ജധീരഃ, ഏകപദീം ദ്വിപദീം ത്രിപദീം
ചതുഷ്പദീം, അഷ്ടാപദീം ഭുവനാനു പ്രഥന്താ സ്വാഹാ
(തുടരും)
(ഗായത്രിപരിവാറിന്റെ ആധ്യാത്മികപ്രസിദ്ധീകരണങ്ങളില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: