ഹൈദരാബാദ്: ഹൈദരാബാദിലെ ടൗണ്‍ പ്ലാനിംഗ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും ഓഫീസില്‍ നിന്നും തെലങ്കാന അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) കണ്ടെത്തിയത് 100 കോടി രൂപയുടെ സ്വത്തുക്കള്‍. ശിവ ബാലകൃഷ്ണ എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്ടിലാണ് ബുധനാഴ്ച റെയ്ഡ് നടത്തിയത്. തെലങ്കാന സ്റ്റേറ്റ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി സെക്രട്ടറിയായ ഇയ്യാളുടെ വീട്ടില്‍ നിന്ന് പണമായി മാത്രം 40 ലക്ഷം രൂപ ലഭിച്ചായാണ് റിപ്പോര്‍ട്ട്.
നേരത്തെ ഹൈദരാബാദ് മെട്രോപൊളിറ്റന്‍ ഡെവലപ്മെന്റ് അതോറിറ്റി ഡയറക്ടറായിരുന്ന ഉദ്യോഗസ്ഥനാണ് ശിവ ബാലകൃഷ്ണ. ഇയ്യാളുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ 14 സംഘങ്ങള്‍ പരിശോധന നടത്തിയതായി അഴിമതി വിരുദ്ധ ബ്യൂറോ അറിയിച്ചു. തിരച്ചില്‍ വ്യാഴാഴ്ചയും തുടരുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പിടിച്ചെടുത്ത സ്വത്തുക്കളില്‍ സ്വര്‍ണവും ഫഌറ്റുകളും ബാങ്ക് നിക്ഷേപങ്ങളും ഉള്‍പ്പെടുന്നു.
ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. അഴിമതി വിരുദ്ധ ബ്യൂറോ ഇയാളുടെ വീട്ടിലും ഓഫീസുകളിലും മറ്റ് പ്രധാന സ്ഥലങ്ങളിലും പരിശോധന നടത്തി. നിരവധി ബിനാമി സ്വത്തുക്കളും കണ്ടെത്തി. രണ്ട് കിലോ സ്വര്‍ണം, 60 റിസ്റ്റ് വാച്ചുകള്‍, 14 ഫോണുകള്‍, 10 ലാപ്ടോപ്പുകള്, സ്വത്ത് രേഖകള്‍ എന്നിവ കണ്ടെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: