ന്യൂദല്‍ഹി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പൂരി ഠാക്കൂറിന് ഭാരതരത്ന നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സ്വാഗതം ചെയ്തു. എന്നാല്‍ കര്‍പൂരി ഠാക്കൂറിന് വളരെ മുമ്പേ ഭാരതരത്ന നല്‍കേണ്ടതായിരുന്നുവെന്ന് ആര്‍ജെഡി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് പ്രതികരിച്ചു.
നൂറാം ജന്മവാര്ഷികത്തില് കര്‍പൂരി ഠാക്കൂറിന് നല്കുന്ന പരമോന്നത സിവിലിയന്‍ ബഹുമതി ദളിതര്‍ക്കും സമൂഹത്തില്‍ അവഗണിക്കപ്പെട്ടവര്‍ക്കും ഇടയില്‍ നല്ല വികാരങ്ങള്‍ സൃഷ്ടിക്കുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. കര്‍പൂരി ഠാക്കൂറിന് ഭാരതരത്ന നല്‍കണമെന്ന് താന്‍ എപ്പോഴും ആവശ്യപ്പെടുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ തീരുമാനം സന്തോഷിപ്പിച്ചെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നു. കര്‍പൂരി ഠാക്കൂറിന്റെ മകന് രാംനാഥ് ഠാക്കൂറിനെ പ്രധാനമന്ത്രി വിളിച്ചിരുന്നു. എന്നെ ഇതുവരെ വിളിച്ചില്ല, എങ്കിലും അദ്ദേഹത്തെ ഞാന്‍ അഭിനന്ദിക്കുന്നു, നിതീഷ് പറഞ്ഞു.
കര്‍പൂരി ഠാക്കൂര്‍ തന്റെ ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസിനെതിരെ പോരാടുകയായിരുന്നുവെന്ന് ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി പറഞ്ഞു. എന്നാലിന്ന് കര്‍പൂരി ഠാക്കൂറിന്റെ അനുയായികള്‍ എന്ന് സ്വയം വിളിക്കുന്ന ലാലുപ്രസാദ് യാദവും നിതീഷ് കുമാറും കോണ്‍ഗ്രസിന്റെ മടിയില്‍ ഇരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കര്‍പൂരി ഠാക്കൂറിന് ഭാരതരത്നം നല്‍കണമെന്ന് ലാലു പ്രസാദ് യാദവും നിതീഷ് കുമാറും ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതിനായി അവര്‍ യാതൊന്നും ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു.
ചിലര്‍ സ്വന്തം കുടുംബത്തെക്കുറിച്ച് മാത്രമാണ് ചിന്തിച്ചതെന്നും മോദി സര്‍ക്കാര്‍ രാജ്യത്തെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നും മുന്‍കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു. നമ്മുടെ എതിരാളിയായിരിക്കാം, എന്നാല്‍ രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ ആദരിക്കുമെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.
കര്‍പൂരി ഠാക്കൂറിന് ഭാരതരത്ന ലഭിച്ചതില്‍ സന്തോഷം അറിയിച്ച് ലോക് ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പസ്വാന്. ഭാരത സര്‍ക്കാരിനും പ്രധാനമന്ത്രിക്കും നന്ദി പറയുന്നതായി ചിരാഗ് പറഞ്ഞു. ബിഹാറിലെയും രാജ്യത്തിന്റെയും മുഴുവന്‍ ജനങ്ങളുടെയും ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു കര്‍പൂരി ഠാക്കൂറിന് ഭാരതരത്ന സമ്മാനിക്കണമെന്നത്. ജനങ്ങളുടെ ഈ ആഗ്രഹമാണ് പ്രധാനമന്ത്രി സഫലമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: