വാരാണസി: ജ്ഞാന്‍വാപി സംബന്ധിച്ച ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്നും പകര്‍പ്പ് കേസില്‍ കക്ഷികളായ ഇരൂകൂട്ടര്‍ക്കും നല്‍കണമെന്നും വാരാണസി ജില്ലാ കോടതി ആവശ്യപ്പെട്ടു.
റിപ്പോര്‍ട്ട് ഇ മെയില്‍ വഴി നല്‍കുന്നതിനെ ഇരുകൂട്ടരും എതിര്‍ത്തതായി ഭക്തസമൂഹത്തിന് വേണ്ടി കോടതിയില്‍ ഹാജരായ അഡ്വ. വിഷ്ണു ശങ്കര്‍ ജെയിന് പറഞ്ഞു. ഇരുഭാഗത്തെയും കേട്ടതിന് ശേഷം, എഎസ്ഐ റിപ്പോര്‍ട്ടിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ലഭ്യമാക്കാന്‍ ധാരണയായി.
‘ശിവലിംഗം’ കണ്ടെത്തിയ ജ്ഞാന്‍വാപി മസ്ജിദിന്റെ ‘വസുഖാന’ വൃത്തിയാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി നേരത്തെ സുപ്രീം കോടതി അനുവദിച്ചിരുന്നു.
സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ കണക്കിലെടുത്ത് വാരണാസി ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ ‘വസുഖാന’ പ്രദേശം വൃത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ്ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.
സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് രണ്ട് വര്‍ഷമായി സീല്‍ ചെയ്തിരിക്കുന്ന വസുഖാന വൃത്തിയാക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റിയും അറിയിച്ചു. ശിവലിംഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് 2022ലാണ് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ‘വസുഖാന’ സീല്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: