ന്യൂദല്‍ഹി: എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായി ദല്‍ഹിയില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ആഘോഷത്തിന്റെ മുഖ്യആകര്‍ഷണമായ കര്‍ത്തവ്യപഥില്‍ നടക്കുന്ന റിപ്പബ്ലിക്ദിന പരേഡില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ആണ് മുഖ്യാതിഥി. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകവും കരുത്തും കുതിപ്പും വിളി ച്ചോതുന്ന പരേഡിന്റെ ഫുള്‍ ഡ്രസ് റിഹേഴ്സല്‍ ഇന്നലെ കര്‍ത്തവ്യപഥില്‍ നടന്നു.
വികസിതഭാരതവും നാരീശക്തിയും
വികസിതഭാരതമെന്ന ലക്ഷ്യത്തിനൊപ്പം ഭാരതത്തിന്റെ നാരീശക്തിയും വിളിച്ചോതുന്നതാകും പരേഡ്. നൂറ് വനിതാ കലാകാരന്മാര് ചേര്‍ന്ന് ശംഖ്, നാഗസ്വരം, നാഗദ എന്നിവ അവതരിപ്പിക്കുന്നതോടെയാണ് പരേഡ് ആരംഭിക്കുക. ദല്‍ഹി പോലീസ്, എന്‍സിസി, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ആംഡ് ഫോഴ്സ് മെഡിക്കല്‍ സര്‍വീസ് എന്നിവര്‍ വനിതകള്‍ മാത്രമുള്ള സംഘങ്ങളെയാണ് പരേഡില്‍ അണിനിരത്തുക.
കര-നാവിക-വ്യോമസേനകളിലെ വനിതകളടങ്ങുന്ന 144 പേര് പ്രത്യേകസംഘമായും മാര്‍ച്ച് ചെയ്യും. നാവികസേനയില്‍ നിന്നും വ്യോമസേനയില്‍ നിന്നുമുള്ള വനിതാ അഗ്നിവീര്‍ സൈനികരും ഈ സംഘത്തിലുണ്ട്. വ്യോമസേനയുടെ ഭാഗമായി വനിതാ ഫൈറ്റര്‍ പൈലറ്റുമാരും നാവികസേന അവതരിപ്പിക്കുന്ന ടാബ്ലോയിലെ യുദ്ധക്കപ്പലിന്റെ കമാന്‍ഡറായി വനിതയും പരേഡിലുണ്ടാകും. കരസേന സാധാരണയില്‍ നിന്ന് അധികമായി വനിതാ ഓഫീസര്‍മാരെയും സൈനികരെയും സംഘങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട 16 സംസ്ഥാനങ്ങളും ഒമ്പത് മന്ത്രാലയങ്ങളും അവതരിപ്പിക്കുന്ന ടാബ്ലോകളിലും വനിതകള്‍ മാത്രമാണുണ്ടാവുക.
പരേഡില്‍ ഫ്രഞ്ച് സൈന്യവും വിമാനങ്ങളും
ഫ്രാന്‍സില്‍ നിന്നുള്ള 95 അംഗ സൈന്യവും 33 അംഗബാന്ഡ് സംഘവും പരേഡില്‍ പങ്കെടുക്കും. ഫ്രഞ്ച് വ്യോമസേനയുടെ ഒരു മള്‍ട്ടി റോള്‍ ടാങ്കര്‍ ട്രാന്‍സ്പോര്‍ട്ട് (എംആര്‍ടിടി) വിമാനവും രണ്ട് റാഫേല്‍ വിമാനങ്ങളും ഫ്ളൈ പാസ്റ്റില്‍ പങ്കെടുക്കും.
13,000 പ്രത്യേക അതിഥികള്‍
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 13,000 പേര് പ്രത്യേക അതിഥികളായി പരേഡ് കാണാനെത്തും. വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവരും കേന്ദ്രസര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികള്‍ മികച്ചരീതിയില്‍ ഉപയോഗപ്പെടുത്തിയവരും ഇതില്‍ ഉള്‍പ്പെടുന്നു. ഐഎസ്ആര്‍ഒയിലെ വനിതാ ബഹിരാകാശ ശാസ്ത്രജ്ഞര്‍, യോഗ അദ്ധ്യാപികമാര്‍, സെന്‍ട്രല്‍ വിസ്ത ഉള്‍പ്പെടെയുള്ള പദ്ധതികളിലെ വനിതാ തൊഴിലാളികള്‍ എന്നിവരും പ്രത്യേക അതിഥികളാണ്. പൊതുജനപങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായി സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. ആകെയുള്ള 77,000 സീറ്റുകളില്‍ 42,000 സീറ്റുകള്‍ പൊതുജനങ്ങള്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്.
നാണയവും സ്റ്റാമ്പും
റിപ്പബ്ലിക്കിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിനാല്‍ പ്രതിരോധമന്ത്രാലയം ഒരു സ്മാരകനാണയവും സ്മാരക സ്റ്റാമ്പും ഇത്തവണ പുറത്തിറക്കും. 29ന് വിജയ് ചൗക്കില്‍ നടക്കുന്ന ബീറ്റിംഗ് റിട്രീറ്റ് ചടങ്ങോടെ ആഘോഷപരിപാടികള്‍ സമാപിക്കും. വിശിഷ്ട വ്യക്തികള്‍ക്കുള്ള ക്ഷണക്കത്ത് ഇലക്ട്രോണിക് മോഡിലാണ് ഇത്തവണയും നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: