വയനാട്: താമരശ്ശേരി ചുരത്തിൽ ആറാം വളവിൽ വൻ ഗതാഗതക്കുരുക്ക്. കെഎസ്ആർടിസി ബസും സമീപത്തായി ഒരു ലോറിയും തകരാറിലായതോടെയാണ് ഗതാഗത കുരുക്ക് അനുഭവപ്പെട്ടത്. ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുരുക്കിൽപ്പെട്ടു.
രാവിലെ എട്ടിന് ശേഷമാണ് കോഴിക്കോട് നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ടൗൺ ടു ടൗൺ ബസ് ആറാം വളവിൽ കുടുങ്ങിയത്. കയറ്റം കയറവെ വാഹനത്തിന്റെ ആക്സിൽ ഒടിഞ്ഞ് കുടുങ്ങുകയായിരുന്നു. ഇതോടെ മിനിറ്റുകൾ കൊണ്ട് തന്നെ രണ്ടാം വളവിന് അപ്പുറത്തേക്ക് ഗതാഗതക്കുരുക്ക് നീണ്ടു. ഇപ്പോൾ ഒരുവശം ചേർന്നു മാത്രമേ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്നുള്ളൂ.
ചുരം സംരക്ഷണ സമിതി പ്രവർത്തകരും പോലീസും ചേർന്ന് ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. ഇരു വാഹനങ്ങളും മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: