ഇടുക്കി : ചിന്നക്കനാലില്‍ പുറമ്പോക്ക് ഭൂമി കൈവശം വെച്ചെന്ന കേസില്‍ മാത്യൂ കുഴല്നാടന് എംഎല്‍എയുടെ ഭൂമി തിരിച്ചു പിടിക്കാന്‍ കളക്ടര്‍ അനുമതി നല്കി. സൂര്യനെല്ലിയിലെ റിസോര്‍ട്ടിനോടു ചേര്‍ന്നുള്ള 50 സെന്റ് പുറമ്പോക്ക് ഭൂമിയാണ് കൈവശപ്പെടുത്തിയിരുന്നത്. സംഭവത്തില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തെ ശരിവെച്ച് റവന്യൂ സംഘവും കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
ഭൂപതിവു നിയമങ്ങള്‍ ലംഘിച്ചാണു മാത്യൂ കുഴല്‍ നാടന്റെ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നതെന്നാരോപിച്ച് കഴിഞ്ഞ ഓഗസ്റ്റില്‍ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് റിസോര്‍ട്ടിനായുള്ള ഭൂമി വില്‍പ്പന നടത്തിയതിലും രജിസ്റ്റര്‍ ചെയ്തതിലും ക്രമക്കേട് നടന്നിട്ടുണ്ടെന്ന പ്രാഥമിക നിഗമനത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു.
തുടര്‍ന്ന് എംഎല്‍എയെ വിജിലന്‍സ് ചോദ്യം ചെയ്തതിന് പിന്നാലെ റവന്യൂ വിഭാഗവും ഇതുസംബന്ധിച്ച് അന്വേഷണം നടത്തി. 50സെന്റ് പുറമ്പോക്ക് ഭൂമി കൈവശം വെച്ചിട്ടുണ്ടെന്ന വിജിലന്‍സ് നിഗമനം ശരിവെക്കുന്നതായിരുന്നു റവന്യൂ വകുപ്പും കളക്ടര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മിച്ചഭൂമി തിരിച്ചു പിടിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
മൂന്ന് വര്‍ഷം മുമ്പാണ് എംഎല്‍എയും സുഹൃത്തുക്കളും ചേര്‍ന്ന് റിസോര്‍ട്ട് വാങ്ങിയത്. ഒരേക്കര്‍ 14 സെന്റ് ഭൂമിയും കെട്ടിടങ്ങളുമാണു വാങ്ങിയത്. 4,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു കെട്ടിടവും 850 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 2 കെട്ടിടങ്ങളുമാണ് ഇവിടെയുള്ളത്. 2022 ഫെബ്രുവരിയില്‍ 2 കെട്ടിടങ്ങളുടെ ആധാരം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: