കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കാനൊരുങ്ങി മമതാ ബാനർജി. സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഇന്ത്യ മുന്നണിയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കൂടുതലകന്നെന്ന് തെളിയിച്ചിരിക്കുകയാണ് മമതയുടെ ഈ പ്രസ്താവന. കോണ്‍ഗ്രസിലെ മുകുള്‍ വാസ്നികിന്റെ നേതൃത്വത്തിലുള്ള സഖ്യസമിതി തൃണമൂല്‍ അടക്കമുള്ള കക്ഷികളുമായി ചര്‍ച്ചകള്‍ തുടരാനിരിക്കെയാണ് മമതയുടെ പ്രതികരണം.
കൊല്‍ക്കത്തയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തില്‍ പശ്ചിമബംഗാളിലെ 42 സീറ്റുകളിലും ടിഎംസി തനിച്ചു മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമതാ ബാനർജി വ്യക്തമാക്കിയത്. നേരത്തേ രണ്ട് സിറ്റിങ് സീറ്റുകള്‍മാത്രം കോണ്‍ഗ്രസിന് വിട്ടുനല്‍കാമെന്നായിരുന്നു മമതയുടെ നിലപാട്. എന്നാൽ രണ്ട് സിറ്റിങ് സീറ്റുകള്‍ മമത വെച്ചുനീട്ടുന്നതിനോട് യോജിപ്പില്ലെന്ന് ബംഗാളിലെ കോണ്‍ഗ്രസ് നേതൃത്വവും വ്യക്തമാക്കി.
നേരത്തെ ഇന്ത്യ മുന്നണിയുടെ യോഗങ്ങളെ നിയന്ത്രിക്കുന്നത് സിപിഎമ്മാണെന്ന് മമത പാര്‍ട്ടി യോഗത്തില്‍ തുറന്നടിച്ചിരുന്നു. കോണ്‍ഗ്രസ് സിപിഎമ്മിന് കീഴടങ്ങിയെന്ന് തൃണമൂല്‍ ആരോപിക്കുന്നു. അതേസമയം, ബംഗാളില്‍ മമതയുമായി യോജിപ്പിനില്ലെന്ന് സിപിഎം വ്യക്തമാക്കി.
കോൺഗ്രസിനോട് 300 സീറ്റുകളില്‍ തനിച്ച് മത്സരിക്കാനും അവശേഷിക്കുന്ന സീറ്റുകള്‍ സ്വാധീനമുള്ള പ്രാദേശിക കക്ഷികള്‍ക്ക് കൈമാറാനും താന്‍ നിര്‍ദേശിച്ചെങ്കിലും തങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്യുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചതെന്ന് പിന്നീട് കൊല്‍ക്കത്തയിലെ പൊതുറാലിയില്‍ മമത ആരോപിച്ചു.
ഇന്ത്യ മുന്നണിയെ ദുര്‍ബലപ്പെടുത്താനാണ് മമത ശ്രമിക്കുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം തിരിച്ചടിച്ചു. സീറ്റുകളില്‍ മാത്രമാണ് അവര്‍ക്ക് താത്പര്യമെന്നും മുഹമ്മദ് സലിം പറഞ്ഞു. മമതയുടെ യഥാർഥമുഖം നേരത്തേ കണ്ടതാണെന്നും അവരെ ഒരിക്കലും വിശ്വസിക്കാനാകില്ലെന്നും കോണ്‍ഗ്രസ് നേതാവ് കൗസ്തവ് ബാഗ്ചിയും ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: