ന്യൂദല്‍ഹി: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠക്ക് ആശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു അയച്ച സന്ദേശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്‌ട്രപതിയുടെ അനുഗ്രഹത്തിനും വാത്സല്യത്തിനും അങ്ങേയറ്റം നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി മറുപടിയില്‍ പറയുന്നു.
രാഷ്‌ട്രപതിയുടെ സന്ദേശം വിലമതിക്കാനാകാത്ത പിന്തുണയും ശക്തിയും നല്‍കി. ഒരിക്കലും അടര്‍ത്തിമാറ്റാന്‍ കഴിയാത്ത വിധം അയോദ്ധ്യയെ ഹൃദയത്തില്‍ ആവാഹിച്ചാണ് മടങ്ങിയെത്തിയതെന്നും പ്രധാനമന്ത്രി പറയുന്നു.
അയോദ്ധ്യയിലേക്ക് ഒരു തീര്‍ത്ഥാടനം നടത്തി. ഇത്തരമൊരു ചരിത്രസന്ദര്‍ഭത്തിന് സാക്ഷിയായത് പദവി കൊണ്ടാണ്. എന്നാല്‍ അത് ഉത്തരവാദിത്തവുമായിരുന്നു. നൂറ്റാണ്ടുകളായി തുടരുന്ന ഈ വ്രതാനുഷ്ഠാനങ്ങളുടെ പരിസമാപ്തിയില്‍ പങ്കാളിയായത് വളരെ വൈകാരിക നിമിഷമാണ് സമ്മാനിച്ചത്. ഭഗവാന്‍ ശ്രീരാമന്റെയും ഭാരതത്തിലെ ജനങ്ങളുടെയും അനുഗ്രഹത്താലാണ് ആ നിമിഷം സാധ്യമായത്.
ശ്രീരാമനെ ആരാധനാമൂര്‍ത്തി മാത്രമല്ല, ജീവിതത്തിന്റെ സമസ്തമേഖലകള്‍ക്കും പ്രചോദനവുമാണ്. ഭഗവാന്‍ ശ്രീരാമന്റെ ചിന്തകളാണ് ഭാരതത്തിന്റെ മഹത്തായ ഭാവിയുടെ അടിത്തറ. ഈ ചിന്തകളുടെ ശക്തി 2047 ആവുന്നതോടെ വികസിത ഭാരതത്തിന് വഴിയൊരുക്കും.
വിജയത്തിനും വികസനത്തിന്റെ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നതിനും ക്ഷേത്രത്തിലുടെ ശ്രീരാമന്റെ പ്രചോദനം തുടര്‍ന്നുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി 21ന് രാത്രിയാണ് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസാസന്ദേശം അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: