തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം നാളെ തുടങ്ങും. ബജറ്റ് അവതരിപ്പിച്ച് പാസാക്കുന്ന സമ്മേളനത്തില്‍ എട്ടുബില്ലുകള്‍ ആണ് പരിഗണിക്കുന്നത്. നാളെ ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്.
32 ദിവസത്തെ സമ്മേളനത്തില്‍ ഫെബ്രുവരി അഞ്ചിനാണ് ബജറ്റ് അവതരിപ്പിക്കുക. 12 മുതല്‍ 14 വരെ ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയും ധനാഭ്യര്‍ത്ഥനകളുടെ സൂക്ഷ്മ പരിശോധനയ്ക്കായി ഫെബ്രുവരി 15 മുതല്‍ 25 വരെ സബ്ജക്ട് കമ്മിറ്റികളും യോഗം ചേരും. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 20 വരെ ധനാഭ്യര്‍ത്ഥനകള്‍ ചര്‍ച്ച ചെയ്ത് പാസ്സാക്കും. ജനുവരി 29,30,31 തീയതികളില്‍ ഗവര്‍ണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചകളാണ്. സര്‍ക്കാര്‍ കാര്യത്തിനായി അഞ്ചു ദിവസവും അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായി നാലു ദിവസവും നീക്കിവച്ചിട്ടുണ്ട്.
ഓര്‍ഡിനന്‍സിനു പകരമുള്ള കേരള സംസ്ഥാന ചരക്കു സേവന നികുതി (ഭേദഗതി) ബില്‍, കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്‍, കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബില്‍ എന്നീ ബില്ലുകള്‍ സഭയില്‍ എത്തും. കൂടാതെ കേരള വെറ്ററിനറിയും ജന്തുശാസ്ത്രവും സര്‍വ്വകലാശാല (ഭേദഗതി) ബില്‍, കേരള കന്നുകാലി പ്രജനന (ഭേദഗതി) ബില്‍, ക്രിമിനല്‍ നടപടി നിയമസംഹിത (കേരള രണ്ടാം ഭേദഗതി) ബില്‍, കേരള പൊതുരേഖ ബില്‍, മലബാര്‍ ഹിന്ദു മത ധര്‍മ്മസ്ഥാപനങ്ങളും എന്‍ഡോവ്മെന്റുകളും എന്നീ ബില്ലുകളും സഭയില്‍ അവതരിപ്പിച്ചേക്കും. മാര്‍ച്ച് 27ന് സഭാ സമ്മേളനം അവസാനിപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്.
കോണ്‍ഗ്രസ്സിന്റെ ജാഥ നടക്കുന്നതിനാല്‍ ബജറ്റ് അവതരണ തീയതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കത്ത് നല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന് എതിരെയുള്ള ദല്‍ഹി സമരം ഫെബ്രുവരി എട്ടിനാണ് എല്‍ഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. അതനുസരിച്ചാണ് ബജറ്റ് അഞ്ചിന് തീരുമാനിച്ചത്. അതിനാല്‍ തീയതി മാറ്റാന്‍ സാധ്യതയില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ആലോചിച്ച് തീരുമാനമമെടുക്കുമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൂടാതെ സഭാസമ്മേളനത്തിനിടയ്ക്ക് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായേക്കും. അതനുസരിച്ച് സഭാ സമ്മേളനത്തിലും മാറ്റം വരുമെന്ന് സ്പീക്കര്‍ പറഞ്ഞു.
അതേസമയം നിയമസഭാ സമ്മേളനം പ്രതിപക്ഷം പ്രക്ഷുബ്ദമാക്കും. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ അന്വേഷണം, നവകേരള സദസ്സിന്റെ ചിലവ്, സാമ്പത്തിക പ്രതിസന്ധി, സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയത്, കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും മുടങ്ങിയത്, യൂത്ത് കോണ്‍ഗ്രസ്സ് സമരത്തിനെതിതിരെ അതിക്രമവും രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റും, ശബരിമല തീര്‍ത്ഥാടനം അലങ്കോലമായത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. ഇതോടെ സഭ കൂടുതല്‍ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങും. നിയമസഭയക്ക് പുറത്തും ശക്തമായ പ്രക്ഷോഭങ്ങളും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: