കൊച്ചി: ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികള്‍ക്കും യുവഗവേഷകര്‍ക്കും സമുദ്രജൈവവൈവിധ്യത്തെക്കുറിച്ച് ശാസ്ത്രീയ അറിവുകള്‍ പകര്‍ന്ന് നല്‍കാനൊരുങ്ങി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). കാലാവസ്ഥാവ്യതിയാനം ഉള്‍പ്പെടെ വര്‍ധിച്ചുവരുന്ന വെല്ലുവിളികള്‍ക്കിടയില്‍ കടല്ജൈവവിധ്യത്തെയും പരിസ്ഥിതിയെയും സംബന്ധിച്ച ശാസ്ത്രീയപാഠങ്ങള്‍ പുതുതലമുറയിലെത്തിക്കുകയാണ് ലക്ഷ്യം.
‘നോ യുവര്‍ മറൈന്ബയോഡൈവേഴ്സിറ്റി ആന്റ് എണ്വയണ്മെന്റ’ എന്ന പേരില്‍ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടി ഫെബ്രുവരി അഞ്ച് മുതല്‍ ഒമ്പത് വരെ സിഎംഎഫ്ആര്‍ഐയില്‍ നടക്കും. സമുദ്ര ജൈവവൈവിധ്യം, ടാക്സോണമി, പാരിസ്ഥിതിക വെല്ലുവിളികള്‍ തുടങ്ങിയവയെ കുറിച്ച് ആഴത്തിലുള്ള ധാരണ നല്‍കും.
കടല്‍ വിഭവങ്ങള്‍ വിലയിരുത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ശാസ്ത്രീയ കഴിവുകള്‍ സ്വന്തമാക്കുന്നതിനും പരിശീലനം നല്‍കും. പവിഴപ്പുറ്റുകളുടെ വൈവിധ്യം, സമുദ്ര സസ്തനി സംരക്ഷണം, കടല്‍ മത്സ്യത്തെ തിരിച്ചറിയല്‍, കടലാമ സംരക്ഷണം, മാലിന്യനിര്മാര്ജ്ജനരീതി എന്നിവയുള്‍പ്പെടെ നിരവധി മേഖലയിലെ ശാസ്ത്രപാഠങ്ങള്‍ പകര്ന്നുനല്കും.
സമുദ്രജൈവവിധ്യം ശാസ്ത്രീയമായി അടുത്തറിയാന്‍ സഹയകരമാകുന്ന ഈ പരിശീലനപരിപാടിക്ക് കാലാവസ്ഥാ വ്യതിയാനവും മലിനീകരണവും ഉള്‍പ്പെടെ വര്‍ധിച്ചുവരുന്ന ഭീഷണികളുടെ പശ്ചാത്തലത്തില്‍ ഏറെ പ്രാധാന്യമുണ്ടെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന് പറഞ്ഞു. ഇക്കാര്യത്തിലെ ശാസ്ത്രീയ അറിവുകള്‍
ആഗോള ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറക്കുന്നതിനുമുള്ള മുന്നൊരുക്കങ്ങള്‍ക്ക് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സിഎംഎഫ്ആര്‍ഐയുടെ വെബ്സൈറ്റില്‍ (ംംം.രാളൃശ.ീൃഴ.ശി) നല്കിയ ഗൂഗിള്‍ ഫോം ഉപയോഗിച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. അവസാന തീയതി ജനുവരി 29. പരമാവധി 30 പേര്‍ക്ക് പങ്കെടുക്കാം. ഡോ. മിറിയം പോള്‍ ശ്രീറാമാണ് കോഴ്സ് കണ്‍വീനര്‍. ഫോണ്‍ 8301048849.
പ്രതികരിക്കാൻ ഇവിടെ എഴുതുക: