കുവൈറ്റ് സിറ്റി: രാജ്യത്തെ അനധികൃത കുടിയേറ്റക്കാർക്ക് പിഴ അടച്ച് കൊണ്ട് തങ്ങളുടെ രേഖകൾ ശരിപ്പെടുത്തുന്നതിന് അവസരം നൽകുന്നതിനായി കുവൈറ്റ് പ്രഖ്യാപിച്ച പൊതുമാപ്പ് പദ്ധതി നിർത്തിവെച്ചതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2020-നു മുൻപായി കുവൈറ്റിൽ അനധികൃതമായി എത്തിയിട്ടുള്ള വിദേശികൾക്ക് വേണ്ടിയാണ് ഇത്തരം ഒരു പൊതുമാപ്പ് പദ്ധതി പ്രഖ്യാപിച്ചിരുന്നത്. ഇവർക്ക് ഒരു നിശ്ചിത പിഴ തുക അടച്ച് കൊണ്ട് തങ്ങളുടെ റെസിഡൻസി നിയമലംഘനം സംബന്ധിച്ച ശിക്ഷകൾ ഒഴിവാക്കുന്നതിന് ഈ പദ്ധതി അവസരം നൽകിയിരുന്നു. എന്നാൽ ഈ പദ്ധതി നിർത്തിവെക്കാൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ബന്ധപ്പെട്ട വകുപ്പുകളോട് നിർദ്ദേശിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അനധികൃത കുടിയേറ്റക്കാർക്കെതിരെ ആഭ്യന്തര മന്ത്രാലയം കർശന നടപടികൾ സ്വീകരിക്കുമെന്ന് നേരത്തെ സുരക്ഷാ വകുപ്പുകളിലെ സ്രോതസ്സുകൾ സൂചന നൽകിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ തന്നെ റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 1470 പ്രവാസികളെ രണ്ടാഴ്ചയ്‌ക്കിടയിൽ നാട് കടത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വകുപ്പുകൾ നടത്തിയ പരിശോധനകളിലായിരുന്നു ഈ നടപടി. കുവൈറ്റിലെ കുടിയേറ്റനിയമങ്ങളുടെ ലംഘനങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരക്കാരെ നാട് കടത്താനുള്ള തീരുമാനം അധികൃതർ കൈക്കൊള്ളുന്നത്.
ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തി കർശനമായ നടപടികൾ സ്വീകരിക്കുന്നതിന് രാജ്യവ്യാപകമായി പരിശോധനകൾ ശക്തമാക്കാൻ കുവൈറ്റ് ആഭ്യന്തര വകുപ്പ് ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: