അയോധ്യ: ഭൂമിയിലെ ഏറ്റവും ഭാഗ്യവാൻ താനാണെന്ന് തോന്നുന്നുവെന്ന് അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ വിഗ്രഹമായ രാംലല്ലയുടെ ശിൽപി അരുൺ യോഗിരാജ്. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പൂർവികരുടെയും കുടുംബാംഗങ്ങളുടെയും ഭഗവാൻ രാംലല്ലയുടെയും അനുഗ്രഹം എപ്പോഴും തന്നോടൊപ്പമുണ്ട്. താൻ ഒരു സ്വപ്നലോകത്താണെന്നാണ് തോന്നുന്നതെന്നും അരുൺ യോഗിരാജ് പറഞ്ഞു. 51 ഇഞ്ച് വലുപ്പമുള്ള രാംരല്ല കൃഷ്ണശില ഉപയോഗിച്ചാണ് തയ്യാറാക്കിയത്. മൈസൂരു എച്ച്ഡി കോട്ടെയിലെ ചെറു ഗ്രാമമായ ബുജ്ജേഗൗധൻപുരയിൽ വെച്ചായിരുന്നു വിഗ്രഹത്തിന്റെ നിർമാണം.
2022 സെപ്റ്റംബറിൽ ഇന്ത്യ ഗേറ്റിനു സമീപം പ്രധാനമന്ത്രി സ്ഥാപിച്ച നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 28 അടി ഉയരമുള്ള പ്രതിമ നിർമിച്ചതും അരുൺ യോഗിരാജ് ആയിരുന്നു. നേതാജിയുടെ പ്രതിമ നിർമിച്ച അരുൺ യോഗിരാജ് അന്ന് പ്രധാനമന്ത്രിയുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് രാംരല്ലയുടെ വിഗ്രഹം തയ്യാറാക്കാനുള്ള നിയോഗം ലഭിക്കുന്നത്.
അരുൺ യോഗിരാജിനെ കൂടാതെ, ബെംഗളൂരു സ്വദേശി ഗണേഷ് ഭട്ട്, രാജസ്ഥാൻ സ്വദേശി സത്യ നാരായണൻ എന്നിവരെയും വിഗ്രഹം തയ്യാറാക്കുന്നതിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഒടുവിൽ ഭാഗ്യം അരുണിനെ തേടിയെത്തുകയായിരുന്നു. മൈസൂരു സ്വദേശിയായ 38കാരനാണ് അരുൺ യോഗിരാജ്. എംബിഎ ബിരുദധാരിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: