അയോദ്ധ്യ : രാമന്‍ ജന്മഭൂമിയിലേക്ക് മടങ്ങിയെത്തുന്ന പുണ്യനിമിഷം. ലോകമാകെ ആ മുഹൂര്‍ത്തം ആഘോഷിക്കാന്‍ ഒരുങ്ങിയിരിക്കുന്നു. ഇനി പുതിയ തുടക്കമാണ്. പുതിയ ഭാരതത്തിന്റെ, രാമരാജ്യസ്ഥാപനത്തിന്റെ ആദ്യ ചുവടുവയ്പ്.
അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിയില്‍ രാവിലെ 12.20 മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ ആരംഭിക്കും. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഗര്‍ഭഗൃഹത്തില്‍ സാന്നിധ്യമാകും. 12 മണി 29 മിനിട്ട് എട്ട് സെക്കന്‍ഡ് മുതല്‍ 12 മണി 30 മിനിട്ട് 32 സെക്കന്‍ഡ് വരെ അഭിജിത് മുഹൂര്‍ത്തത്തില്‍ (84 സെക്കന്‍ഡ്) ബാലകരാമ വിഗ്രഹത്തിലേക്ക് പ്രാണപ്രവേശം നടക്കും. കണ്ണുകളുടെ ബന്ധനം നീക്കി രാമന്‍ തന്റെ പ്രജകളെ കാണും. അഞ്ഞൂറുവര്‍ഷം വ്രതം നോറ്റിരുന്നവരുടെ തലമുറകള്‍ക്ക് ജന്മഭൂമിയില്‍ രാമനെ ദര്‍ശിച്ച് സയുജ്യമടയാം. ലോകമെങ്ങുമുള്ള രാമഭക്തര്‍ക്ക് കണ്ണുനീരര്‍ച്ചനയ്‌ക്കുള്ള നിമിഷം.
ഭാരത വര്‍ഷത്തിന്റെ സുപ്രധാന ദിനമായി ചരിത്രം ജനുവരി 22നെ അടയാളപ്പെടുത്തും. ഗര്‍ഭഗൃഹത്തിലേക്ക് ബാലകരാമനെ തിരിച്ചെത്തിക്കാനുള്ള നിയോഗം കഠിനവ്രതം നോറ്റെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ്. സര്‍സംഘചാലകും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും രാമക്ഷേത്ര ട്രസ്റ്റ് അംഗങ്ങളും ഗര്‍ഭഗൃഹത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമാകും. വിഗ്രഹത്തിന്റെ കണ്ണുകള്‍ മൂടിയ വസ്ത്രം നീക്കി കണ്ണാടിയില്‍ രാമവിഗ്രഹത്തെ പ്രതിബിംബം കാണിക്കും. തുടര്‍ന്ന് കണ്ണുകളില്‍ അഞ്ജനമെഴുതും. ഭാരതത്തിലെ നൂറ്റമ്പതില്‍ പരം സംന്യാസിപരമ്പരകളുടെ പ്രതിനിധികള്‍ രാമവിഗ്രഹ പ്രതിഷ്ഠയ്‌ക്ക് അനുഗ്രഹമരുളാന്‍ ജന്മഭൂമിയിലുണ്ടാവും. രാമനാമ മുഖരിതമായ അന്തരീക്ഷത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി പ്രധാനമന്ത്രിയും മറ്റുള്ളവരും പുറത്തിറങ്ങി അതിഥികളെ അഭിസംബോധന ചെയ്യും.
ഇന്ന് രാവിലെ പത്ത് മുതല്‍ പന്ത്രണ്ട് വരെ വിവിധ സംസ്ഥാനങ്ങളിലെ വാദ്യങ്ങള്‍ രാമജന്മഭൂമിയില്‍ സംഗീതാര്‍ച്ചയായി പെയ്തിറങ്ങും. നാഗസ്വരവും മൃദംഗവും വീണയുമെല്ലാം രാമഗീതികള്‍ ആലപിക്കും. പതിനൊന്നോടെ പ്രധാനമന്ത്രി അടക്കമുള്ള വിശിഷ്ട വ്യക്തികള്‍ ജന്മഭൂമിയിലെത്തിച്ചേരും. സംന്യാസിമാരടക്കമുള്ള പ്രമുഖര്‍ പത്തരയോടെ ഇരിപ്പിടങ്ങളിലെത്തും. കേരളത്തില്‍ നിന്നുള്ള അമ്പതു പേര്‍ അടക്കം ഏഴായിരത്തോളം പേരാണ് പ്രാണപ്രതിഷ്ഠാ ചടങ്ങുകളില്‍ പ്രത്യേക ക്ഷണ പ്രകാരം പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: