അയോധ്യ : തിങ്കളാഴ്ച നടക്കുന്ന ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ഉത്സവലഹരിയിലാണ് അയോധ്യ. വിപുലമായ ക്രമീകരണങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അയോധ്യയാകെ ശ്രീരാമഭക്തിയുടെ അന്തരീക്ഷമാണ് നിറഞ്ഞ് നില്‍ക്കുന്നത്. പൂര്‍വപ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. പ്രാണ പ്രതിഷ്ഠാ ചടങ്ങ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.20 മുതല്‍ 12.30 വരെയാണ്. ക്ഷേത്രവും പരിസരവും പൂക്കളും കൊടി തോരണങ്ങള്‍ കൊണ്ടും അലങ്കരിച്ചിട്ടുണ്ട്.
ഭക്തിയില്‍ അലിഞ്ഞ് അയോധ്യ
ശ്രീരാമന്റെ കൃപയ്ക്കായി രാജ്യത്തിന്റെയും ലോകത്തിന്റെയും നാനാഭാഗത്തുനിന്നും ആയിരക്കണക്കിന് രാമഭക്തരാണ് അയോധ്യയിലെത്തിക്കൊണ്ടിരിക്കുന്നത്. ക്ഷേത്രങ്ങളില്‍ കീര്‍ത്തനവും ഭജനയും രാമായണവും തുടര്‍ച്ചയായി പാരായണം ചെയ്യുന്നു.റോഡുകളില്‍ ആളുകള്‍ ശ്രീരാമ മന്ത്രം ജപിക്കുന്നു.പൊതുജനങ്ങള്‍ക്ക് ദര്‍ശനം ചൊവ്വാഴ്ച മുതലായിരിക്കും.
പഴുതടച്ച സുരക്ഷ
അയോധ്യയുടെ അതിര്‍ത്തികള്‍ അടച്ചു. വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നു. ഡ്രോണുകളുടെ നിരന്തര നിരീക്ഷണത്തിലാണ് അയോധ്യ. അയോധ്യയിലെ തെരുവുകളിലും കവലകളിലും ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുളളത്. സരയൂ നദിയില്‍ വാട്ടര്‍ പൊലീസിനെ വിന്യസിച്ചിരിക്കുന്നു.
പൊലീസ് ഉദ്യോഗസ്ഥര്‍ മുഴുവന്‍ കെട്ടിടങ്ങളിലും പരിശോധന നടത്തുകയും അയോധ്യയിലെ തെരുവുകളില്‍ മാര്‍ച്ച് നടത്തുകയും ചെയ്തു. പൂര്‍വ പ്രാണ പ്രതിഷ്ഠാ ചടങ്ങുകളുടെ സമാപന ദിവസമായ ഇന്ന് വിവിധ പുണ്യനദികളുടെയും ജലാശയങ്ങളുടെയും ജലം കൊണ്ട് രാംലല്ലയെ അഭിഷേകം നടത്തും. മറ്റ് വിവിധ തരം ചടങ്ങുകളും നടക്കും.
പ്രധാനമന്ത്രി തിങ്കളാഴ്ച രാവിലെ എത്തും
പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച രാവിലെ 10. 30 ഓടെ എത്തും. ഹനുമാന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന അദ്ദേഹം സരയൂ നദിയില്‍ സ്നാനം നടത്തും. ശ്രീരാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ യജമാന സ്ഥാനത്താണ് നരേന്ദ്രമോദി. പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി തമിഴ്നാട്ടിലെ വിവിധ ക്ഷേത്രങ്ങളില്‍ പ്രധാനമന്ത്രി ദര്‍ശനം നടത്തി.
അവധി പ്രഖ്യാപിച്ച് സംസ്ഥാനങ്ങള്‍
പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് 14 സംസ്ഥാനങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ പൊതുജനങ്ങള്‍ക്ക് മാധ്യമങ്ങളിലൂടെ കാണുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 വരെ അവധി പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് സംസ്ഥാനങ്ങളിലും അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തിസ്ഗഢ്്, ഹര്യാന, ഒഡീഷ, അസം, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, രാജസ്ഥാന്, ഗോവ, ത്രിപുര, ഹര്യാന. ചണ്ഡീഗഢ്, പുതുച്ചേരി എന്നിവിടങ്ങളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ ചില സംസ്ഥാനങ്ങള്‍ അന്നേദിവസം മുഴുവനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചവരെ ബാങ്കുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടബന്ധിച്ച് 2.30വരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് പൊതുമേഖലാ ബാങ്കുകളും, ഇന്‍ഷുറന്‍സ് കമ്പനികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, പ്രാദേശിക ബാങ്കുകള്‍ എന്നിവ വ്യക്തമാക്കിയിട്ടുണ്ട്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചും തിങ്കളാഴ്ച പ്രവര്‍ത്തിക്കില്ലെന്ന് ആര്‍ബിഐയും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: