Categories: India

സ്വാമി ചിദാനന്ദപുരിയും സംഘവും അയോധ്യയില്‍ എത്തി

കേരളത്തില്‍ നിന്നുള്ള ഒരു സന്യാസിസംഘം കൊളത്തൂര്‍ ആശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ നേതൃത്വത്തില്‍ അയോധ്യയില്‍ എത്തി. ചിദാനന്ദ

Published by

അയോധ്യ: കേരളത്തില്‍ നിന്നുള്ള ഒരു സന്യാസിസംഘം കൊളത്തൂര്‍ ആശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ നേതൃത്വത്തില്‍ അയോധ്യയില്‍ എത്തി. സ്വാമി ചിദാനന്ദപുരിയ്‌ക്കൊപ്പം കേരളത്തിലെ മറ്റു ആശ്രമങ്ങളില്‍ നിന്നുള്ള ഏതാനും സന്യാസിമാര്‍ കൂടി ഈ സംഘത്തില്‍ ഉണ്ട്.

ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 4000ഓളം സന്യാസശ്രേഷ്ഠരെയാണ് അയോധ്യയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. “ഭാരതത്തിലെ എല്ലാ സമ്പ്രദായങ്ങളിലും പെട്ട സന്യാസിമാര്‍ ഇവിടെ എത്തുന്നുണ്ട്. ഭാരതത്തിലെ മാത്രമല്ല, മറ്റ് രാജ്യങ്ങളില്‍ നിന്നും സന്യാസി ശ്രേഷ്ഠര്‍ ഇവിടെ എത്തുന്നുണ്ട്.”- സ്വാമി ചിദാനന്ദപുരി പറഞ്ഞു.

“അയോധ്യയില്‍ മൊത്തം ഒരു മഹോത്സവത്തിന്റെ പ്രതീതിയാണ്. അതില്‍ ഒരു ഭേദവുമില്ലാതെ , ഹിന്ദു മുസ്ലിം ഭേദമില്ലാതെ, എല്ലാ മനുഷ്യരും ഇതില്‍ പങ്കെടുക്കുന്നു. എല്ലായിടത്തും പുഷ്പാലംകൃതമാണ്. ഭാരതത്തിന്റെ വലിയൊരു വീണ്ടെടുക്കലിന്റെ സന്ദര്‍ഭമായി ജനങ്ങള്‍ തിരിച്ചറിഞ്ഞു. ഇവിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച 31000 കോടിയുടെ വികസനപരിപാടികള്‍ ഇവിടെ നടക്കുന്നു. അതിന്റെ ഒരു പരിവര്‍ത്തനവും ഇവിടെ നടക്കുന്നുണ്ട്.” – സ്വാമി ചിദാനന്ദപുരി പറഞ്ഞു.

“ഭാരതത്തിന്റെ സപുത്രരായ മഹാത്മാഗാന്ധിയെപ്പോലുള്ളവര്‍ രാമരാജ്യമാണ് ആഗ്രഹിച്ചിരുന്നത്. ഇത് ഒരു ക്ഷേത്രപ്രതിഷ്ഠയില്‍ ഒതുങ്ങല്ല. വലിയൊരു ദേശീയോത്സവമായി മാറുകയാണ്.” – ചിദാനന്ദപുരി പറഞ്ഞു.

തിങ്കളാഴ്ച രാവിലെ എട്ട്മണിക്ക് സന്യാസി ശ്രേഷ്ഠരെ മുഴുവന്‍ പ്രാണപ്രതിഷ്ഠാവേദിയില്‍ എത്തിക്കും. 12.20ന് മുഹൂര്‍ത്തമെല്ലാം കഴിഞ്ഞ് മാത്രമേ സന്യാസിമാര്‍ക്ക് പുറത്തുകടക്കാന്‍ സാധിക്കൂ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക