സരയൂ ഇന്ന് അതീവ ശാന്തമാണ്. ഈ പുണ്യനഗരിയിലെ ഓരോ മാറ്റത്തിനും സരയൂ സാക്ഷ്യം വഹിക്കുന്നു. രാമജന്മഭൂമിയിലേക്കുള്ള ബാലകരാമന്റെ തിരിച്ചുവരവിന്റെ ആഘോഷങ്ങള്‍ സരയൂനദീതീരത്തു നിറയുമ്പോള്‍ ഈ നാടിന്റെ സാംസ്‌ക്കാരിക വീണ്ടെടുപ്പിന്റെ കാഹളമെങ്ങും മുഴങ്ങുകയാണ്. രാജ്യത്തെ ഏറ്റവും വൃത്തിഹീനമായ നഗരം ഏതെന്നതിന്റെ ഉത്തരമായിരുന്നു അയോദ്ധ്യ. മൂന്നുവര്‍ഷം മുമ്പ് വരെ. എന്നാലിന്ന് അയോദ്ധ്യയിലെ കാഴ്ചകള്‍ അങ്ങനെയല്ല. സരയൂ തീരത്തെ അതിമനോഹരമായി പുനര്‍നിര്‍മ്മിച്ചിരിക്കുന്നു.
അയോദ്ധ്യയിലൂടെ ശാന്തമായി ഒഴുകുകയാണ് സരയൂ. ഈ പഴയ രഘുവംശ രാജധാനിയെ ചുറ്റിയൊഴുകുന്ന സരയൂ ഭാരത ചരിത്രത്തിന് സാക്ഷ്യം വഹിച്ചവളാണ്. രാമന്റെ ജനനവും വനവാസവും രാവണ നിഗ്രഹത്തിനുശേഷം അയോദ്ധ്യാ നഗരിയിലേക്കുള്ള ആഘോഷപൂര്‍ണ്ണമായ മടങ്ങിവരവും രാമപട്ടാഭിഷേകവും കണ്ടവള്‍. ഒടുവില്‍ അവതാരപൂര്‍ത്തീകരണത്തിന് ശേഷം ജീവത്യാഗം ചെയ്യാനെത്തിയ രാമനെത്തന്നെ ഏറ്റെടുത്തൊഴുകിയ സരയൂ. അഞ്ഞൂറു കൊല്ലങ്ങള്‍ക്ക് മുമ്പ് സരയൂ തീരത്ത് വിശ്രമിക്കുമ്പോഴാണ് സൈന്യാധിപനായ മീര്‍ ബാഖിയോട് രാമജന്മഭൂമിയിലെ ക്ഷേത്രം തകര്‍ത്ത് മസ്ജിദ് പണിയാന്‍ ബാബര്‍ ഉത്തരവിട്ടത്. തുടര്‍ന്നങ്ങോട്ട് ജന്മഭൂമിയുടെ വീണ്ടെടുപ്പിന് നടന്ന പോരാട്ടങ്ങളൊക്കെയും സരയൂ നദിയെ സാക്ഷിയാക്കിക്കൊണ്ടായിരുന്നു. ശ്രീരാമ രഥയാത്രകള്‍ക്ക് സരയൂ തന്റെ തീരത്ത് വിശ്രമമൊരുക്കി. മുലായം സിങിന്റെ പോലീസ് വെടിവെച്ചുകൊന്ന നൂറുകണക്കിന് രാമഭക്തരുടെ മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞൊഴുകിയിട്ടുണ്ട് ഒരിക്കല്‍ സരയൂ. വലിയ കല്ലുകള്‍ കെട്ടി രാമഭക്തരെ നദിയിലേക്ക് വലിച്ചെറിഞ്ഞപ്പോള്‍ അവള്‍ വിറങ്ങലിച്ചിട്ടുണ്ടാവാം. രാമഭക്തരുടെ ചുടുനിണം അവള്‍ക്ക് തിലകമായി മാറിക്കാണണം. പക്ഷേ ഇന്നവള്‍ അതീവ ശാന്തമാണ്. ഈ പുണ്യനഗരിയിലെ ഓരോ മാറ്റത്തിനും സരയൂ സാക്ഷ്യം വഹിക്കുന്നു. രാമജന്മഭൂമിയിലേക്കുള്ള ബാലകരാമന്റെ തിരിച്ചുവരവിന്റെ ആഘോഷങ്ങള്‍ സരദൂനദീതീരത്തു നിറയുമ്പോള്‍ ഈ നാടിന്റെ സാംസ്‌ക്കാരിക വീണ്ടെടുപ്പിന്റെ കാഹളമെങ്ങും മുഴങ്ങുകയാണ്.
രാജ്യത്തെ ഏറ്റവും വൃത്തിഹീനമായ നഗരം ഏതെന്നതിന്റെ ഉത്തരമായിരുന്നു ഒരിക്കല്‍ അയോദ്ധ്യ. എന്നാലിന്ന് അയോദ്ധ്യയിലെ കാഴ്ചകള്‍ അങ്ങനെയല്ല. സരയൂ തീരത്തെ അതിമനോഹരമായി പുനര്‍നിര്‍മ്മിച്ചിരിക്കുന്നു. എല്ലാ ദിവസവും വൈകുന്നേരം നടക്കുന്ന നദീ ആരതിക്കായി ആയിരക്കണക്കിന് ഭക്തര്‍ക്കിരിക്കാവുന്ന തരത്തില്‍ വൃത്തിയുള്ള പടവുകളും തീരവും നയാഘാട്ടിലെ രാം കീ പൈദിയെ സുന്ദരമാക്കി. വാരാണസിയില്‍ ഗംഗാ ആരതിക്ക് സമാനമായി രാമജന്മഭൂമിയുടെ തീരത്ത് ഭക്തര്‍ ഒത്തുകൂടി സരയൂ ആരതി നടത്തി ദിവസവും പിരിയുന്നു. സരയൂ തീരത്തെ നയാ ഘാട്ട് മുതല്‍ ഹനുമാന്‍ഗഡി ക്ഷേത്രത്തിനും ശ്രീരാമജന്മഭൂമി ക്ഷേത്രത്തിനും മുന്നിലൂടെ 13 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മ്മിച്ച രാംപഥ് നഗരത്തിന്റെ മുഖച്ഛായ മാറ്റി.
ഓരോ മിനുറ്റിലും രാംപഥ് വൃത്തിയാക്കിക്കൊണ്ട് യന്ത്രവാഹനങ്ങളും ശുചീകരണ തൊഴിലാളികളും രംഗത്തുണ്ട്. റോഡുകളിലേക്ക് തുറന്നുവെച്ച മാലിന്യഓടകള്‍ അയോദ്ധ്യയില്‍ ഇന്ന് കാണാനില്ല. വലിയ മലിനജല ശുദ്ധീകരണ കേന്ദ്രങ്ങള്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നു. അയോദ്ധ്യയിലെ പഴയ ഇടുങ്ങിയ ഗലികള്‍ മുഖംമിനുക്കി വൃത്തിയായിരിക്കുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡുകളെല്ലാം ടാറോ കോണ്‍ക്രീറ്റോ ചെയ്ത് ഭംഗിയാക്കി. നഗരവീഥികളുടെ ഇരുവശങ്ങളിലുമുള്ള കെട്ടിടങ്ങള്‍ക്കെല്ലാം ഒരേ ആകൃതിയാണ്. ക്ഷേത്ര ഗോപുരത്തിന് സമാനമായി വരച്ചുവെച്ച കെട്ടിടങ്ങള്‍ക്ക് കാവി നിറം നല്‍കിയിട്ടുണ്ട്. നഗര നിരത്തുകള്‍ക്കിരുവശവും കെട്ടിടങ്ങളുടെ മുകളിലുമെല്ലാം ശ്രീരാമന്റെയും ഹനുമാന്റെയും കാവികൊടികള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഏറെ വൃത്തിഹീനമായി കിടന്നിരുന്ന ഹനുമാന്‍ഗഡി ക്ഷേത്ര വഴികള്‍ വീതികൂട്ടി േേമനാഹരമാക്കിത്തീര്‍ത്തിട്ടുണ്ട്.
രാംപഥില്‍ നൂറുമീറ്റര്‍ വീതിയില്‍ രണ്ട് ക്ഷേത്ര ഗോപുരങ്ങള്‍ സ്ഥാപിച്ചിരിക്കുന്നു. ഇവിടെ നിന്ന് അകത്തേക്ക് അതേ വീതിയില്‍ അരകിലോമീറ്ററോളം നടന്നാല്‍ പുതിയ രാമക്ഷേത്രത്തിലെത്താം. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ക്ഷേത്ര സമുച്ചയം വരുംനാളുകളില്‍ പൂര്‍ത്തിയാകുന്നതോടെ ലക്ഷക്കണക്കിന് ഭക്തരെ പ്രതിദിനം ഉള്‍ക്കൊള്ളാന്‍ ശ്രീരാമജന്മഭൂമിക്ക് സാധിക്കും. തര്‍ക്കപ്രദേശമായി കിടന്നിരുന്ന 70 ഏക്കര്‍ സ്ഥലവും വലിയ തോതില്‍ വികസിക്കുകയാണ്. കര്‍സേവപുരമായി പ്രഖ്യാപിച്ച് ക്ഷേത്രനിര്‍മ്മാണം വര്‍ഷങ്ങളായി നടന്നുകൊണ്ടിരുന്ന 250 ഏക്കര്‍ പ്രദേശത്തെ വികസന പദ്ധതികള്‍ വിശ്വഹിന്ദുപരിഷത്ത് ആലോചിക്കുന്നു. രാമക്ഷേത്രത്തിന് ചുറ്റുമുള്ള നൂറുകണക്കിന് സംന്യാസി മഠങ്ങളും ട്രസ്റ്റുകളും വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. രാംപഥിന് പുറമേ ലക്ഷ്മണ്‍ പഥ് അടക്കമുള്ള റോഡ് പദ്ധതികള്‍ പുരോഗമിക്കുകയാണ്.
ദേശീയപാതാ വികസനം അയോദ്ധ്യയെ ലക്ഷ്യമാക്കി നടക്കുന്നുണ്ട്. സമീപ നഗരങ്ങളില്‍ നിന്നെല്ലാം അയോദ്ധ്യയിലേക്കെത്താന്‍ വീതിയേറിയ ദേശീയപാതകള്‍ തയ്യാറായിക്കഴിഞ്ഞു. ലഖ്നൗവില്‍ നിന്ന് അയോദ്ധ്യയിലേക്കുള്ള 140 കിലോമീറ്റര്‍ ദൂരം രണ്ടു മണിക്കൂറില്‍ താഴെ സമയംകൊണ്ട് എത്തിച്ചേരാനാവും. ആശുപത്രികള്‍ അടക്കം ആരോഗ്യ മേഖലയില്‍ പുതുതായി ഉയരുന്നു. സുരക്ഷാ സംവിധാനങ്ങളും ഇതിനനുസൃതമായി നഗരത്തില്‍ ശക്തിപ്പെടുത്തുന്നുണ്ട്.
രാഷ്‌ട്ര വികസനത്തിന്റെ സാമ്പത്തിക മാതൃക
രാജ്യത്ത് അതിവേഗത്തില്‍ വളരുന്ന സാമ്പത്തിക കേന്ദ്രമായുള്ള അയോദ്ധ്യയുടെ വളര്‍ച്ച ലോകം ഉറ്റുനോക്കുകയാണ്. ക്ഷേത്ര നഗരങ്ങളുടെ വീണ്ടെടുപ്പ് നവഭാരത നിര്‍മ്മാണത്തിന് ഗതിവേഗം കൂട്ടുന്നു. പൗരാണിക കാലത്ത് ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് വളര്‍ന്ന സമ്പന്നവും പ്രൗഢവുമായ നഗരങ്ങള്‍ ലോകത്തിന്റെ തന്നെ സമ്പത്തിന്റെ കേന്ദ്രമാക്കി ഭാരതത്തെ മാറ്റിയിരുന്നു. സമ്പത്തിന്റെ മാത്രമല്ല, സംസ്‌ക്കാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ആധുനിക നഗര മാതൃകകളുടേയും സൈനിക വിന്യാസങ്ങളുടേയും മാതൃകകള്‍ കൂടിയായിരുന്നു ക്ഷേത്ര നഗരങ്ങള്‍. അവയുടെ വീണ്ടെടുപ്പ് രാഷ്‌ട്രത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ആക്കം കൂട്ടുക തന്നെ ചെയ്യും. ആദ്ധ്യാത്മിക ടൂറിസം എന്ന വാക്കിന്റെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തി മുന്നേറുകയാണ് അയോദ്ധ്യ.
ഇത്രയധികം നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന മറ്റൊരു നഗരം ഇന്ന് ലോകത്തുണ്ടാവില്ല. പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ അയോദ്ധ്യയില്‍ സൃഷ്ടിക്കപ്പെടുന്നു. ഒരു ലക്ഷം കോടി രൂപയുടെ വികസനപദ്ധതികളാണ് അയോദ്ധ്യയില്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ നടക്കുന്നത്. ഹോസ്പിറ്റാലിറ്റി മേഖലയില്‍ മാത്രം കാല്‍ലക്ഷം തൊഴിലുകളാണ് ഇതുവരെ ഉണ്ടായത്. നൂറോളം പഞ്ചനക്ഷത്ര ഹോട്ടലുകളും മറ്റും ഉയരുന്നതോടെ ഇതിന്റെ എണ്ണം എത്രയോ മടങ്ങായി ഉയരും. നിര്‍മ്മാണ മേഖലകളിലടക്കം ഉണ്ടായ വലിയ കുതിച്ചുചാട്ടം ഏവരേയും ഞെട്ടിക്കുന്നതാണ്.
നൂറോളം സ്വകാര്യ ചാര്‍ട്ടേഡ് വിമാനങ്ങളാണ് ജനുവരി 22ന് അയോദ്ധ്യയില്‍ നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങുകളിലേക്ക് പ്രമുഖരേയും വഹിച്ചുകൊണ്ട് വരുന്നത്. മറ്റു യാത്രാ വിമാനങ്ങള്‍ വേറെയും എത്തുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രത്യേക ട്രെയിനുകള്‍ അയോദ്ധ്യയിലേക്ക് എത്തുന്നു. പ്രതിദിനം മൂന്നു ലക്ഷം രാമഭക്തരെത്തുന്ന തരത്തില്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ അയോദ്ധ്യയെ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഈ ക്ഷേത്ര നഗരിയില്‍ നടക്കുന്നു.
രാജ്യത്തെ ആദ്ധ്യാത്മിക ടൂറിസത്തിന്റെ കേന്ദ്രമായി അയോദ്ധ്യ മാറുമ്പോള്‍ രാജ്യത്തെ ഏറ്റവും പിന്നോക്ക സംസ്ഥാനമായി അറിയപ്പെട്ട ഉത്തര്‍പ്രദേശ് എന്ന സംസ്ഥാനവും സാമ്പത്തിക വളര്‍ച്ചയില്‍ കുതിച്ചുചാട്ടം നടത്തുന്നു. രാജ്യത്തെ ഒന്നാമത്തെ സാമ്പത്തിക വളര്‍ച്ചയുള്ള സംസ്ഥാനമായി യുപി രണ്ടുവര്‍ഷത്തിനുള്ളില്‍ ഉയരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വാരാണസിയില്‍ 2014ന് ശേഷം പരീക്ഷിച്ചു വിജയിച്ച സാമ്പത്തിക പദ്ധതിയുടെ ഏറ്റവും പുതിയ രൂപത്തിലുള്ള നടപ്പാക്കലാണ് അയോദ്ധ്യയില്‍ ദൃശ്യമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയില്‍ നിന്ന് ലോക്സഭയിലേക്ക് വിജയിച്ച ശേഷം വാരാണസിയില്‍ ഉണ്ടായ മാറ്റങ്ങള്‍ക്ക് ലോകം സാക്ഷിയാണ്. ആദ്ധ്യാത്മിക കേന്ദ്രങ്ങളുടെ വികസനം വഴി ശതകോടികളുടെ വരുമാനം നഗരങ്ങള്‍ക്ക് ലഭിക്കുന്ന മാതൃക ഇന്ന് രാജ്യത്തെല്ലായിടത്തും ഫലപ്രദമായി നടപ്പാക്കി തുടങ്ങിയിട്ടുണ്ട്.
അടിസ്ഥാന ജനവിഭാഗത്തിന് തൊഴിലവസരങ്ങള്‍ അധികമായി ലഭിക്കുന്നു എന്നതാണ് ആദ്ധ്യാത്മിക ടൂറിസത്തിന്റെ പ്രത്യേകത. അയോദ്ധ്യയില്‍ നിന്ന് ഇപ്പോള്‍ കാണുന്ന കാഴ്ചകളും അതു തന്നെ. വരും വര്‍ഷങ്ങളില്‍ അഞ്ചു ട്രില്യണ്‍ സാമ്പത്തിക ശക്തിയായി ഉയരാനുള്ള ഭാരതത്തിന്റെ കുതിപ്പിന് അടിത്തറയേകാന്‍ ആദ്ധ്യാത്മിക കേന്ദ്രങ്ങളുടെ വീണ്ടെടുപ്പ് സഹായിക്കും. ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുന്ന ഭാരതത്തിന് സര്‍വ്വ മേഖലകളിലുമുള്ള പുരോഗതി ആവശ്യവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: