ചൂഷണ രഹിതമായ ഒരു ലോകക്രമം രൂപീകരിക്കാന്‍ കമ്മ്യൂണിസത്തിനേ സാധിക്കൂ എന്നായിരുന്നു ഇടത് ചിന്തകന്മാരുടെ പൊതുധാരണ അവരെ ഞെട്ടിച്ചുകൊണ്ടാണ് 1987 ജൂലായ് 3ന് കമ്മ്യൂണിസ്റ്റ് റഷ്യയിലെ മോസ്കോയില്‍ ക്രംലിന്റെ തിരുമുറ്റത്ത് ഭാരത് ഉത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് റഷ്യന്‍ ഭരണാധികാരി ഗോര്‍ബ്ബച്ചേവ് ഭഗവദ് ഗീതയിലെ വരികള്‍ ഉദ്ധരിച്ച് ഇങ്ങനെ പറഞ്ഞത്: ‘ലോകസമാധാനത്തിന് ഈ വാക്കുകള്‍ വളരെയധികം പ്രസക്തമാണ്.’ ഭഗവദ്ഗീതയിലെ രണ്ടാമധ്യായം, 62, 63 ശ്ലോകങ്ങളായിരുന്നു അത്. വിഷയ വസ്തുക്കളെക്കുറിച്ച് ചിന്തിക്കുന്നവന്റെ മനസ്സില്‍ ആദ്യമായി അതിനെ സംബന്ധിച്ച് സങ്കല്പ്പമുദിക്കുകയും പിന്നീട് അതിനെ അനുഭവിക്കണമെന്ന ആഗ്രഹം ജനിക്കുകയും ചെയ്യുന്നു. തന്റെ ആഗ്രഹത്തിന് തടസ്സമുണ്ടാകുമ്പോള്‍ ക്രോധം ഉത്ഭവിക്കുന്നു. കോപം നിമിത്തം മോഹമുണ്ടാകുന്നു. അതുമൂലം വിസ്മൃതി സംഭവിക്കുന്നു. ഓര്‍മ്മത്തെറ്റില്‍ നിന്ന് ബുദ്ധിനാശവും ബുദ്ധിനാശത്തില്‍ നിന്ന് സര്‍വ്വനാശവും ഉണ്ടാകുന്നു. അതോടെ അവന് മൃഗതുല്യനായി അധഃപതിക്കുന്നു.
ഇന്ന് കമ്മ്യൂണിസ്റ്റ് റഷ്യയില്ല. അതു തകര്‍ന്നടിഞ്ഞു. ഗോര്‍ബ്ബച്ചേവിന്റെ അന്നത്തെ വാക്കുകള്‍ക്ക് ഇന്ന് പ്രസക്തി വര്‍ദ്ധിക്കുകയും ചെയ്തിരിക്കുന്നു. ഭഗവദ്ഗീതയിലെ തത്വചിന്ത ലോകരംഗത്ത് ഏറെ ചര്‍ച്ച ചെയ്യുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. പ്രമുഖ ഭാരതീയ തത്വചിന്തകനും ഭാരതത്തിന്റെ മുന്‍രാഷ്ട്രപതിയുമായ ഡോ.എസ്. രാധാകൃഷ്ണന് ‘ഹിന്ദുവേ ഓഫ് ലൈഫ്’ എന്ന പുസത്കത്തില്‍ ഹിന്ദുധര്‍മ്മത്തെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്: ”അത് ഒരു പ്രസ്ഥാനമാണ്. സ്ഥാനമല്ല. ഒരു പ്രക്രിയയാണ്. ഫലമല്ല. വികസ്വരമായ പാരമ്പര്യമാണ്. സ്ഥിരമായ വെളിപാടല്ല. ഭാവിയില്‍ ചിന്താമണ്ഡലത്തിലോ ചരിത്രത്തിലോ ഉയര്‍ന്നുവരാവുന്ന ഏതു അടിയന്തരഘട്ടത്തിലും സമശീര്‍ഷമായി നിലക്കൊള്ളാന്‍ കഴിയുമെന്ന് കഴിഞ്ഞകാലചരിത്രം നമ്മെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നു” ഗോര്‍ബച്ചേവിന്റെയും ഡോ.രാധാകൃഷ്ണന്റെയും വാക്കുകള്‍ ഏറെ പ്രസക്തമാക്കുന്നത് അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കു വേണ്ടി രാജ്യവും ജനതയും തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിലാണ്.
ഹിന്ദുധര്‍മ്മം ലോകത്തിനു നല്കുന്ന ഏറ്റവും വിലപ്പെട്ട സംഭാവന സമാധാനവും സര്‍വ്വധര്‍മ്മ സമഭാവനയും സാമൂഹിക സമരസതയുമാണ്. ‘രാമോ വിഗ്രഹവാന്‍ ധര്‍മ്മഃ’ എന്നാണ് വാത്മീകി മഹര്ഷിയ്ക്ക് നാരദമഹര്‍ഷി നല്കിയ ഉപദേശം. രാമന്റെ ജീവിതവും അതാണ്. നമ്മുടെ ഭൂതകാലത്തെക്കുറിച്ച് അവജ്ഞയോടെ മാത്രം ചിന്തിക്കുന്ന, അത്തരം ചിന്താശേഷിക്ക് കാരണമായ പരകീയ വിദ്യാഭ്യാസത്തിന്റെ ഉല്പന്നങ്ങളായ ചരിത്രകാരന്മാര്ക്കും ചിന്തകര്‍ക്കും ഇത് ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരിക്കും. ലോകപ്രശസ്ത ചരിത്രകാരനായ എ.എല്‍.ബാഷാം പറഞ്ഞത് ”ഏഷ്യയുടെ മുഴുവന്‍ ആധ്യാത്മിക ജീവിതത്തെ ഗാഢമായി സ്വാധീനിക്കുകയും ദക്ഷിണ പൂര്‍വ്വേഷ്യയിലെ മുഴുവന്‍ സാംസ്കാരിക ഘടനയേയും രൂപപ്പെടുത്തുകയും പ്രത്യക്ഷമായോ പരോക്ഷമായോ ലോകമെമ്പാടും സ്വാധീനം വ്യാപിപ്പിക്കുകയും ചെയ്തിട്ടുള്ള ഒന്നാണ് ഭാരതീയ സംസ്കാരം.”
‘ഇന്ത്യാചരിത്രാവലോകനം’ എന്ന ഗ്രന്ഥത്തില്‍ സര്‍ദാര്‍ കെ.എം.പണിക്കര്‍ ഉന്നയിച്ച ഒരു ചോദ്യമുണ്ട്. ”ഒരു നൂറ്റാണ്ട് കാലത്തെ പരിശ്രമഫലമായി നാം ഉജ്ജീവിപ്പിച്ചതും പുതിയ ആശയാദര്‍ശങ്ങളുടെ സാത്മീകരണംകൊണ്ട് ശക്തിപ്പെടുത്തിയതുമായ ചേതനയോടു കൂടി ഒരു പുതുയുഗത്തിന്റെ ചവിട്ടുപടിയില്‍ നിന്നുകൊണ്ട് ഇന്ന് ഭാരതം ലോകത്തെ അഭിമുഖീരിക്കുകയാണ്. അവളുടെ മുമ്പിലുള്ള മഹത്തായ പ്രശ്നം ഇതാണ്: ”ആയിരം വര്‍ഷങ്ങളിലെ അഖണ്ഡ പാരമ്പര്യത്തിലൂടെ ആരംഭിച്ചിട്ടുള്ള പൈതൃകത്തെ കൂടുതല്‍ ഉന്നതമായ മേഖലകളിലേക്ക് കൊണ്ടെത്തിക്കാന്‍ അവള്‍ക്ക് കഴിയുമോ?” ഈ ചോദ്യത്തിനുള്ള ഉത്തരമാണ് രാമജന്മഭൂമിയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ്: ലോകം മുഴുവന്‍ യുദ്ധത്തിന്റെയും അസഹിഷ്ണുതയുടെയും സമാധാനഭംഗത്തിന്റെയും വിനാശത്തിലേക്ക് നീങ്ങുമ്പോഴാണ് ഭാരതം രാമക്ഷേത്രപ്രാണപ്രതിഷ്ഠയിലൂടെ അതിന്റെ ആദ്ധ്യാത്മിക സന്ദേശം ലോകത്തിനു നല്‍കുന്നത്. ഇതുകേവലം ഒരു ക്ഷേത്രപ്രതിഷ്ഠയോ മതപരമായ ചടങ്ങോ അല്ല. ലോകത്തിനായി ഭാരതത്തിനു നല്‍കാനുള്ള കാലഘട്ടത്തിന്റെ ആഹ്വാനമാണ്.
ഹിന്ദുവിനെ കേവലം മതമായി താഴ്ത്തിക്കാണുന്നവരാണ് രാമജന്മസ്ഥാനത്തില് വര്‍ഗ്ഗീയം കാണുന്നത്. 1977 (1)ങഘഖട എന്ന കേസ്സില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എ.എന്‍.റോയ്, ജസ്റ്റിസുമാരായ എം.എച്ച്.ബേഗ്, ആര്.എസ്. സര്‍ക്കാരിയ, പി.എന്‍.സിംഗാള്‍, ജസ്വന്ത് സിംഗ് എന്നിവരുടെ ബഞ്ച് വിധിച്ചത് ഹിന്ദുയിസം എന്നാല്‍ ഭാരതത്തിന്റെ ജീവിത രീതിയാണെന്നാണ്. അതുതന്നെയാണ് ഭാരതത്തിന്റെ ദേശീയതയും. സിപിഐ നേതാവും മുന്കേരളമുഖ്യമന്ത്രിയുമായ സി. അച്യുതമേനോന് വ്യക്തമായി പറയുന്നു. ”സാംസ്കാരികമായ ഒരു ഐക്യം. തങ്ങള്‍ ഒരേ പാരമ്പര്യത്തിന്റെ സന്തതികളാണെന്ന ബോധം വളരെ പണ്ടുകാലം മുതല്‍ ഭാരതീയര്‍ക്കുണ്ടായിരുന്നു. സര്‍ദാര്‍ കെ.എം.പണിക്കര്‍ അദ്ദേഹത്തിന്റെ ‘ഇന്ത്യചരിത്രസര്വ്വേ’ എന്ന പുസ്തകത്തില്‍ ഈ വസ്തുത ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ സാംസ്കാരിക ഐക്യത്തിന് സഹായിച്ച ഒരു കാരണം ഹൈന്ദവ വിശ്വാസമാണെന്നു തോന്നുന്നു.” (1984 ഒക്ടോബര്‍ മാസത്തെ കാരിയര്‍ മാഗസിനില്‍ എഴുതിയ ലേഖനം.) ”ഈ ഐക്യത്തെ ബലപ്പെടുത്താന്‍ വേദോപനിഷത്ത് സാഹിത്യവും അതിലടങ്ങിയ ദര്‍ശനവും അതിനേക്കാളേറെ ഇതിഹാസപുരാണാദികളും പ്രത്യേകിച്ച് രാമായണവും ഭാരതവും വളരെയേറെ സഹായിച്ചിട്ടുണ്ട്. ഈ കൃതികളുടെ മൂലം സംസ്കൃതത്തിലാണെങ്കിലും സംസ്കൃതത്തിലൂടെയല്ല അവ നാട്ടുഭാഷകളില്‍ പ്രചരിച്ചത്”…. ”സാംസ്കാരിക ഐക്യത്തെ പ്രോത്സാഹിപ്പിച്ച മറ്റൊരു ഘടകമായിരുന്നു ഹിന്ദുക്കളുടെ ഇടയില്‍ പണ്ടുമുതലേ നടപ്പായിരുന്ന തീര്‍ത്ഥയാത്രകള്‍. പുണ്യനഗരമായ കാശിയും അങ്ങ് വടക്കു പടിഞ്ഞാറു കാശ്മീരിലെ അമര്‍നാഥ് ഗുഹവരെയും വടക്കു ഋഷികേശവും ബദരിനാഥും തെക്കു രാമേശ്വരവും കന്യാകുമാരിയും തന്റെ രാജ്യത്തിന്റെ ഭാഗങ്ങളാണെന്ന ബോധം ഹിന്ദുക്കള്ക്കുണ്ടായിരുന്നു. ശ്രീശങ്കരാചാര്യരുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് ഇന്ത്യയുടെ നാലറ്റങ്ങളിലായി നാലു പ്രധാനമഠങ്ങള് അദ്ദേഹം സ്ഥാപിച്ചതായിരുന്നല്ലോ (അതേ മാസികയിലെ അദ്ദേഹത്തിന്റെ ലേഖനം) തന്റെ ലേഖനം സി.അച്യുതമേനോന് അവസാനിപ്പിക്കുന്നത് ”ഒരു നൂറ്റാണ്ടിലേറെ കാലത്തെ ചരിത്രമുള്ള ആ ഐക്യം എങ്ങനെയാണ് പിന്നെ മിഥ്യയായിത്തീരുന്നത്. ഇന്ത്യന്‍ ദേശീയത ആ യാഥാര്‍ത്ഥ്യം തന്നെയാണ്.” എന്നു തറപ്പിച്ചു പറഞ്ഞുകൊണ്ടാണ്.
ബ്രിട്ടീഷ് ഭരണത്തോടെ ഭാരതദേശീയത ബ്രിട്ടീഷുകാരന്റെ സംഭാവനയാണെന്നും അതിനു മുമ്പു ഭാരതം ഒന്നായിരുന്നില്ല എന്നുമുള്ള പ്രചാരണം ആസൂത്രിതമായി നടത്തിയതിന്റെ ഫലമായി ദേശീയത സംബന്ധിച്ച വികലമായ കാഴ്ചപ്പാടുകളാണു നാം പിന്തുടര്ന്നു വന്നത്. ഇതിന്റെ ഫലമാണ് രാമജന്മഭൂമിയില്‍ പള്ളിവേണം എന്ന വാദം. ദേശീയതയുടെ പ്രതീകമായ രാമന് വര്‍ഗ്ഗീയതയാണെന്ന പ്രചരണവും ഇതിന്റെ ഭാഗം തന്നെ. വിദേശ അധിനിവേശത്തിന്റെ പ്രതീകങ്ങളും അതിനോടുള്ള അടിമത്ത മനോഭാവവും കഴുകിക്കളയുമ്പോഴാണ് യഥാര്‍ത്ഥ ദേശീയ ബോധം തിളക്കമാര്ന്നുവരിക. ഇതാണ് അയോധ്യയിലെ പ്രാണപ്രതിഷ്ഠയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നത്.
1949 നവംബര്‍ 26ലെ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നോ ബഞ്ചിലെ ജസ്റ്റിസ് എച്ച്.എന്‍ തില്ഹാരിയും ജസ്റ്റിസ് എ.എന്‍ ഗുപ്തയും നല്കിയ 60 പേജുള്ള വിധിയില്‍ ”രാമന് ഭരണഘടനാപരമായി നിലനില്പുള്ളതും ദേശീയ സംസ്കാരത്തിന്റെയും കെട്ടുറപ്പിന്റെയും അംഗീകരിക്കപ്പെട്ട യാഥാര്‍ത്ഥ്യവുമാണെന്നും മിഥ്യയല്ലെന്നും” വിധിച്ചിരുന്നു. ഭരണഘടനയുടെ ആദ്യപ്രതിയില്‍ ശ്രീരാമന്റെ ചിത്രമുണ്ടെന്നതാണ് ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടിയ വസ്തുത. ശ്രീരാമന് ദേശീയവ്യക്തിയാണെന്നും അതിനാല്‍ ആദരിക്കപ്പെടേണ്ട ദേശീയ സാംസ്കാരിക പൈതൃകമാണെന്നും തീര്‍ത്തു പറഞ്ഞിട്ടുണ്ട്.
ഭാരതീയ സംസ്കാരത്തില്‍ അടിയുറച്ച ദേശീയ സ്മാരകങ്ങള്‍ സ്വതന്ത്രഭാരതത്തില്‍ ഉയര്‍ന്നു വരുന്നത് ആദ്യമല്ല. സോമനാഥത്തിലെ ജ്യോതിര്‍ലിംഗ ക്ഷേത്രം ഉയര്‍ന്നു വന്നത് സര്‍ദാര്‍പട്ടേലിന്റെയും രാഷ്ട്രപതി രാജേന്ദ്രപ്രസാദിന്റെയും മറ്റും പരിശ്രമഫലമായാണ്. കന്യാകുമാരിയിലെ വിവേകാനന്ദ ശിലാസ്മാരകമാണ് മറ്റൊരു ദേശീയ സ്മാരകം. പൂര്‍വ്വകാലത്തെക്കുറിച്ച് ലജ്ജിക്കുന്ന രാഷ്ട്രത്തിനു ഭാവിയില്ല എന്നും ദേശീയ പുരുഷന്മാരില് അഭിമാനിക്കുന്നവര്‍ രാജ്യത്തെ ഉന്നതിയിലേക്ക് നയിക്കുമെന്നും സ്വാമി വിവേകാനന്ദന് പറഞ്ഞിട്ടുണ്ട്. കന്യാകുമാരിയിലെ ശിലാസ്മാരകം പോലെ ദേശീയ സ്മാരകമായി ഓരോ ഭാരതീയനും നാളെ തീര്‍ത്ഥയാത്ര ചെയ്യാവുന്ന പുണ്യസങ്കേതമായി അയോധ്യയിലെ രാമക്ഷേത്രം മാറുമെന്ന് 1993 ജനുവരി 8, 9 തീയതികളിലെ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന് (20 വര്‍ഷം മുമ്പ്) ദീര്‍ഘദര്‍ശനം ചെയ്തിരുന്നു. അതാണ് 2024 ജനുവരി 22ന് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: