എ പി അബ്ദുള്ളകുട്ടി
മദ്രസയിലും ദര്‍സിലും (രാത്രി പാഠശാല) കുട്ടി കാലം ചെലവഴിച്ച ഒരു മുസ്ലിം മതവിശ്വാസിയാണ് ഈ ലേഖകന്‍. ഉസ്താദുമാരില്‍ നിന്ന് പഠിച്ച അറിവുവച്ച് പറയട്ടെ, 2024 ജനുവരി 22ന് അയോധ്യയിലെ ഭവ്യമായ പ്രാണപ്രതിഷ്ഠ അനുഗ്രഹിക്കുന്നതിന് ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് വിശ്വാസപരമായി യാതൊരു തടസ്സവുമില്ല. താത്വികമായിട്ടും പ്രായോഗികമായിട്ടും ഇതാണ് സത്യം.
പരിശുദ്ധ ഖുര്‍ആനില്‍ സൂറ ഹജ്ജില്‍ 22 : 67 പറയുന്നത് ഇങ്ങനെയാണ്: ”ഓരോ ജനതയ്ക്കും നാം വ്യത്യസ്തമായ ആരാധനാ രീതികള്‍ നിശ്ചയിച്ചിരിക്കുന്നു. അതില്‍ നിങ്ങള്‍ തര്‍ക്കിക്കരുത്” ഖുര്‍ആനിലെ മറ്റൊരു ആയത്ത് ഇങ്ങനെയാണ്: ”ഓരോ ജനതയിലും പ്രവാചകന്മാര് വരാതെ പോയിട്ടില്ല.” ഖുര്‍ആന്‍ 35:24 സൂറ ഫാത്തിയര്‍.
ഈ രണ്ട് അധ്യായങ്ങളില്‍ നിന്ന് കാര്യങ്ങള്‍ സു വ്യക്തമാണ്. മാത്രമല്ല മുസ്ലിം മതവിശ്വാസത്തിന്റെ അടിസ്ഥാന കാര്യങ്ങളില്‍ ഒന്ന് ഈമാന്‍ കാര്യമാണ്. ഈമാന്‍ കാര്യം ആറ് തത്വങ്ങളാണ്. അല്ലാഹുവിലുള്ള വിശ്വാസം, കിത്താബുകളിലുള്ള വിശ്വാസം, പ്രവാചകന്മാരിലുള്ള വിശ്വാസം എന്നിവയാണിത്.
ഈമാന്‍ കാര്യത്തിലെ മൂന്നും നാലും നമുക്കൊന്ന് നോക്കാം. നാളിതുവരെ പ്രപഞ്ചത്തില്‍ ഇറങ്ങിയ എല്ലാ കിത്താബുകളിലും വിശ്വസിക്കണം എന്നതാണ് കല്‍പ്പന. അതിനര്‍ത്ഥം ലോകത്തില്‍ ആദ്യമായി ഇറങ്ങിയിട്ടുള്ള ഭാരതത്തിന്റെ കിത്താബുകളായ വേദങ്ങള്‍ ഏതൊരു മുസ്ലിമിനും മതവിശ്വാസം അനുസരിച്ച് തന്നെ അംഗീകരിക്കാവുന്നതാണ് എന്നര്‍ത്ഥം.
ചതുര്‍വേദങ്ങള്‍, ഭഗവദ്ഗീത, രാമായണം, മഹാഭാരതം (ഇതിഹാസങ്ങള്‍) എന്നിവ ഒരു യഥാര്‍ത്ഥ മുസല്മാന് വിശ്വാസത്തിന്റെ ഭാഗമാണ്.
അടുത്തത് പ്രവാചകന്മാരെ വിശ്വസിക്കുക എന്നതാണ്. നാളിതുവരെ ഭൂമിയില്‍ ഇറങ്ങിയിട്ടുള്ള എല്ലാ പ്രവാചകന്മാരിലും വിശ്വസിക്കണം.
ഒരുലക്ഷത്തി അമ്പതിനായിരം അമ്പിയാ മുസ്ലിങ്ങള്‍ (പ്രവാചകര്‍). അവരെയെല്ലാം ബഹുമാനിക്കണം. ഇതാണ് ഇസ്ലാമിന്റെ ആഹ്വാനം. അവരില്‍ ശ്രീരാമനും ശ്രീകൃഷ്ണനും ശ്രീബുദ്ധനും യേശുക്രിസ്തുവും എല്ലാം വരും.
യഥാര്‍ത്ഥത്തില്‍ ഇസ്ലാമിക കാഴ്ചപ്പാട് അനുസരിച്ചുതന്നെ ഒരു മുസ്ലിം മതവിശ്വാസിക്ക് രാമനെ പ്രവാചകനായി അംഗീകരിക്കാവുന്നതേയുള്ളൂ. ഇതാണ് യഥാര്‍ത്ഥ മുസ്ലിം ദര്‍ശനം.
പിന്നെ എങ്ങനെയാണ് മുസ്ലിം സമുദായത്തില്‍ ഇന്നുകാണുന്ന അന്യമത വിദ്വേഷം വന്നത്? കൃത്യമായി പറഞ്ഞാല്‍ പ്രവാചകന് മുഹമ്മദ് നബിക്കു ശേഷം 25 കൊല്ലം കഴിഞ്ഞപ്പോള്‍ അമവി ഗോത്രം ഇസ്ലാമിക ഭരണം പിടിച്ചെടുത്തു. അതോടെ ഖലീഫാ ഉമറിന്റെ ജനായത്ത ഭരണമൂല്യങ്ങള്‍ അവസാനിച്ചു.
ലോകമെങ്ങും രാഷ്ട്രീയ ഇസ്ലാമിന്റെ പടയോട്ടമായിരുന്നു പിന്നീടുള്ള ചരിത്രം. ഗോത്രങ്ങള്‍ തമ്മില്‍ കടുത്ത അധികാര കിടമത്സരത്തിന്റെ കാലം വീണ്ടും ആരംഭിച്ചു. അധികാര വിസ്തൃതിക്ക് വേണ്ടി അവര്‍ അന്യദേശങ്ങള്‍ തേടിപ്പോയി വെട്ടിപ്പിടിച്ചു.
പേരിനു മാത്രം ഇസ്ലാമിനെ ഉപയോഗിച്ച ആ വിഭാഗത്തില്‍പ്പെട്ടവരാണ് മുഗളന്മാര്. അവര്‍ പേര്‍ഷ്യയില്‍ നിന്ന് ഭാരതത്തിലേക്ക് വന്നു. അവരില്‍ മുഹമ്മദ് ഘസ്നി, ബാബര്‍, ജഹാംഗീര്‍, ഔറംഗസീബ് തുടങ്ങി പലരും അധികാരം വെട്ടിപ്പിടിക്കാന്‍ ഭാരത്തിലെ ക്ഷേത്രങ്ങളെല്ലാം അക്രമിച്ചു. ഹിന്ദുക്കളെയും സിഖ്കാരേയും കൂട്ടക്കൊല ചെയ്തു. നാളിതു വരെയുമുളള ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വംശഹത്യ അന്നായിരുന്നു.
സോമാഥ ക്ഷേത്രവും അയോധ്യയും മഥുരയും കാശിയും കൊള്ളയടിച്ച് ക്ഷേത്രങ്ങളെല്ലാം തകര്‍ത്ത് തരിപ്പണമാക്കി. ലോകത്തിലെ സംസ്കാരത്തിന്റെ ആദിമ കേന്ദ്രങ്ങളിലെ സകല സംസ്കൃതിയും പാരമ്പര്യ ചിഹ്നങ്ങളും വൈദേശിക അക്രമികള്‍ നശിപ്പിച്ചു.
മുഗളന്മാരുടെ കാലശേഷം വന്ന ബ്രീട്ടീഷുകാര്‍ പഴയ പൈതൃകം വീണ്ടെടുക്കാന്‍ ശ്രമിച്ചില്ല. ഏറ്റവും ക്രൂരവും സങ്കടകരവുമായ സംഗതി സ്വാതന്ത്ര്യാനന്തര നെഹ്റുവിയന്‍ കാലത്ത് ഭാരത പൈതൃകത്തോടും സംസ്കാരത്തോടും ഏറ്റവും നിന്ദ്യമായ അനാദരവ് കാണിച്ചു. അയോധ്യയിലെ രാമജന്മഭൂമിയില്‍ ക്ഷേത്രപുനഃരുദ്ധാരണത്തിന് ശ്രമിച്ച വിശ്വാസികള്‍ക്ക് അവഗണനയും അപമാനങ്ങളും മാത്രമാണ് നെഹ്റുവിയന്‍ ഭരണത്തില്‍ നിന്ന് ഉണ്ടായത്.
ഭാരതം സ്വാതന്ത്ര്യത്തിന്റെ ആവേശകരമായ ദിനങ്ങളില്‍ എത്തിയപ്പോള്‍, ഒരുനാള്‍ ബാബര്‍ തകര്‍ത്ത ക്ഷേത്രത്തില്‍ രാംലല്ലയുടെ ചെറിയ വിഗ്രഹങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഈ വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. രാമഭക്തന്മാര് വലിയ ആവേശത്തിലായിരുന്ന സന്ദര്‍ഭത്തില്‍ ദില്ലിയില്‍ നിന്ന് പ്രധാനമന്ത്രി നെഹ്റു ഒരു ഉത്തരവിട്ടു. യുപിമുഖ്യമന്ത്രി ഗോവിന്ദ വല്ലഭ പന്തിനെ വിളിച്ച് നെഹ്റു പറഞ്ഞത് ആ വിഗ്രഹം സരയൂ നദിയില്‍ വലിച്ചെറിയണം എന്നായിരുന്നു.
രാമജന്മഭൂമിക്കു വേണ്ടിയുള്ള വിശ്വാസികളുടെ പോരാട്ടം സഹനത്തിന്റെതാണ്. അവസാനം നീതിപീഠം കനിഞ്ഞു നല്കിയ ഒരു വിധിയായിരുന്നു മന്ദിര്‍-മസ്ജിദ് തര്‍ക്കത്തിന്റെ പരിഹാരം. അതിന്റെ ഫലമായി ഇന്ത്യയിലെ 85 ശതമാനം ജനങ്ങളുടെ വിശ്വാസത്തിന് അംഗീകാരം കിട്ടി. അവിടെ ക്ഷേത്രം യാഥാര്‍ത്ഥ്യമായി.
സുപ്രധാനമായ കോടതി വിധിയില്‍ മുസ്ലിങ്ങള്‍ക്ക് അയോധ്യയില്‍ തന്നെ അല്‍പ്പം മാറി അഞ്ച് ഏക്കര്‍ സ്ഥലവും നല്‍കിയുള്ള രമ്യമായ ഒത്തുതീര്‍പ്പ് ചരിത്രപരമായ വിധിയാണ്.
ഇവിടെ രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അമ്പലം പണിതതുപോലെ അപ്പുറത്ത് അഞ്ചേക്കര്‍ സ്ഥലത്ത് ലോകത്തിലെ ഏറ്റവും മനോഹരമായ മുസ്ലിം പള്ളിയും അധികം വൈകാതെ യാഥാര്‍ത്ഥ്യമാകും. ഇതൊക്കെയാണ് യാര്‍ത്ഥ്യമെന്നിരിക്കെ വളരെ നിര്‍ഭാഗ്യകരമായ വാര്‍ത്തകളും അനുഭവങ്ങളുമാണ് കൊച്ചു കേരളത്തില്‍ നിന്നുണ്ടാവുന്നത്.
കോടതി പരിഹരിച്ച പ്രശ്നം ലോകം മുഴുവന്‍ അംഗീകരിക്കുമ്പോള്‍ ഇവിടെ മുസ്ലിങ്ങളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിച്ച് വോട്ടുനേടാമെന്ന ഇടുങ്ങിയ മനഃസ്ഥിതിയിലാണ് കോണ്‍ഗ്രസ്സിന്റെയും സിപിഎമ്മിന്റെയും നേതൃത്വത്തിനുള്ളത്.
പക്ഷേ അവര്‍ ആധുനിക സമൂഹത്തില്‍ വന്ന മാറ്റം തിരിച്ചറിഞ്ഞിട്ടില്ല. പുതിയ തലമുറ സമാധാന പ്രിയരാണ്. എങ്കിലേ വികസനവും ഐശ്വര്യവും വരൂവെന്ന് അവര്‍ കരുതുന്നു.
ശ്രീരാമന് ധര്‍മ്മത്തിന്റെ നീതിയുടെ നന്മയുടെ പ്രതീകമാണ്. മര്യാദാ പുരുഷോത്തമന്റെ ജന്മഗേഹത്തിന്റെ പുനഃപ്രതിഷഠ ചടങ്ങിന് എല്ലാ ഭാവുകങ്ങളും പ്രാര്‍ഥനകളും നേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: