അയോദ്ധ്യയില്‍ നാളെ പ്രാണപ്രതിഷ്ഠയാണ്. കാല് നൂറ്റാണ്ടുമുന്പ് അയോദ്ധ്യയില്‍ രാമജന്മഭൂമി സന്ദര്‍ശിച്ചത് തികച്ചും അവിചാരിതമായായിരുന്നു. അന്ന് രാം ലല്ല വിഗ്രഹം താല്‍ക്കാലിക ക്ഷേത്രത്തിലായിരുന്നു. ഞങ്ങള്‍ നാലുപേര്‍, തീര്‍ത്ഥാടകരല്ലാതെ, സഞ്ചാരികളെപ്പോലെയാണ് അവിടെ എത്തിയത്. സരയുവില്‍ സ്നാനം ചെയ്ത്, അയോദ്ധ്യയിലൈ ചെറുതും വലുതുമായ ക്ഷേത്രങ്ങള്‍ താണ്ടി നടക്കുമ്പോള്‍ രാമക്ഷേത്ര മോചനത്തിനായി വിശ്വാസികള്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ക്കെതിരേ സോഷ്യലിസ്റ്റായ യുപി മുഖ്യമന്ത്രി മുലായം സിങ്ങിന്റെയും കമ്യൂണിസ്റ്റ് പിന്തുണയില്‍ പ്രധാനമന്ത്രിയായി തുടര്‍ന്ന കോണ്ഗ്രസുകാരന് നരസിംഹറാവുവിന്റെയും പോലീസും പട്ടാളവും കാട്ടിക്കൂട്ടിയ അതിക്രമങ്ങളുടെ ഓര്‍മ്മകള്‍ തികട്ടിവന്നു. അയോദ്ധ്യയില്‍ രാം ലല്ലയെ ദര്‍ശിക്കാനുള്ള ഇടുങ്ങിയ വഴിയില്‍ ഇരുപുറത്തും അന്ന് നിറയെ കടകളായിരുന്നു. എല്ലാം അയോദ്ധ്യാ സംബന്ധിയായ വസ്തുക്കളുടെ വില്പന സ്ഥാനങ്ങള്‍. ‘ന്യൂസ് ട്രാക്ക്’ എന്ന വീഡിയോ കാസറ്റ് കമ്പനിയുടെ കാസറ്റാണ് എല്ലാക്കടകളിലെയും വിസി പ്ലേയറിലൂടെ പ്രദര്‍ശിപ്പിക്കുന്നത്. കര്‍സേവകരെ മുലായം സിങ്ങിന്റെ പോലീസും നരസിംഹറാവുവിന്റെ കേന്ദ്ര പോലീസും തല്ലിച്ചതയ്ക്കുന്ന ദൃശ്യം. ലാത്തിയടിയേറ്റ് തല പൊളിഞ്ഞ് ചോരയൊലിക്കുമ്പോഴും പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ജയ് ശ്രീരാം മുഴക്കി നടക്കുന്ന അശോക് സിംഘാള്‍. അടിച്ച പോലീസിന്റെ ലാത്തിയിലെ പിടിവിടാതെ, വിരലൊടിഞ്ഞിട്ടും അടുത്തു നില്ക്കുന്ന ശ്രീരാമഭക്തന് അടികിട്ടാതെ തടയുന്ന 60 കഴിഞ്ഞ കര്സേവകന്… അങ്ങനെ, ആവേശവും അത്ഭുതവും രോമാഞ്ചവും ഉണ്ടാക്കുന്ന ദൃശ്യങ്ങള്‍.
ഇടനാഴി അവസാനിച്ചത് ടാര്‍പ്പാളിന്‍ കൊണ്ട് മറച്ച, തകരം കൊണ്ട് നിര്‍മ്മിച്ച താല്‍ക്കാലിക ക്ഷേത്രത്തിലെ രാം ലല്ല വിഗ്രഹത്തിനു മുന്നില്‍. കടത്തിവിടില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍, ദര്‍ശന സമയം കഴിഞ്ഞുവത്രെ. കര്‍ക്കശ നിലപാടുകാരോട്, ദൂരെ, കേരളത്തില്‍ നിന്നാണെന്ന് അറിയിച്ചപ്പോള്‍ അവര്‍ തമ്മില്‍ അടക്കം പറഞ്ഞു. കാത്തു നില്ക്കാന് നിര്‍ദ്ദേശിച്ചു. ഒടുവില്‍ സുരക്ഷാ വിഭാഗത്തിന്റെ തലവന്‍ വന്നു. കൈ കൂപ്പി, കുശലം ചോദിച്ചശേഷം പറഞ്ഞു: ”കെ.കെ. നായര്സാബ്ജി കേ ഗാവ്സേ ആനേവാലേ ലോഗോം കോ കിസീ ഭീ സമയ് രാം ലല്ലാ കീ ദര്ശന് കര്‍നേ കേലിയേ അനുമതി ഹെ” എന്നറിയിച്ച് അദ്ദേഹംതന്നെ ദര്‍ശനത്തിന് കൂട്ടിക്കൊണ്ടുപോയി. (കെ.കെ. നായര്‍സാബിന്റെ ഗ്രാമത്തില്‍ നിന്നു വരുന്നവര്‍ക്ക് ഏതു സമയവും രാംലല്ലയെക്കാണാന് അനുവാദമുണ്ട് എന്ന്…) അത്രയടുത്ത് നിന്ന് കാണാനും മുഖ്യ പൂജാരിയില്‍ നിന്ന് പ്രസാദം വാങ്ങാനും കഴിഞ്ഞു.
അയോദ്ധ്യയിലെ കേരളവും കെ.കെ.നായരും അതായിരുന്നു. ശ്രീരാമന്റെ ‘കിം കര’നായി നിന്ന ഹനൂമാന്റെ ദൗത്യമായിരുന്നു വാസ്തവത്തില്‍ അന്നത്തെ ഫൈസാബാദിലെ മജിസ്ട്രേറ്റും കളക്ടറുമായിരുന്ന കെ.കെ. നായര്‍ നിര്‍വഹിച്ചത്. ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ കൈനകരിയിലായിരുന്നു കെ.കെ. നായരുടെ കുടുംബ വീടെന്നതിനാല്‍ കൂട്ടുകാര്‍ക്കിടയില്‍ ‘എന്റെ നാട്ടുകാരന്’ എന്ന നിലയില്‍ വികാരവും അഭിമാനവും ഞാന്‍ പങ്കുവെക്കുകയും ചെയ്തു.
അതെ, അയോദ്ധ്യാ പ്രക്ഷോഭത്തിന്റെ നാള് വഴിയില്‍, ജനകീയ പ്രക്ഷോഭമാകും മുമ്പ്, രാമജന്മഭൂമി മുക്തിയെന്ന ആശയത്തിന്റെ തുടക്കം മുതല്‍ അതിനായി പ്രവര്‍ത്തിച്ച മഹത്തുക്കളുടെ ലഭ്യമായ വിവരങ്ങള്‍ ചേര്‍ത്ത് തയാറാക്കിയ ചരിത്ര പുസ്തകമുണ്ട്; അതില്‍ പരാമര്‍ശിക്കുന്ന ഒട്ടുമുക്കാല്പ്പേരുമായി അയോദ്ധ്യാവിഷയത്തില്‍ ചര്‍ച്ചകളോ കൂടിയാലോചനകളോ ആസൂത്രണമോ കെ.കെ. നായര്‍ നടത്തിയിട്ടുണ്ട് എന്ന് അതില്‍ രേഖപ്പെടുത്തുന്നു. അതായത് അയോദ്ധ്യയില്‍ ഉയര്‍ന്ന്, ഇന്ന് പ്രാണപ്രതിഷ്ഠ നടക്കുന്ന ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്രത്തിന്റെ ആധാരശിലയായിത്തീര്‍ന്ന വ്യക്തികളില്‍ മുഖ്യനായ കെ.കെ. നായരുടെ സ്ഥാനം വളരെ ഉയര്‍ന്നതാണ്.
അയോദ്ധ്യാ ക്ഷേത്ര പുനരുദ്ധാരണ പദ്ധതിക്ക് സ്പഷ്ടമായ ഗതിയും വഴിയും തുറക്കാന്‍ കാരണക്കാരനായ, ‘ഞാന്‍ ഭാരതീയന്’ എന്ന് പ്രഖ്യാപിച്ച കെ.കെ. മുഹമ്മദ് എന്ന പുരാവസ്തു ഗവേഷകന്റെ പങ്കാണ് മറ്റൊന്ന്. ഉള്ളതിനേയും ഇല്ലെന്ന് സ്ഥാപിക്കാന്‍ മത്സരിക്കുകയും വിയര്‍പ്പൊഴുക്കുകയും ചെയ്യുന്ന, രാഷ്ട്രീയ തിമിരവും വിഭ്രാന്തിയും ബാധിച്ച, ചരിത്രമെഴുത്തുകാര്‍ക്കും ഗവേഷകര്‍ക്കുമിടയില്‍, ഉണ്ടെങ്കില്‍ അത് കണ്ടെത്തണമെന്ന വ്യഗ്രതയില്‍ നടത്തിയ നിരന്തര അന്വേഷണത്തിലൂടെയാണ് കെ.കെ. മുഹമ്മദ് അയോദ്ധ്യാ പ്രസ്ഥാനത്തിന്റെ നിര്‍ണ്ണായക സ്ഥാനത്തായത്.
രണ്ടു പേരും ‘മലയാളി’കളാണെന്നും ‘ദക്ഷിണേന്ത്യക്കാരാ’ണെന്നുമുള്ള ‘വഴിതെറ്റിക്കുന്ന’ വാദത്തിനു വേണ്ടിയല്ല ഈ വിവരണം. ഭൂമിശാസ്ത്രപരമായി രാജ്യത്തിന്റെ തെക്കേ അറ്റത്തുള്ള രണ്ടു വ്യക്തികള്‍ക്ക് രാമക്ഷേത്ര പുനര്‍നിര്‍മാണമെന്ന ദൗത്യത്തില്‍ മുഖ്യപങ്കാളികളാകാന്‍ കഴിഞ്ഞതിലൂടെ ഭാരതത്തിന്റെ സാംസ്കാരിക സ്വരൂപത്തിലെ പൊതുധാരയുടെ പ്രകടീകരണം ആവര്‍ത്തിച്ച് തെളിയിക്കപ്പെടുന്നുവെന്ന് സ്ഥാപിക്കാനാണ് ശ്രമിച്ചത്.
ശ്രീരാമതത്വത്തിന്റെ, ദര്‍ശനത്തിന്റെ, രാമരാജ്യ ആദര്‍ശത്തിന്റെ, ആ സാംസ്കാരിക ഐക്യധാരയുടെ മറ്റൊരു സ്പഷ്ടീകരണമായിരുന്നു പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിലെ തൃപ്രയാര്‍ ശ്രീരാമ ക്ഷേത്ര ദര്‍ശനം. 2000 വര്‍ഷത്തെ പഴക്കവും പൈതൃകവും കല്‍പ്പിക്കുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠാ സങ്കല്‍പ്പം, രാമായണ ഇതിഹാസത്തിലെ ദുഷ്ട ശക്തികളായ ഖരന്, ദൂഷണന്, ത്രിശ്ശിരസ്സ് എന്നീ രാക്ഷസരെ വധിച്ച ശേഷം ഞാണയച്ച കോദണ്ഡ വില്ലുമായി, വിശ്രാന്താവസ്ഥയിലുള്ള ശ്രീരാമന്റേതാണ്.
ഒരു വശത്ത് സര്വ്വൈശ്വര്യദായകിയായ ലക്ഷ്മീദേവിയും മറുവശത്ത് ഭൂമീദേവിയും. ഭൂമീദേവിക്ക് പ്രതിഷ്ഠയും ആരാധനയുമുള്ള ക്ഷേത്രങ്ങള്‍ അത്രയേറെയില്ല. സര്‍വ ജീവജാലങ്ങള്‍ക്കും ആധാരമായ ഭൂമി, ആ ഭൂമിപുത്രിയായ സീതാദേവിയെ കാക്കുവാനും വീണ്ടെടുക്കുവാനും വ്രതം പൂണ്ട ശ്രീരാമന്. സര്‍വ്വ ഭൂതങ്ങള്‍ക്കും ക്ഷേമമുള്ള രാമരാജ്യം സ്ഥാപിച്ച ആ ശ്രീരാമ ഭരണ ദൗത്യം ഇക്കാലത്ത് പാലിക്കാന്‍ യത്നിക്കുന്ന കര്മ്മചാരിയായ നരേന്ദ്ര മോദിയുടെ തൃപ്രയാര്‍ സന്ദര്‍ശനത്തിന് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയുടെ പശ്ചാത്തലത്തില്‍ പ്രസക്തി ഏറെയാണല്ലോ. രക്തവും വിയര്‍പ്പും ഒരുപാടൊഴുക്കി, ജീവനുകള്‍ പലതുസമര്പ്പിച്ച ഒരു പ്രക്ഷോഭത്തിന്റെ പരിസമാപ്തി ഒരു തുള്ളി രക്തം ചിന്താതെ, ഒരു ശഠവര്ത്തമാനമില്ലാതെ, ഒരു തുള്ളി കണ്ണീര് വീഴ്ത്താതെ, സമന്വയത്തിന്റെയും സമവായത്തിന്റെയും വഴിയില്‍, നീതിയും ന്യായവും ലംഘിക്കാതെ ആയിരുന്നല്ലോ. ആ ‘യുദ്ധ’ വിജയത്തിന്റെ വിശ്രാന്തിയില്‍, ഭാരതത്തിന്റെ തെക്കേക്കോണിലെ കോദണ്ഡധാരിയെ നമിച്ച്, പ്രാണപ്രതിഷ്ഠയ്ക്കു മുമ്പ് അനുഗ്രഹം വാങ്ങാനാണ് വ്രത ധാരിയായ മോദി അവിടെയെത്തിയത്. സനാതന ധര്‍മ്മത്തോടും സംസ്കാരത്തോടുമുള്ള കേരളത്തിന്റെ കാലാതീതമായ ബന്ധം ആവര്ത്തിച്ചോര്മ്മിപ്പിക്കാന് കൂടിയായിരുന്നു അത്. ആ സാംസ്കാരിക അച്ചുതണ്ടിനേയും അതിലെ അനേകകോടി നാഡീകോശങ്ങള്‍ പോലുള്ള അതിസൂക്ഷ്മ സംസ്കാര വൈപുല്യ ഭേദങ്ങളേയും ഉദ്ദീപിപ്പിക്കുന്ന ആ സാംസ്കാരിക പ്രവര്‍ത്തനത്തിലൂടെ, ആധുനിക കാലത്തെ ദുഷ്ടചിന്താ പദ്ധതിക്കാരായ ‘കട്ടിങ് സൗത്ത്’ കുബുദ്ധികള്‍ക്കുള്ള മറുപടിയും താക്കീതും നല്‍കുകയുമായിരുന്നു. അങ്ങനെ, കാലാതീതമായ ഒരു സാംസ്കാരികതയുടെ കാലികവും കലാത്മകവുമായ തുടര്‍ക്കണ്ണികളെക്കുറിച്ച് ചിന്തിപ്പിക്കുക കൂടിയായിരുന്നു തൃപ്രയാര്‍ ക്ഷേത്ര ദര്‍ശനം.
അവതാരങ്ങള്‍ അമാനുഷികതയോ അത്ഭുത ജാല പ്രകടനമോ അല്ല. അതുകൊണ്ടാണ് ‘വിശക്കുന്നവനു മുന്നില്‍ അന്നമാണ് ദൈവം’ എന്ന ബോധം വളര്‍ന്നത്; വിജ്ഞാന ദാഹിക്ക് ജ്ഞാനവും ഇരുട്ടിലലയുന്നവന് വെളിച്ചവും ദൈവമാകുന്നത്. കെ.കെ. നായരും കെ.കെ. മുഹമ്മദും നരേന്ദ്ര മോദിയും എണ്ണമറ്റ ശ്രീരാമ ഭക്തരും വിശ്വാസികളും അവതാരമാകുന്നതും അങ്ങനെയാണ്; അത്ഭുതവിദ്യകള്‍ കൊണ്ടല്ല. സ്വന്തം ജന്മ ദൗത്യപൂരണത്തിലൂടെ, ലക്ഷ്യസാദ്ധ്യത്തിലൂടെ, പ്രാണപ്രതിഷ്ഠയുടെ ധന്യതയില്‍ മനുഷ്യാവതാര ലക്ഷ്യം കാണുകയാണ് ഇന്ന് വിശ്വാസികള്‍.
പിന്കുറിപ്പ്:
അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠ നടത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ല. അത് ചെയ്യുന്നത് വാരാണസിയില്‍ നിന്നുള്ള മുഖ്യ പുരോഹിതന് ലക്ഷ്മീകാന്ത-ദീക്ഷിതാണ്. മുഖ്യ ആചാര്യനായി, യാഗങ്ങള്‍ക്ക് യജമാന സ്ഥാനത്തെന്ന പോലെ നരേന്ദ്രമോദിയുണ്ടാവും. അതിനായാണ് അദ്ദേഹം വ്രതം നോല്‍ക്കുന്നത്. മോദി പ്രാണപ്രതിഷ്ഠ ചെയ്യുന്നത് തന്ത്ര- വേദശാസ്ത്ര പ്രകാരമല്ലെന്ന് ചിലരുടെ കുതര്‍ക്കം. ബ്രാഹ്മണാധിപത്യം തകര്‍ക്കാന്‍, വേദ-പൂജ- തന്ത്ര-മന്ത്ര കുത്തക പൂണൂല്ക്കാരില് നിന്ന് മാറ്റാന്‍ ‘യുദ്ധം’ നടത്തുന്നവരാണ് മോദിയെ ചെറുക്കാന്‍ ‘വേദവാദി’ കളാകുന്നത്. നല്ല തമാശ. വാദത്തിന് ചോദിക്കുകയാണ്: പിന്നാക്ക ജാതിക്കാരനായ മോദി, ബ്രാഹ്മണ- പുരോഹിത വിഭാഗം ചെയ്യേണ്ട കര്‍മ്മം ചെയ്യാന്‍ തുനിയുന്നുവെന്നാണെങ്കില് അതിന് കൈയടിക്കുകയല്ലേ വേണ്ടത്? ആരാണ് രാമക്ഷേത്രത്തിന് ആദ്യ ശിലയിട്ടത്? ഓര്‍മ്മയുണ്ടോ? ബീഹാറില്‍ നിന്നുള്ള പിന്നാക്ക വിഭാഗ നേതാവ് (ദളിത്) കാമേശ്വര് ചൗപാല്‍ ആയിരുന്നു. കമ്മട്ടിപ്പാടം സിനിമയിലെ കഥാപാത്രം പറയുന്നില്ലേ, ”കൈയടിക്കടാ” എന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: