യോഗി ആദിത്യനാഥ്
മുഖ്യമന്ത്രി, ഉത്തര്‍പ്രദേശ്
നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനും, തലമുറകളുടെ പോരാട്ടത്തിനും, നമ്മുടെ പൂര്‍വികര്‍ നല്കിയ പ്രതിജ്ഞയുടെ പൂര്‍ത്തീകരണത്തിനും വിരാമമിട്ട്, ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആ ദിനം വന്നെത്തി. സനാതന സംസ്കാരത്തിന്റെ ആത്മാവ്, ‘രഘുനന്ദന് രാഘവ് രാം ലല്ല’, അദ്ദേഹത്തിന്റെ ജന്മസ്ഥലമായ അയോദ്ധ്യയിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കപ്പെടുകയാണ്. ചരിത്രപരവും പവിത്രവുമായ ഈ സന്ദര്‍ഭം, 500 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, ഇന്ത്യയെ മാത്രമല്ല, ലോകത്തെ മുഴുവന്‍ കീഴടക്കിയിരിക്കുന്നു. എല്ലാ കണ്ണുകളും അയോദ്ധ്യയിലേക്ക്. ഇന്ന്, എല്ലാ വഴികളും ശ്രീരാമ ജന്മഭൂമിയിലേക്കാണ് നയിക്കുന്നത്. എല്ലാ കണ്ണുകളും സന്തോഷത്തിന്റെയും സംതൃപ്തിയുടെയും കണ്ണുനീര് കൊണ്ട് നനഞ്ഞിരിക്കുന്നു. കൂടാതെ, എല്ലാ മനസ്സുകളും നാവുകളും രാമമന്ത്രം ഉരുവിടുന്നു.
ഈ ദിവസത്തിനായി കാത്തിരുന്ന വിശ്വാസികളും രാമഭക്തരുമായ വലിയൊരു തലമുറ ലോകം വെടിഞ്ഞു. എന്നാല്‍ അവരുടെ കൂടി ആഗ്രഹമാണ് പൂര്‍ത്തീകരിക്കപ്പെടുന്നത്. അയോധ്യ ഇപ്പോള്‍ പഴയ പ്രതാപത്തിലേക്ക് പുനഃസ്ഥാപിക്കപ്പെടുകയാണ്. നീതിയുടെയും സത്യത്തിന്റെയും സംയുക്ത വിജയം. കയ്പേറിയ വളരെയധികം ഓര്‍മ്മകളെ മായ്ച്ചുകളയുകയും പുതിയ കഥകള്‍ സൃഷ്ടിക്കുകയും സമൂഹത്തില്‍ സൗഹാര്‍ദ്ദം വളര്‍ത്തുകയും ചെയ്യുന്നു.
‘ശ്രീരാമ ജന്മഭൂമി മുക്തി മഹായജ്ഞം’ കേവലം സനാതന വിശ്വാസത്തിന്റെ ഒരു പരീക്ഷണമായിരുന്നില്ല. അത് രാഷ്ട്രത്തിന്റെ കൂട്ടായ ബോധത്തെ വിജയകരമായി ഉണര്‍ത്തി. ഐക്യത്തിന്റെ നൂലില്‍ ഇന്ത്യയെ ഒന്നിപ്പിച്ചു. ശ്രീരാമന്റെ ജന്മസ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള പോരാട്ടത്തില്‍ പ്രകടമായ അതുല്യമായ ഐക്യം സമാനതകളില്ലാത്തതാണ്. സംന്യാസിമാര്‍, ബുദ്ധിജീവികള്‍, രാഷ്ട്രീയക്കാര്‍, ജീവിതത്തിന്റെ നാനാതുറകളിലുള്ള ആളുകള്‍, എല്ലാവരും ഭിന്നതകള്‍ക്ക് അതീതമായി ഉയര്‍ന്നു. ഒരു പൊതു ലക്ഷ്യത്തിനായി ഒന്നിച്ചു. രാഷ്ട്രീയ സ്വയംസേവക് സംഘ്, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സാമൂഹിക സാംസ്കാരിക സംഘടനകള്‍ ബഹുജനങ്ങളെ ഒന്നിപ്പിച്ചു. ഒടുവില്‍ പരിശ്രമങ്ങള്‍ക്ക് പൂര്‍ത്തീകരണമാകുന്നു. ഭാരതം ഒരു പുതിയ പ്രഭാതത്തിലേക്ക് ഉണരുന്നു.
ഒരിക്കല്‍ ‘ആവണിയിലെ അമരാവതി’ എന്നും ‘ഭൂമിയുടെ വൈകുണ്ഠം’ എന്നും അറിയപ്പെട്ടിരുന്ന അയോദ്ധ്യ നൂറ്റാണ്ടുകളോളം ശാപഗ്രസ്തമായി തുടര്‍ന്നു. ‘രാമരാജ്യം’ ഒരു ആദര്‍ശ സങ്കല്‍പ്പമായിരുന്ന നാട്ടില്‍, രാമന് തന്റെ അസ്തിത്വം തെളിയിക്കേണ്ടി വന്നു. അവന്റെ ജന്മസ്ഥലത്തിന് തെളിവ് അന്വേഷിച്ചു. എന്നാല്‍ മാന്യമായി പെരുമാറാനും സ്വയം സംയമനം പാലിക്കാനും ശ്രീരാമന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. രാമന്റെ ഭക്തര്‍ ക്ഷമയും സ്ഥിരോത്സാഹവും പ്രകടിപ്പിച്ചു, ഓരോ ദിവസം കഴിയുന്തോറും അവരുടെ ദൃഢനിശ്ചയം ശക്തിപ്പെട്ടു. ഇന്ന്, അയോദ്ധ്യ അതിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുമ്പോള്‍, രാജ്യം മുഴുവന്‍ ആഹ്ലാദിക്കുന്നു. ഞങ്ങളുടെ ദൃഢനിശ്ചയം നിറവേറ്റാന്‍ ഞങ്ങളെ നയിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍!
നാളെ, ജനുവരി 22, വ്യക്തിപരമായി എനിക്ക് ഏറ്റവും വലിയ സന്തോഷത്തിന്റെ ദിനമാണ്. ഞാന്‍ യാത്രയില്‍ ധ്യാനിക്കുമ്പോള്‍, ഓര്‍മ്മകള്‍ എന്റെ മനസ്സില്‍ നിറഞ്ഞുനില്ക്കുന്നു. രാമജന്മഭൂമിയെ മോചിപ്പിക്കാനുള്ള അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ നിമിഷങ്ങള്‍. ഈ ദൃഢനിശ്ചയമാണ് ഗുരുദേവ് മഹന്ത് അവൈദ്യനാഥ്ജി മഹാരാജിന്റെ സദ്ഗുണസമ്പന്നമായ കൂട്ടായ്മയിലേക്ക് എന്നെ നയിച്ചത്. ഇന്ന്, ശ്രീരാം ലല്ലയുടെ പ്രതിഷ്ഠയുടെ സുപ്രധാന സന്ദര്‍ഭം ആഘോഷിക്കുമ്പോള്‍, എന്റെ മുത്തച്ഛന് ബ്രാഹ്മലീന്‍ മഹന്ത് ശ്രീ ദിഗ്വിജയ്നാഥ് ജി മഹാരാജും ബഹുമാനപ്പെട്ട ഗുരുദേവ് ബ്രാഹ്മലീന്‍ മഹന്ത് ശ്രീ അവൈദ്യനാഥ് ജി മഹാരാജും മറ്റ് ആദരണീയരായ സന്യാസിമാരും ഇല്ല. പക്ഷേ അവരുടെ ആത്മാക്കള്‍ തീര്‍ച്ചയായും വലിയ സംതൃപ്തി അനുഭവിക്കുന്നുണ്ടാവണം. എന്റെ ആദരണീയരായ ഗുരുക്കന്മാര് ജീവിതത്തിലുടനീളം അര്‍പ്പിച്ചിരുന്ന ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. കൂട്ടായ സന്തോഷത്തിന്റെ വ്യാപ്തിയും അന്തരീക്ഷവും ഇപ്പോള്‍ മുഴുവന്‍ രാജ്യത്തും വ്യാപിക്കുന്നത് സമീപ നൂറ്റാണ്ടുകളില്‍ സമാനതകളില്ലാത്തതാണ്.
ശൈവ, വൈഷ്ണവം, ശാക്ത, ഗണപത്യ, പാട്യ, സിഖ്, ബുദ്ധ, ജൈന, ദഷ്നം ശങ്കര്‍, രാമാനന്ദ, രാമാനുജ്, നിംബര്‍ക്ക, മാധ്വ, വിഷ്ണു നാമി, രാംസനേഹി, ഗിസപന്ത്, ഗരീബ്ദാസി, അകാലി, നിരങ്കരി, ഗൗഡിയ, കബീര്പന്തി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ആത്മീയ പാരമ്പര്യങ്ങളുടെ സംഗമമാണ് അയോദ്ധ്യയില്‍ നടക്കുന്നത്. 150-ലധികം പാരമ്പര്യങ്ങളില്‍ നിന്നുള്ള സംന്യാസിമാര്‍ക്കൊപ്പം അസംഖ്യം ചിന്താപദ്ധതികളെ പിന്തുടരുന്നവര്, വിഭാഗങ്ങള്‍, ആരാധനാ രീതികള്‍, പാരമ്പര്യങ്ങള്‍ എന്നിവയെ പ്രതിനിധീകരിക്കുന്നവരും ചേരുന്നു. കൂടാതെ 50-ലധികം കമ്മ്യൂണിറ്റികളില്‍ നിന്നുള്ള പ്രമുഖ വ്യക്തികളും, വനമേഖലയില്‍ താമസിക്കുന്നവര്‍, ഗോത്രവര്‍ഗ വിഭാഗങ്ങള്‍, വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍, രാഷ്ട്രീയം, ശാസ്ത്രം, വ്യവസായം, കായികം, കല, സംസ്കാരം, സാഹിത്യം, എല്ലാം ഒരു കുടക്കീഴില് ഒത്തുചേരുന്നു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ശ്രീരാം ലല്ലയ്ക്ക് മുന്നില്‍ 140 കോടി ഇന്ത്യക്കാരുടെ വികാരങ്ങള്‍ അറിയിക്കും, അയോദ്ധ്യധാമിനെ ഒരു പ്രതീകാത്മക ‘മിനി ഇന്ത്യ’ ആക്കി മാറ്റും. ഈ സുപ്രധാന സന്ദര്‍ഭം അഭിമാനത്തിന്റെ സ്രോതസ്സാണ്, ഉത്തര്‍പ്രദേശിലെ 25 കോടി ജനങ്ങള്‍ക്കു വേണ്ടി, വിശുദ്ധ അയോദ്ധ്യാധാമിലെ എല്ലാവര്ക്കും ഞാന്‍ ഹൃദയംഗമമായ ആശംസകള്‍ നേരുന്നു.
പ്രാണപ്രതിഷ്ഠാ ചടങ്ങിനെത്തുടര്ന്ന്, ലോകമെമ്പാടുമുള്ള ഭക്തര്‍, വിനോദസഞ്ചാരികള്‍, ഗവേഷകര്‍, അന്വേഷണാത്മക മനസ്സുകള്‍ എന്നിവരെ ഊഷ്മളമായി സ്വാഗതം ചെയ്യാന്‍ അയോദ്ധ്യധാം ഒരുങ്ങിക്കഴിഞ്ഞു. പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ക്ക് അനുസൃതമായി അയോധ്യാപുരി ഒരുക്കത്തിലാണ്. നഗരം ഇപ്പോള്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളം, വിപുലീകരിച്ച റെയില്‍വേ സ്റ്റേഷന്, എല്ലാ ദിശകളില്‍ നിന്നും ഒത്തുചേരുന്ന 04-06 വരി റോഡുകളുടെ നന്നായി ബന്ധിപ്പിച്ച ശൃംഖല എന്നിവയുണ്ട്. കൂടാതെ, സന്ദര്‍ശകരുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഹെലിപോര്‍ട്ട് സേവനവും സൗകര്യപ്രദമായ ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും സ്ഥാപിച്ചിട്ടുണ്ട്.
പുതിയ അയോദ്ധ്യയില്‍, പുരാതന സംസ്കാരത്തിന്റെയും നാഗരികതയുടെയും സംരക്ഷണവും അത്യാധുനിക നഗര സൗകര്യങ്ങളുടെ സംയോജനവും, ഭാവിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സൂക്ഷ്മമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ഈ സംരംഭത്തിന്റെ ഭാഗമായി, അയോദ്ധ്യയിലെ മതപരവും പൗരാണികവും ചരിത്രപരവുമായ സ്ഥലങ്ങളുടെ ദ്രുതഗതിയിലുള്ള പുനരുജ്ജീവനം നടക്കുന്നു. ഈ യോജിച്ച ശ്രമങ്ങള്‍ സാംസ്കാരിക പൈതൃക സംരക്ഷണത്തിന് മാത്രമല്ല, ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സജ്ജമാണ്.
ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന്റെ സ്ഥാപനം ആത്മീയ ചടങ്ങാണ്. ഇത് ഭാരതത്തിലെ സാംസ്കാരിക നവോത്ഥാനത്തെ അടയാളപ്പെടുത്തുന്നു. ഇത് കേവലം ഒരു ക്ഷേത്രമല്ല, ദേശീയ ക്ഷേത്രമാണ്. ശ്രീരാമലല്ലയുടെ സമര്‍പ്പണം രാജ്യത്തെ മുഴുവന്‍ അഭിമാനത്താല്‍ വീര്‍പ്പുമുട്ടിക്കുന്ന ഒരു സുപ്രധാന സന്ദര്‍ഭമാണ്. അയോദ്ധ്യയുടെ പവിത്രത ഇപ്പോള്‍ സുരക്ഷിതമാണ്; ഒരു തടസ്സവും അതിന്റെ വിശുദ്ധ പാതയെ നശിപ്പിക്കില്ല. അയോദ്ധ്യയുടെ പാതകളില്‍ വെടിയുണ്ടകള്‍ പ്രതിധ്വനിക്കില്ല, സരയൂ രക്തക്കറ വഹിക്കില്ല, കര്‍ഫ്യൂ നാശം അഴിച്ചുവിടില്ല. പകരം, രാമനാമ സങ്കീര്‍ത്തനത്തിന്റെ അനുരണനം പ്രതിധ്വനിക്കുന്ന ആഹ്ലാദകരമായ അന്തരീക്ഷമാണെങ്ങും.
രാം ലല്ലയുടെ സമര്‍പ്പണം ഭാരത്തില്‍ രാമരാജ്യത്തിന്റെ സ്ഥാപനത്തിന്റെ വിളംബരത്തെ അറിയിക്കുന്നു. ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്ന ശ്രീരാമന്റെ വിഗ്രഹം ഒരു വഴികാട്ടിയായി വര്‍ത്തിക്കുന്നു, ഇത് ഓരോ സനാതന വിശ്വാസിക്കും അവരുടെ മത തത്വങ്ങള്‍ പിന്തുടരാനുള്ള വഴിയൊരുക്കുന്നു. ഈ ശുഭ അവസരത്തില്‍ 140 കോടി പൗരന്മാര്ക്ക് അഭിനന്ദനങ്ങള്‍! നമ്മുടെ പൂര്‍വ്വികര്‍ സത്യപ്രതിജ്ഞ ചെയ്ത ക്ഷേത്രം പണിയാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയുടെ പൂര്‍ത്തീകരണത്തിന് സാക്ഷ്യം വഹിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സംതൃപ്തിയുണ്ട്. ഭഗവാന് ശ്രീരാമന്റെ അനുഗ്രഹം എല്ലാവരെയും വലയം ചെയ്യട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: