നെടുമ്പിള്ളി തരണനല്ലൂര്‍ സതീശന് നമ്പൂതിരിപ്പാട്
(ശ്രീപദ്മനാഭസ്വാമി ക്ഷേത്രം തന്ത്രി)
ഉത്തമ വൈഷ്ണവ സങ്കേതങ്ങളുടെ ലക്ഷണമായി ആഗമങ്ങള്‍ പറയുന്നത,് പ്രധാന ദേവനെ കൂടാതെ ശ്രീരാമനും, നരസിംഹമൂര്‍ത്തിയും, ശ്രീകൃഷ്ണനും ഒരേ സങ്കേതത്തില്‍ത്തന്നെ പ്രതിഷ്ഠിച്ച് ആരാധനകള്‍ നടക്കണം എന്നാണ്. അപ്രകാരമുള്ള, ദക്ഷിണ ഭാരതത്തിലെ അമ്പതോളം ക്ഷേത്രങ്ങളില്‍ ഒന്നും കേരളത്തിലെ ഏക ക്ഷേത്രവും ആണ് തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം. രാമാവതാരത്തിന് മുമ്പുള്ള യോഗനിദ്രയുടെ ഭാവമാണ് ശ്രീ പദ്മനാഭസ്വാമിയുടെ സാന്നിധ്യത്തിന്റെ ഭാവം. ശയനരൂപത്തിലുള്ള മഹാവിഷ്ണുവിനെ ശ്രീരാമനായും, നില്ക്കുന്ന മഹാവിഷ്ണുവിനെ ശ്രീകൃഷ്ണനായും കണക്കാക്കുന്ന സമ്പ്രദായമുണ്ട്.
ക്ഷീരാബ്ധിയില്‍ ശയിക്കുന്ന മഹാവിഷ്ണു, ദേവന്മാരുടെ സ്തുതികളെക്കൊണ്ട് യോഗനിദ്ര ഉണര്‍ന്നശേഷം രാമാവതാരത്തിന് ഒരുങ്ങുന്നതായി രാമായണത്തില്‍ പറയുന്നുണ്ട്. ശ്രീപദ്മനാഭസ്വാമിയുടെ ശയനബിംബം, അദ്ധ്യാത്മരാമായണത്തിലെ ബ്രഹ്മസ്തുതിയാല് മഹാവിഷ്ണു പ്രത്യക്ഷപ്പെടുന്ന ഭാഗത്തെ വര്‍ണ്ണനകള്‍ക്കു പൂര്‍ണമായും യോജിക്കുന്ന തരത്തിലുള്ളതാണ്.
പ്രതിഷ്ഠാസങ്കല്പം
രാവണവധത്തിന് വേണ്ടി ശ്രീരാമാവതാരമെടുക്കാനായി യോഗനിദ്രയില്‍ മഗ്നമായ അനന്തശയനരൂപം. രാക്ഷസന്മാരുടെ ആക്രമണം സഹിക്കവയ്യാതെ സര്‍വദേവതകളും ബ്രഹ്മാവിനോട് കൂടി പാലാഴിതീരത്തു പുരുഷസൂക്തം ജപിച്ചു ഭഗവാനെ ധ്യാനിക്കുമ്പോള്‍ ആയിരംസൂര്യപ്രഭയോടുകൂടി ദര്‍ശനം നല്‍കിയെന്ന് അദ്ധ്യാത്മരാമായണം (ബാലകാണ്ഡം).
ഉത്തമമായ ബിംബപരികല്പനം
ദേവസേവിതമായ യോഗശയനമൂര്ത്തിവിധാനത്തില് ഏറ്റവും ഉത്തമമായ ബിംബപരികല്പനമാണ് തിരുവനന്തപുരത്തേത്. ശ്രീരാമന്റെയും സഹോദരന്മാരുടെയും സീതാദേവിയുടെയും മൂലമായ രൂപവും (ശ്രീരാമന് ശ്രീപദ്മനാഭസ്വാമി; ഭരതന് പാഞ്ചജന്യമൂര്ത്തി/ശംഖമൂര്ത്തി, ലക്ഷ്മണന് അനന്തന്/ആദിശേഷനാഗം, ശത്രുഘ്നന്‍ സുദര്‍ശനമൂര്‍ത്തി/ചക്രമൂര്ത്തി, സീത ശ്രീദേവി) കൃതിയില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന മുനിമാര്‍ ഉള്‍പ്പടെ എല്ലാംതന്നെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രശ്രീകോവിലില്‍ ദര്‍ശിക്കാം.
ക്ഷേത്രച്ചടങ്ങുകളില്‍ രാമായണത്തിന്റെ സാന്നിദ്ധ്യം ശ്രീപദ്മനാഭസ്വാമിയുടെ പള്ളിവേട്ട പുറപ്പാട് ശ്രീരാമരൂപത്തിലാണ്. ഏതൊരു ക്ഷേത്രത്തിലേയും ഉത്സവത്തിനോടനുബന്ധിച്ച് നടക്കുന്ന പള്ളിവേട്ട ആ ദേവന്റെ സങ്കേതപരിധിയിലെ ദുഷ്ടശക്തികളെ ഉന്മൂലനം ചെയ്യാനുള്ള സങ്കല്പത്തില് നടത്തുന്ന ചടങ്ങാണ്. ഇവിടെ പള്ളിവേട്ടക്ക് മാത്രം ശ്രീരാമസ്വാമിയുടെ അങ്കി ചാര്‍ത്തി അലങ്കരിച്ച് അമ്പും വില്ലും ധരിച്ച രൂപത്തിലാണ് ശ്രീപദ്മനാഭസ്വാമി എഴുന്നള്ളുന്നത്.
വില്ല് അലങ്കാരമായും ആയുധമായും ധരിക്കുന്ന വിഷ്ണു എന്നതുകൊണ്ട് സൂചിപ്പിക്കുന്നത് പ്രധാനമായും ശ്രീരാമനെയാണ്.
‘രാമഃ ശസ്ത്രഭൃതാമഹം’ ആയുധം ധരിച്ചവരില്‍ ഞാന്‍ രാമനാകുന്നു (ഭഗവദ്ഗീത 10.31).
ചിങ്ങമാസത്തിലെ തിരുവോണത്തിന് ഓണവില്ല് ചാര്‍ത്തുന്നതും ശ്രീരാമബന്ധം കൊണ്ട് കൂടി വന്നതായിരിക്കാം. പള്ളിവേട്ട നടത്തുന്നതും രാമനാമത്തില്‍ അറിയപ്പെടുന്ന രാജാവ് തന്നെയാണ് എന്നതും സവിശേഷതയാണ് (തിരുവിതാംകൂറിലെ രാജാക്കന്മാര്ക്കു ശ്രീരാമന്റെ നാമങ്ങളായ ബാലരാമവര്‍മ, മാര്‍ത്താണ്ഡവര്‍മ, ആദിത്യവര്‍മ, രാമവര്‍മ എന്നീ പേരുകളാണ് വരുന്നത്) സമുദ്രത്തില്‍ ആറാടുന്നതും സമുദ്രബന്ധമുള്ള ശയനമൂര്ത്തിയും ഇവിടെയാണ്. ശ്രീരാമാവതാരത്തില്‍ ഭഗവാന് ജലാധിവാസത്തിലൂടെയാണ് സ്വധാമപ്രാപ്തിയെന്ന് ഇവിടെ ഓര്‍ക്കാം). മൂലകൃതിയില്‍ ഗരുഡവാഹനായി സേവിക്കപ്പെടുന്നു എന്നും കാണാം.
രാമായണപാരായണം
നടതുറന്നിരിക്കുന്ന സമയമെല്ലാം രാമായണം വായന നടക്കണമെന്ന് നിര്‍ബന്ധമുള്ള സങ്കേതമാണ് ശ്രീപദ്മനാഭസ്വാമിക്ഷേത്രം. ദേവന്റെ അകത്തെ ബലിവട്ടത്തിനു പുറത്ത് നരസിംഹമൂര്‍ത്തിക്ക് മുമ്പിലാണ് പാരായണം. ഒട്ടേറെ പുരാണ, ഇതിഹാസ പാരായണങ്ങളും ജപങ്ങളും കാലക്രമത്തില്‍ നിന്നുപോയെങ്കിലും രാമായണപാരായണം നിലനില്ക്കുന്നു.
ശയനധാമം
വൈഷ്ണവീയ രചനകളില്‍ പരാമര്ശിക്കുന്നപ്രകാരം, വൃന്ദാവനത്തില്‍ ക്രീഡാവസ്ഥയിലും ദ്വാരകയില്‍ ഗാര്ഹസ്ഥ്യലീലകളാടിയും പുരിയില്‍ ഭോജനം ചെയ്തും രാമേശ്വരത്ത് സ്നാനംചെയ്തും ബദരിയില്‍ ധ്യാനാവസ്ഥയിലും അയോദ്ധ്യയില്‍ രാജാധിരാജനായും തിരുവനന്തപുരത്തു ശയനംചെയ്തും വിഷ്ണുഭഗവാന് ഭാരതഭൂമിയെ അനുഗ്രഹിക്കുന്നു. ശ്രീരാമാവതാരത്തിനുമുമ്പ് ക്ഷീരാബ്ധിയില്‍ അനന്തതല്പത്തില് ശയിക്കുന്ന യോഗനിദ്രയുടെ ഭാവമാണ് ശ്രീപദ്മനാഭസ്വാമിയുടെ സാന്നിധ്യഭാവം എന്നത് ഇവിടെ വ്യക്തമാണ്. മോക്ഷദായകമായ സപ്തപുരികളില്‍ ഒന്നാമത്തേതായ അയോദ്ധ്യയില്‍ ശ്രീരാമ പ്രാണപ്രതിഷ്ഠ നടക്കുന്ന ഈ സന്ദര്‍ഭത്തില്‍ ശ്രീപത്മനാഭ സവിധത്തില്‍ ബ്രഹ്മാദിദേവകള്‍ സ്തുതിച്ച പുരുഷസൂക്തവും അതിന്റെ വിസ്തൃതഭാവമായ വിഷ്ണുസഹസ്രനാമസ്തോത്രവും പാരായണം ചെയ്യുന്നുണ്ടാകും. അതോടൊപ്പം അധ്യാത്മരാമായണം കിളിപ്പാട്ടിലെ ബാലകാണ്ഡത്തിലുള്ള ശ്രീമഹാദേവന്റെ രാമകഥാവിവരണമെന്നഭാഗവും പാരായണം ചെയ്യും. (പങ്ക്തികന്ധരമുഖ…. തുടങ്ങി ……സുഖിച്ചു വാണാരല്ലോ. 377 516 വരെയുള്ള വരികള്‍) നമുക്കെല്ലാം ശ്രീരാമാവതാരത്തിന്റെ തൊട്ടുമുന്നേയുള്ള ദിവസമായ ഇന്ന്, (പൗഷമാസത്തിലെ ശുക്ലപക്ഷ ഏകാദശി) ദിനത്തില്‍ ക്ഷേത്രങ്ങളിലും സ്വഗൃഹങ്ങളിലും ഇക്കാര്യങ്ങള്‍ അനുഷ്ഠിക്കുവാന്‍ ശ്രീരാമചന്ദ്രസ്വാമിയുടെ പ്രേരണയുണ്ടാകാനായി പ്രാര്‍ത്ഥിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: