പത്തനംതിട്ട: കേന്ദ്ര സര്‍ക്കാര്‍ 29 കോടി രൂപ ചെലവഴിച്ച് കോന്നി മെഡിക്കല്‍ കോളജിനു സമീപത്ത് എട്ട് ഏക്കറിലായി നിര്‍മ്മിച്ച കേന്ദ്രീയ വിദ്യാലയത്തിലേക്ക് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് കൃഷിവകുപ്പ് വഴി തടയുന്നത് കോണ്‍ഗ്രസ്-സിപിഎം രാഷ്ട്രീയ പോരിന്റെ ഭാഗം. ദേശീയ രാഷ്ട്രീയത്തില്‍ ഒരുമിച്ച് നില്ക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും കോന്നിയിലെ വികസനത്തില്‍ തടസമായി പോരടിക്കുന്നത് എന്തിനെന്നതാണ് നാട്ടുകാര്‍ ഉയര്‍ത്തുന്ന സംശയം.
വിപുലമായ സൗകര്യങ്ങളുള്ള കേന്ദ്രീയ വിദ്യാലയ സമുച്ചയമാണ് കോന്നിയില്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. 29 കോടി രൂപ ചെലവഴിച്ച് കോന്നി മെഡിക്കല്‍ കോളജിനുസമീപമുള്ള എട്ട് ഏക്കറിലാണ് പുതിയ കേന്ദ്രീയ വിദ്യാലയം നിര്‍മിച്ചിട്ടുള്ളത്.
രാജ്യാന്തര നിലവാരത്തിലുള്ള കെട്ടിട സമുച്ചയമാണ് കേന്ദ്രീയ വിദ്യാലയത്തിന്റേത്. നിലവില്‍ അട്ടച്ചാക്കല്‍ സെന്റ് ജോര്‍ജ് ഹയര്‍സെക്കന്ററി സ്കൂളിലെ കെട്ടിടത്തിലാണ് കേന്ദ്രീയ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. പുതിയ കെട്ടിടത്തിലേക്ക് കുട്ടികളെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതിനിടെയാണ് രാഷ്ട്രീയ നേട്ടത്തിനായുള്ള വഴിതടയല്‍. 4500 ചതുരശ്ര മീറ്ററില്‍ ആധുനിക നിലവാരത്തിലുള്ള 24 ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളുമാണ് സ്കൂളില്‍ ഒരുക്കിയിരിക്കുന്നത്.
ജീവനക്കാര്‍ക്കായി 17 ക്വാര്‍ട്ടേഴ്സുകളും കാമ്പസിലുണ്ട്. മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ ഹാള്‍, ബാസ്കറ്റ് ബോള്‍, ഫുട്ബോള്‍ കോര്‍ട്ടുകള്‍, ഓഡിറ്റോറിയം, എന്നിവയും പുതിയ കേന്ദ്രീയ വിദ്യാലയ സമുച്ചയത്തിലുണ്ട്. ജില്ലയിലെ മൂന്നാമത്തെ കേന്ദ്രീയ വിദ്യാലയമാണ് കോന്നിയിലേത്.
അടൂര്‍, ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയങ്ങള്‍ നിലവില്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുകയാണ്. കൃഷിവകുപ്പിന്റെ അധീനതയിലുണ്ടായിരുന്ന പഴയ കോന്നി മുളകുകൊടിത്തോട്ടമാണ് മെഡിക്കല്‍ കോളജ് കാമ്പസിനായി കൈമാറിയത്. ഇതിലൊരു ഭാഗം കൈമാറി കേന്ദ്രീയ വിദ്യാലയം കെട്ടിടം നിര്‍മാണം തുടങ്ങുകയായിരുന്നു. എന്നാല്‍ റോഡിനുവേണ്ടി സ്ഥലം കൈമാറിയിട്ടിയില്ലന്ന സാങ്കേതിക ന്യായമാണ് കൃഷിവകുപ്പ് ഇപ്പോള്‍ ഉന്നയിക്കുന്നത്. അനുമതി നല്‍കാനാവില്ലെന്ന് ക്യഷി വകുപ്പ് അറിയിച്ചതോടെയാണ് നിലവിലുള്ള റോഡിന്റെ പുനരുദ്ധാരണം മുടങ്ങിയത്. കേന്ദ്രീയ വിദ്യാലയത്തിലേക്ക് വാഹനങ്ങള്‍ കടന്ന് പോകണമെങ്കില്‍ റോഡ് പുനരുദ്ധാരണം അത്യാവശ്യമാണ്. നൂറിലേറെ കുടുബങ്ങള്‍ കാലങ്ങളായി ഉപയോഗിക്കുന്ന റോഡാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: