Categories: Kerala

നടി പ്രവീണയുടെ പരാതിയില്‍ സുരേഷ് ഗോപിയുടെ അപേക്ഷയിന്മേല്‍ മോദിയുടെ ഓഫീസ് പരിഹാരം കണ്ടു; നടി പ്രവീണയ്‌ക്ക് ആശ്വാസം

Published by

തിരുവനന്തപുരം: തുടര്‍ച്ചയായി അശ്ലീല പരാതികള്‍ അയച്ച് നടി പ്രവീണയെ ഏറെക്കാലമായി ചുറ്റിച്ചുകൊണ്ടിരുന്ന സൈബര്‍ ക്രിമിനലിനെ ഒടുവില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശപ്രകാരം പൊക്കി. നടി പ്രവീണയെ ശല്യം ചെയ്തിരുന്ന പ്രതിയുടെ കാര്യം പ്രവീണ യാദൃച്ഛികമായി നടന്‍ സുരേഷ് ഗോപിയെ അറിയിച്ചതായിരുന്നു. മകളുടെ കല്യാണം ക്ഷണിക്കാന്‍ വിളിച്ചപ്പോഴാണ് സുരേഷ് ഗോപിയെ ഇക്കാര്യം അറിയിച്ചത്. ഉടനെ ഒരു പരാതി ടൈപ്പ് ചെയ്ത് നല്‍കാന്‍ പറയുകയും ചെയ്തു.

പ്രവീണയുടെ പരാതി സുരേഷ് ഗോപി പ്രധാനമന്ത്രിയെ നേരിട്ട് അറിയിക്കുകയായിരുന്നു. ഉടനെ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് സത്വരപരിഹാരം എന്ന നിലയ്‌ക്ക് സമൂഹമാധ്യമങ്ങളിലൂടെ അശ്ലീലകമന്‍റുകള്‍ അയച്ചിരുന്ന പയ്യനെ പൊക്കിയെന്ന് പറയുന്നു. എന്തായാലും താല്‍ക്കാലികമായ ആശ്വാസത്തിലാണ് നടി പ്രവീണ ഇപ്പോള്‍.

നേരത്തെ സൈബര്‍ പൊലീസില്‍ പല തവണ ഇതേക്കുറിച്ച് പരാതി നല്‍കിയിരുന്നു. കേസെടുത്ത കേരള പൊലീസ് പ്രതി ദല്‍ഹിയിലാണെന്ന് അറിഞ്ഞയുടന്‍ നിസ്സഹായരാവുകയായിരുന്നു. കാരണം ദല്‍ഹിയില്‍ പോയി അറസ്റ്റ് ചെയ്യാനുള്ള ഫണ്ട് ‍ഡിജിപിയോ എസ്പിയോ അനുവദിച്ചെങ്കില്‍ മാത്രമേ കേരള പൊലീസിന് പോകാന്‍ കഴിയൂ. എന്നാല്‍ ഫണ്ട് ക്ഷാമം ഉള്ളതിനാല്‍ പ്രവീണയുടെ പരാതിയില്‍ നടപടിയില്ലാതെ പോയി.

ഒരിയ്‌ക്കല്‍ സഹികെട്ട് നടി പ്രവീണ എഡിജിപി പൊലീസില്‍ പരാതിനല്‍കിയപ്പോള്‍ ഒരു അഞ്ചംഗ സംഘത്തെ അയച്ച് കേരള പൊലീസ് പോയി അറസ്റ്റ് ചെയ്തിരുന്നു. പക്ഷെ അധികം വൈകാതെ ഈ പയ്യന്‍ ജാമ്യത്തിലിറങ്ങി. വീണ്ടും സൈബര്‍ ആക്രമണം പുനരാരംഭിച്ചു. ഇക്കുറി പ്രവീണയ്‌ക്ക് നേരെ മാത്രമല്ല, പ്രവീണയുടെ മകള്‍ക്കും എതിരെ അശ്ലീലകമന്‍റുകള്‍ അയച്ചിരുന്നു. മകളുടെ മോര്‍ഫ് ചെയ്തുള്ള ചിത്രങ്ങള്‍ വരെ പങ്കുവെച്ച് പ്രതി നിറഞ്ഞാടുകയായിരുന്നു. ഇതോടെ പ്രവീണയുടെ മനസ്സ് വല്ലാതെ നൊന്തു. ഉറക്കം നഷ്ടമായ അവസ്ഥ. അഭിനയം പോലും നിര്‍ത്തണമെന്ന് വരെ ആലോചിച്ചു. അതിനിടയിലാണ് മകളുടെ കല്യാണം ക്ഷണിക്കാന്‍ സുരേഷ് ഗോപി എത്തിയത്. തന്റെ അവസ്ഥ ആദ്യമായാണ് പ്രവീണ സുരേഷ് ഗോപിയ്‌ക്ക് മുന്‍പില്‍ അവതരിപ്പിച്ചത്. ഉടനെ ഒരു പരാതി നല്‍കാന്‍ പ്രവീണയോട് സുരേഷ് ഗോപി ആവശ്യപ്പെടുകയായിരുന്നു. പിന്നീട് സുരേഷ് ഗോപിയുടെ ഓഫീസില്‍ നിന്നും ഈ പരാതി നേരിട്ട് പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തി. വൈകാതെ പരിഹാരവുമുണ്ടായി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശപ്രകാരം പയ്യനെ പൊക്കുകയായിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക