ന്യൂഡൽഹി: നടി രശ്മിക മന്ദാനയുടെ ഡീപ് ഫെയ്‌ക്ക് വീഡിയോ പ്രചരിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്. ആന്ധ്രാപ്രദേശ് സ്വദേശിയാണ് അറസ്റ്റിലായത്. നവംബർ 10 ന് ഡൽഹി പോലീസിന്റെ പ്രത്യേക സെൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. വിവാദ ഡീപ്പ് ഫേക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.
കറുത്ത വസ്ത്രം ധരിച്ച് ലിഫ്റ്റിൽ കയറുന്ന മറ്റൊരു സ്ത്രീയുടെ വീഡിയോയിൽ നടി രശ്മിക മന്ദനയുടെ മുഖം മോർഫ് ചെയ്ത് ചേർക്കുകയായിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ബോളിവുഡ് നടിമാരായ ആലിയ ഭട്ട്, കിയാര അദ്വാനി, കാജോൾ, ദീപിക പദുക്കോൺ തുടങ്ങിയവരുടെയും മറ്റുള്ളവരുടെയും വ്യാജ വീഡിയോകളും ചിത്രങ്ങളും ഇത്തരത്തിൽ നിർമ്മിച്ചിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറുടെ ഡീപ് ഫെയ്‌ക്ക് വീഡിയോയുമായി ബന്ധപ്പെട്ട് പരസ്യചിത്രം നിർമ്മിച്ച കമ്പനിക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. മുംബൈ പോലീസ് സൈബർ സെല്ലാണ് കേസെടുത്തത്. വീഡിയോ പുറത്തുവിട്ട ഫേസ്ബുക്ക് പേജും അന്വേഷണ പരിധിയിലുണ്ട്. കഴിഞ്ഞ തിങ്കളാഴ്‌ച്ചയാണ് സച്ചിൻ തന്റേതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോക്കെതിരെ രംഗത്തെത്തിയത്. മറ്റൊരു വ്യക്തിയുടെ ശബ്ദത്തിന്റെ പശ്ചാത്തലത്തിൽ സച്ചിനെ കാണിക്കുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. സച്ചിൻ ടെണ്ടുൽക്കറേയും മകളെയും ചേർത്താണ് വീഡിയോ പുറത്തിറങ്ങിയത്. പണം സമ്പാദിക്കാൻ സഹായിക്കുന്ന ഒരു ഗെയിം സച്ചിന്റെ മകൾ കളിക്കാറുണ്ടെന്ന് വീഡിയോയിൽ പരാമർശിക്കുന്നു.
വീഡിയോ വൈറലായതിനെ തുടർന്ന് തന്റെ സാമൂഹ്യ മാധ്യമത്തിലൂടെ സച്ചിൻ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. സാങ്കേതികവിദ്യയുടെ വ്യാപകമായ ദുരുപയോഗം കണ്ട് താൻ അസ്വസ്ഥനാണെന്ന് സച്ചിൻ പറഞ്ഞു. തെറ്റായ വിവരങ്ങളുടെയും വ്യാജപ്രചാരണങ്ങളുടെയും വ്യാപനം തടയാൻ സഹായം അഭ്യർത്ഥിച്ച താരം ജനങ്ങളോട് കൂടുതൽ ജാഗ്രതയോടെയിരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സംഭവത്തിന് പിന്നാലെ വിഷയത്തിൽ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. ഡീപ് ഫെയ്‌ക്ക് വീഡിയോകളും തെറ്റായ വിവരങ്ങളും ഉപഭോക്താക്കളുടെ സുരക്ഷയ്‌ക്കും വിശ്വാസത്തിനും ഭീഷണിയാണെന്നും ഇതുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങൾ ഐടി നിയമങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: