Categories: Kerala

അഡ്വ. രണ്‍ജിത്ത് ശ്രീനിവാസൻ വധം;15 പ്രതികളും കുറ്റക്കാർ, ശിക്ഷാ വിധി തിങ്കളാഴ്ച, പരമാവധി ശിക്ഷ നൽകണമെന്ന് അമ്മ വിനോദിനി

Published by

ആലപ്പുഴ: രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജിത്ത് ശ്രീനിവാസനെ അമ്മയുടേയും ഭാര്യയുടേയും മകളുടെയും മുന്നില്‍വച്ച് ഇസ്ലാമിക തീവ്രവാദികള്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 15 പ്രതികളും കുറ്റക്കാർ. ഇവർക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത് കേസിൽ 15 എസ്ഡിപിഐ പ്രവർത്തകരാണ് പ്രതികൾ.

ഒന്നു മുതൽ എട്ടുവരെയുള്ള പ്രതികളിൽ കൊലക്കുറ്റം തെളിഞ്ഞു. നൈസാം, അജ്മൽ, അനൂപ് , മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുൾ കലാം, സഫറുദ്ദീൻ,മുൻഷാദ്, ജസീബ് രാജ, മൻഷാദ് എന്നിവർക്കെതിരായ കൊലക്കുറ്റമാണ് തെളിഞ്ഞിരിക്കുന്നത്. 13, 14. 15, പ്രതികൾക്കെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരുന്നത്. സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷർണാസ് അഷ്‌റഫ് എന്നിവരാണ് 13, 14, 15 പ്രതികൾ. ഒന്ന് മുതൽ എട്ടുവരെയുള്ള പ്രതികൾക്കെതിരെ വീട്ടിൽ അതിക്രമിച്ച് കടന്നെന്ന കുറ്റവും കോടതി വിധിച്ചിട്ടുണ്ട്. 1, 3.7 പ്രതികൾ സാക്ഷികളെ ഉപദ്രവിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ആയിരത്തോളം രേഖകളും നൂറിലധികം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കിയിരുന്നു. വിരലടയാളങ്ങൾ, ശാസ്ത്രീയ തെളിവുകൾ, സിസിടിവി ദൃശ്യങ്ങൾ, ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകൾ തുടങ്ങിയ തെളിവുകളും കേസിൽ ഹാജരാക്കിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് വിധി. പ്രതികൾ കുറ്റക്കരാണെന്ന വിധിയിൽ സന്തോഷമുണ്ടെന്ന് അമ്മ വിനോദിനി പറഞ്ഞു. പരമാവധി ശിക്ഷ ലഭിക്കണമെന്നും അവർ പറഞ്ഞു. വിധി കേൾക്കാൻ കോടതിയിൽ രൺജിത്തിന്റെ അമ്മയും ഭാര്യയും മക്കളും എത്തിയിരുന്നു.

2021 ഡിസംബർ 19നായിരുന്നു വീട്ടിൽ കയറി കുടുംബാംഗങ്ങളുടെ മുന്നിലിട്ട് രൺജീത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിന്റെ വിചാരണ കഴിഞ്ഞ വർഷം അവസാനത്തോടെ പൂർത്തിയായിരുന്നു. ഇതോടെയാണ് ജഡ്ജി വി.ജി ശ്രീദേവി വിധി പുറപ്പെടുവിച്ചത്. നിലവിൽ മാവേലിക്കര ജില്ലാ ജയിലിലാണ് പ്രതികൾ. ആലപ്പുഴ ഡിവൈഎസ്പി എൻ ആർ ജയരാജിന്റെ നേതൃത്വത്തിൽ ആയിരുന്നു കേസിന്റെ അന്വേഷണം. പന്ത്രണ്ടംഗ സംഘം ആറു ഇരുചക്രവാഹനങ്ങളിലായാണ് എത്തിയത്. വീട്ടിലേക്കുള്ള പ്രധാന വഴിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത ശേഷമാണ് അക്രമികള്‍ എത്തിയത്. ഇവര്‍ വാഹനങ്ങളില്‍ വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കിട്ടിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by