ആചാര്യശ്രീ രാജേഷ്
(സ്ഥാപകന്‍, കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്)
മര്യാദാരാമനാകുന്ന ധര്മവിഗ്രഹത്തിന് പ്രാണപ്രതിഷ്ഠ, അതും രാമജന്മസ്ഥാനമായ, യുദ്ധങ്ങള്‍ക്ക് കീഴ്പ്പെടാത്ത ‘അയോധ്യാ’പുരിയില്‍. കേവലമൊരു ചടങ്ങല്ല, സാംസ്കാരിക വീണ്ടെടുപ്പിന്റേതായ പുതുയുഗം നാന്ദി കുറിക്കപ്പെട്ടു. സൂര്യവംശിയായ ശ്രീരാമന്റെ ഭാസ്കരചൈതന്യത്തില് ഒരിക്കല്‍കൂടി ഭാരതസംസ്കാരത്തിന് പുനര്‍ജനി.
ചരിത്രപരമായ പ്രാധാന്യം മാറ്റിനിര്‍ത്തിയാല്‍, അയോധ്യ എന്ന പ്രാചീന നഗരിക്ക് ഇന്നത്തെ കാലത്ത് എന്തുപ്രസക്തി എന്ന് ചിന്തിക്കുമ്പോഴാണ് അയോധ്യയ്ക്ക് മാത്രം അവകാശപ്പെടാനാവുന്ന മഹത്തായ സാംസ്കാരികപ്രഭാവത്തെക്കുറിച്ച് നാം തിരിച്ചറിയുക. ഭാരതത്തില്‍നിന്നും വ്യാപിച്ച് പൗരസ്ത്യദേശങ്ങള്ക്കൊട്ടാകെ സാംസ്കാരിക സുഗന്ധം പകര്‍ന്നുനല്‍കിയ രാമായണപുഷ്പ വൃക്ഷത്തിന്റെ തായ്വേരിരിക്കുന്ന അയോധ്യാഭൂമി വൈവിധ്യമാര്‍ന്ന ഏഷ്യാ രാജ്യങ്ങളെ സാംസ്കാരികമായി കൂട്ടിയിണക്കാന്‍ സാധിക്കുന്ന കേന്ദ്രബിന്ദുവാണ് എന്നതാണ് ആ തിരിച്ചറിവ്.
നോക്കൂ, രാമായണത്തിന്റെ ജന്മദേശമായ ഭാരതത്തിന് ഔദ്യോഗികമായി ദേശീയ ഇതിഹാസം എന്നൊന്നില്ല. എന്നാല്‍ ഇന്തോനേഷ്യ, തായ്ലന്റ്, കംബോഡിയ, ലാവോസ്, മ്യാന്മര് തുടങ്ങിയ രാജ്യങ്ങളുടെ ദേശീയ ഇതിഹാസം അവിടുത്തെ രാമായണങ്ങളാണ് എന്ന കാര്യം എത്ര പേര്‍ക്കറിയാം? അതെ, ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലീം മതവിശ്വാസികളുള്ള രാജ്യം എന്നറിയപ്പെടുന്ന ഇന്തോനേഷ്യയുടെ ദേശീയ ഇതിഹാസം രാമായണമാണ്. ഇന്തോനേഷ്യയിലെ രാമായണം ‘കകവിന്‍ രാമായണ’മെന്നാണ് അറിയപ്പെടുന്നത്. കംബോഡിയന്‍ രാമായണത്തിന്റെ പേര് ‘റീംകര്‍’ അഥവാ രാമകീര്‍ത്തി എന്നാണ്. ഫ്രാ ലാക് ഫ്രാ ലാം, ഗ്വായ് ദ്വോറാബി എന്നിവയാണ് ലാവോസിലെ രാമായണങ്ങള്‍. ‘രാമകീന്‍’ ആണ് തായ്ലന്റിലെ രാമായണം. ചൈനയിലുമുണ്ട് രാമായണം. അതിന്റെ പേര് ഹിഷിയുച്ചി എന്നാണ്. അതേപോലെ ബുദ്ധസാഹിത്യത്തിലെ ത്രിപീഠികയും രാമായണം തന്നെയാണ്. ഫിലിപ്പൈന്‍സിലെ ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ മഹാരാധ്യാലാവണ എന്ന പേരുള്ള രാമായണകഥ നിലവിലുണ്ട്. മലേഷ്യയില്‍ പെന്‍ഗ്ലീപര്‍ ലാറ എന്ന പേരിലും പേര്‍ഷ്യയില്‍ അതായത് ഇന്നത്തെ ഇറാനില്‍ ‘ദസ്തന്‍-ഇ-രാം ഓ സീതാ’ എന്ന പേരിലും രാമായണകഥ പ്രചരിതമാണ്. ശ്രീലങ്കയില്‍ ജാനകീഹരണ്‍ എന്നാണ് രാമായണത്തിന്റെ പേര്. ഇതേപോലെ, നേപ്പാളിലും ടിബറ്റിലും തുടങ്ങി വിയറ്റ്നാമിലും ജപ്പാനിലുംവരെ രാമായണകഥ പ്രചരിതമാണ്. വിദേശങ്ങളില്‍ പ്രചലിതമായ ഈ രാമായണങ്ങളെക്കുറിച്ച് ‘വിദേശങ്ങളിലെ വിചിത്ര രാമായണം’ എന്ന പുസ്തത്തില്‍ വളരെ വിശദമായിത്തന്നെ ഈ ലേഖകന്‍ എഴുതിയിട്ടുള്ളതിനാല്‍ ഇവിടെ കൂടുതല്‍ വിശദമാക്കുന്നില്ല.
ചുരുക്കത്തില്‍, ഏഷ്യ വന്‍കരയിലെ വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളെ ഒന്നുചേര്‍ക്കുന്ന ഒരു പൊതുവായ തന്തുവുണ്ടെങ്കില് അത് രാമായണമാണ്, രാമായണം മാത്രമാണ്. തങ്ങളുടെ മതവിശ്വാസങ്ങള്‍ക്കപ്പുറം ശ്രീരാമന് പൗരസ്ത്യരുടെ ഏവരുടെയും ആരാധ്യപുരുഷനാണ്. ഇവിടുത്തെ നൃത്തകലകളിലും ചിത്രകലകളിലുമെല്ലാം രാമന്റെ അയനകഥ നിറഞ്ഞുനില്ക്കുന്നു. അങ്ങനെയുള്ള ശ്രീരാമന്റെ ജന്മസ്ഥലം മഹത്തായ തീര്‍ഥാടനകേന്ദ്രമായി ഉയര്‍ന്നുവരുമ്പോള്‍ അത്, ഭാരതത്തിന്റെ മാത്രമല്ല, ഏഷ്യാ വന്കരയുടെതന്നെ പൊതുവായ സാംസ്കാരിക കേന്ദ്രമായാണ് മാറുവാന്‍ പോകുന്നത്.
ഇനി, ശ്രീരാമന്റെ ജന്മസ്ഥലം എന്ന നിലയില്‍ മാത്രവുമല്ല അയോധ്യ പ്രസക്തമാകുന്നത്. ബുദ്ധമതത്തെ സംബന്ധിച്ചും ജൈനമതത്തെ സംബന്ധിച്ചും വിശുദ്ധഭൂമിയാണ് അയോധ്യ. ഗൗതമബുദ്ധന് പല കുറി അയോധ്യയില്‍ താമസിച്ച് ധര്‍മോപദേശം ചെയ്തതിനെക്കുറിച്ച് ‘സംയുത്ത നികായം’, ‘അംഗുത്തരനികായം’ തുടങ്ങിയ ബൗദ്ധഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. മഹാവീരനും പാര്ശ്വനാഥനുമെല്ലാം അയോധ്യ സന്ദര്‍ശിച്ചിരുന്നതായി ജൈനഗ്രന്ഥങ്ങളിലും പറഞ്ഞിട്ടുണ്ട്. മാത്രമല്ല, ഋഷഭനാഥന്, അജിതനാഥന്‍, അഭിനന്ദനനാഥന്, സുമതിനാഥന്‍, അനന്ത നാഥന് എന്നീ അഞ്ച് തീര്ഥങ്കരന്മാരുടെ ജന്മസ്ഥലമാണ് അയോധ്യ എന്നും ജൈനഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ലോകമാസകലമുള്ള ബുദ്ധ-ജൈനമതസ്ഥരെ സംബന്ധിച്ചും പുണ്യസ്ഥലമാണ് അയോധ്യ.
ഇതൊന്നുമല്ലാതെ മറ്റൊരു സംബന്ധവും ദക്ഷിണ കൊറിയയ്ക്ക് അയോധ്യയോടുണ്ട്. അറുപത് ലക്ഷത്തിലധികം വരുന്ന കൊറിയന്‍ ജനതയുടെ, അതായത് ദക്ഷിണ കൊറിയന്‍ ജനസംഖ്യയുടെ പത്ത് ശതമാനത്തോളം വരുന്ന ആളുകള്‍ കരുതുന്നത് അവര്‍ അയോധ്യയില്‍നിന്നുള്ള സൂര്യവംശരാജകുമാരിയായ സൂരിരത്ന എന്ന ‘ഹ്യൂ ഹ്വാന്‍ ഓക്കി’ന്റെ വംശപരമ്പരയില്‍ പെട്ടവരാണെന്നാണ്. ദക്ഷിണ കൊറിയയില്‍ ഗിംഹേ നഗരത്തില്‍ ‘ഹ്യൂ ഹ്വാന്‍ ഓക്കി’ന്റെ ശവകുടീരമുണ്ട്. ഹ്യൂ ഹ്വാന്‍ ഓക്ക് വരുമ്പോള്‍ കൊണ്ടുവന്ന അയോധ്യയിലെ കല്ലിന് കഷണങ്ങളാല്‍ തീര്‍ത്ത പഗോഡ (ചെറു സ്തൂപം) അവിടെ സൂക്ഷിച്ചിട്ടുണ്ട്. 2001 മാര്‍ച്ചില്‍ ഗിംഹേയുടെയും അയോധ്യയുടെയും നഗരത്തലവന്മാര്‍ ഇരു നഗരങ്ങളും തമ്മിലുള്ള സിസ്റ്റര്‍ സിറ്റി കരാറില്‍ ഒപ്പുവെച്ചു. 2018 നവംബറില്‍ കൊറിയന്‍ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം അയോധ്യയില്‍ ഹ്യൂ ഹ്വാന്‍ ഓക്കിന് ഒരു സ്മാരകം നിര്‍മിക്കാന്‍ ആരംഭിച്ചു. ദക്ഷിണ കൊറിയയുടെ പ്രഥമ വനിതയായ കിം ജിം സൂക്കാണ് സ്മാരകത്തിന് തറക്കല്ലിട്ടത്. ഹ്യു ഹ്വാന്‍ ഓക് രാജ്ഞിയുടെ സ്മരണാര്‍ത്ഥം 2019ല്‍ ഭാരത സര്‍ക്കാര്‍ രണ്ട് പോസ്റ്റല്‍ സ്റ്റാമ്പുകളും പുറത്തിറക്കിയിട്ടുമുണ്ട്. ഇപ്പോള്‍തന്നെ ദക്ഷിണകൊറിയയില്‍നിന്നും ഒട്ടേറെ പേര് അയോധ്യ സന്ദര്‍ശിക്കാനെത്തുന്നു.
ഭാവിയില്‍, ഭാരതത്തിന്റെയും ദക്ഷിണ കൊറിയയുടെയും മാത്രമല്ല, സമ്പൂര്‍ണ ഏഷ്യയുടെയും പ്രധാന സാംസ്കാരികകേന്ദ്രമായി, അഥവാ സാംസ്കാരികതലസ്ഥാനമെന്നവണ്ണം ഉയര്‍ന്നുവരാന്‍ അയോധ്യക്ക് സാധിക്കും. വര്‍ത്തമാനകാല സാംസ്കാരിക പൈതൃകത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനും ദേശങ്ങള്‍ തമ്മിലുള്ള പരസ്പര ഐക്യത്തിനും പുരോഗതിക്കും അയോധ്യയിലൂടെ പുതുജീവന്‍ പകരാന്‍ കഴിയും എന്ന് നമുക്ക് പ്രത്യാശിക്കാം.
ഇനി നമുക്ക് അയോദ്ധ്യയുടെ പ്രാചീന കാലം മുതല്‍ അര്‍വാചീന കാലം വരെയുള്ള പൈതൃകത്തെക്കുറിച്ച് കൂടി അല്പം ചിന്തിക്കാം. ‘അയോധ്യ’എന്ന വാക്കിന്റെ ഉറവിടം തേടിപ്പോയാല്‍ നാമെത്തിച്ചേരുക വേദങ്ങളിലായിരിക്കും. അഥര്‍വവേദത്തില്‍ അഷ്ടചക്രങ്ങളോടും നവദ്വാരങ്ങളോടും കൂടിയ, ദേവന്മാര് വസിക്കുന്ന അയോധ്യാപുരിയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. മനുഷ്യശരീരത്തെയാണ് ആ മന്ത്രത്തില്‍ അയോധ്യാപുരിയെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ‘അയോധ്യ’ എന്ന വാക്കിനര്‍ഥം ‘യോദ്ധും അശക്യാ’ അതായത് യുദ്ധം ചെയ്ത് കീഴ്പ്പെടുത്താന്‍ സാധിക്കാത്തത് എന്നാണ്. അഥര്‍വവേദത്തില്‍ അത് രോഗങ്ങള്‍ക്ക് കീഴ്പ്പെടാത്ത ആരോഗ്യമുള്ള ശരീരത്തെ അര്‍ഥമാക്കുന്നു. അങ്ങനെയെങ്കില്‍ ആ പേരെങ്ങനെ കോസലരാജ്യതലസ്ഥാനത്തിന് വന്നുചേര്‍ന്നു?
വാല്മീകിരാമായണത്തില് പറഞ്ഞിരിക്കുന്നത്, രാജര്‍ഷിയായ വൈവസ്വത മനുവാണ് സരയൂനദിക്കരയില്‍ അയോധ്യാനഗരം നിര്‍മിച്ചത് എന്നാണ്. അങ്ങനെയെങ്കില്‍ മനുതന്നെയായിരിക്കണം ‘അയോധ്യ’ എന്ന വൈദികപദത്തെ താന്‍ നിര്‍മിച്ച നഗരിക്ക് നല്കിയതും. തുടര്‍ന്ന് ഇക്ഷ്വാകു മുതലുള്ള രാജപരമ്പര അയോധ്യയെ തലസ്ഥാനമാക്കിക്കൊണ്ട് ‘അജയ്യമായ’ കോസലരാജ്യം ഭരിച്ചുപോന്നു. ദശരഥനും ശ്രീരാമനുമെല്ലാം ഈ രാജപരമ്പരയിലെ കണ്ണികളാണ്. ആനന്ദവും സമൃദ്ധിയും കളിയാടിയ, അയോധ്യാ നഗരത്തെക്കുറിച്ചുള്ള വര്‍ണന വാല്മീകിരാമായണത്തിന്റെ ബാലകാണ്ഡത്തിലെ അഞ്ച്, ആറ് സര്‍ഗങ്ങളില്‍ 46 ശ്ലോകങ്ങളിലായി പരന്നുകിടക്കുന്നുണ്ട്. വൈദികസംസ്കൃതിയില് അധിഷ്ഠിതമായി ജീവിതം മുന്നേറിയ, അന്നത്തെ അയോധ്യാപുരിയിലെ സമൃദ്ധിയും പുരോഗതിയും എത്രത്തോളം മുന്നിലായിരുന്നു എന്ന കാര്യം നമുക്ക് ഈ വിവരണത്തിലൂടെ കണ്ണോടിച്ചാല്‍ മനസ്സിലാകും. അങ്ങനെയുള്ള അയോധ്യ കേന്ദ്രമാക്കിയാണ് ദശരഥനും തുടര്‍ന്ന് ഭരതനും ശേഷം രാമനും കോസലരാജ്യം ഭരിച്ചത്.
മഹാഭാരതകാലംവരെ അയോധ്യ ഈ രീതിയില്‍തന്നെ അജയ്യമായിത്തുടര്ന്നു. എന്നാല്‍ മഹാഭാരതയുദ്ധത്തില്‍ കോസലരാജാവായ ബൃഹദ്ബലന്‍ പരാജയപ്പെട്ടതോടെ അയോധ്യയുടെയും പതനം ആരംഭിച്ചു. പിന്നീട് വിരൂഢരാജാവിന്റെ കീഴില്‍, അജാതശത്രുവിന്റെ കീഴില്‍, മൗര്യസാമ്രാജ്യത്തിന്റെ കീഴില്‍, ശുംഗസാമ്രാജ്യത്തിനു കീഴില്‍, ദേവവംശം, ദത്തവംശം, മിത്രവംശം, കുശസാമ്രാജ്യം എന്നിവയ്ക്ക് കീഴില്‍ എല്ലാം അയോധ്യ ഉയര്‍ന്നും താണും പോയ്ക്കൊണ്ടിരിക്കുന്നു. പിന്നീട് വന്ന ഗുപ്തസാമ്രാജ്യകാലത്ത് അയോധ്യ അതിന്റെ നഷ്ടപ്രതാപത്തെ വീണ്ടെടുക്കുന്നുണ്ട്. പക്ഷേ ആറാം നൂറ്റാണ്ടിന്റെ കാലത്ത് ഹൂണന്മാര് അയോധ്യ ആക്രമിച്ചുതകര്‍ത്തു. പിന്നീട് ഹര്ഷവര്ധന് ഹൂണരെ പരാജയപ്പെടുത്തിക്കൊണ്ട് അയോധ്യയെ സ്വതന്ത്രമാക്കി. തുടര്‍ന്ന് വര്മവംശം, ഗുര്‍ജാര-പ്രതിഹാരവംശം തുടങ്ങി അനേകം വംശങ്ങളുടെ ഭരണത്തിനു കീഴിലായിരുന്നു അയോധ്യ. പതിനൊന്നാം നൂറ്റാണ്ടില്‍ വൈഷ്ണവരായ ഗാഹഡവാലവംശ രാജാക്കന്മാരുടെ കാലത്താണ് അയോധ്യ മഹത്തായ തീര്‍ഥാടനകേന്ദ്രമായി മാറുന്നത് എന്നാണ് ചരിത്രകാരനായ ഹാന്‍സ്. ടി. ബാക്കര്‍ അഭിപ്രായപ്പെടുന്നത്. മാത്രമല്ല, ഇക്കാലത്തുതന്നെ രാമജന്മഭൂമിയില്‍ രാമക്ഷേത്രം ഉണ്ടായിരുന്നിരിക്കണമെന്നും അദ്ദേഹം പറയുന്നു.
തുടര്‍ന്നാണ് അയോധ്യ ഇസ്ലാമിക അധിനിവേശത്തിന് അടിമപ്പെടുന്നതും ബാബറിന്റെ സേനാപതിയായ ബീര്‍ ബാകിയുടെ സൈന്യത്തിന്റെ ആക്രമണത്താല്‍ രാമക്ഷേത്രം തകര്‍ക്കപ്പെടുന്നതും. പ്രതിരോധിച്ച ആയിരക്കണക്കിന് രാമഭക്തരെ ബീര്‍ ബാകി നിഷ്കരുണം വധിച്ചു എന്നാണ് തുളസീദാസ് തന്റെ ദോഹാശതകത്തില് എഴുതിയിരിക്കുന്നത്. അഞ്ഞൂറുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ സംഭവങ്ങളെല്ലാം നടന്നത്. അന്ന് രാമജന്മഭൂമിയെ സ്വതന്ത്രമാക്കാനായി മുഗള്‍ സൈന്യത്തോട് പോരടിച്ച 90,000 വരുന്ന സൂര്യവംശി ഠാകൂര്‍ യോദ്ധാക്കള്‍ എടുത്ത ശപഥമായിരുന്നു, വിജയം കാണുന്നതുവരെ തങ്ങളിനി തലപ്പാവോ, തുകല്‍ ചെരുപ്പുകളോ, കുടയോ ഉപയോഗിക്കില്ല എന്നത്. ആ സൂര്യവംശി യോദ്ധാക്കളുടെ പിന്തലമുറക്കാര് അഞ്ഞൂറു വര്‍ഷങ്ങള്‍ക്കിപ്പുറം ആ ശപഥം നിറവേറിയതിന്റെ ഭാഗമായി തങ്ങളുടെ വ്രതം ഉപേക്ഷിക്കുന്നു എന്നത് ഈയിടെ വാര്‍ത്തയായിരുന്നു. ഇങ്ങനെയുള്ള അനേകമനേകം ആളുകളുടെ സ്വപ്നസാഫല്യംകൂടിയാണ് അയോധ്യയില്‍ ഇപ്പോള്‍ സംഭവിക്കുന്നത്. നൂറ്റാണ്ടുകള്‍ നീണ്ട യുദ്ധങ്ങളെല്ലാം അവസാനിച്ച് അയോധ്യ വീണ്ടും ‘അയോധ്യ’യായി മാറിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: