മുംബൈ: മഹാരാഷ്ട്ര സോലാപ്പൂരിലെ ആയിരക്കണക്കിനു പാവപ്പെട്ടവര്ക്കായെടുത്ത പ്രതിജ്ഞ യാഥാര്‍ത്ഥ്യമാകുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പി
എം ആവാസ് യോജനയ്ക്കു കീഴിലെ ഏറ്റവും വലിയ പദ്ധതി ഉദ്ഘാടനം ചെയ്തെന്ന് വികാരാധീനനായി മോദി പറഞ്ഞു. ഇത്തരം വീടുകളില്‍ ജീവിക്കാനുള്ള കുട്ടിക്കാലത്തെ ആഗ്രഹവും അദ്ദേഹം അനുസ്മരിച്ചു.
പിഎം ആവാസ് യോജനയുടെ കീഴില്‍ പിഎംഎവൈ-നഗര പദ്ധതി പ്രകാരം പൂര്‍ത്തിയാക്കിയ 90,000ല്‍ അധികം വീടുകളും റായ്നഗര്‍ ഹൗസിങ് സൊസൈറ്റിയുടെ 15,000 വീടുകളും സമര്‍പ്പിക്കുകയായിരുന്നു മോദി. ആയിരക്കണക്കിനു കൈത്തറിത്തൊഴിലാളികളും കച്ചവടക്കാരും യന്ത്രത്തറി തൊഴിലാളികളും ചപ്പുചവറുകള്‍ ശേഖരിക്കുന്നവരും ബീഡിത്തൊഴിലാളികളും ഡ്രൈവര്‍മാരും ഇതിന്റെ ഗുണഭോക്താക്കളാണ്.
‘ആയിരക്കണക്കിനു കുടുംബങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടുകയും അവരുടെ അനുഗ്രഹങ്ങള്‍ എന്റെ ഏറ്റവും വലിയ സമ്പത്തായി മാറുകയും ചെയ്യുമ്പോള്‍ അതു വളരെയേറെ സംതൃപ്തി പകരുന്നു. പുതുതായി നിര്‍മിച്ച വീടുകള്‍ കണ്ടിരുന്നു. ഇതുപോലെ ഒരു വീടു വേണമെന്നു കുട്ടിക്കാലത്ത് ഞാനും ആഗ്രഹിച്ചിരുന്നു’, നിറമിഴികളോടെ പ്രധാനമന്ത്രി പറഞ്ഞു. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ വീടുകളുടെ താക്കോല്‍ കൈമാറാന്‍ താന്‍ തന്നെ എത്തുമെന്നു ശിലാസ്ഥാപന വേളയില്‍ ഉറപ്പുനല്‍കിയത് അദ്ദേഹം അനുസ്മരിച്ചു. ‘ഇന്നു മോദി തന്റെ ഉറപ്പു നിറവേറ്റി. മോദിയുടെ ഉറപ്പെന്നാല് ഉറപ്പിന്റെ പൂര്‍ത്തീകരണമാണ്’. വീടില്ലാത്തതു മൂലം തലമുറകളായി കഷ്ടപ്പാടുകള്‍ അനുഭവിക്കുകയായിരുന്നു ഇവര്‍. കഷ്ടപ്പാടുകളുടെ ആ പരമ്പരയാണ് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്. 22ന് ഒരു ലക്ഷം കുടുംബങ്ങള്‍ അടച്ചുറപ്പുള്ള അവരുടെ വീടുകളില്‍ രാമജ്യോതി തെളിയിക്കുമെന്നത് ഏറെ സന്തോഷം പകരുന്ന കാര്യമാണ്. രാമജ്യോതി തെളിയിക്കല്‍ ദാരിദ്ര്യത്തിന്റെ അന്ധകാരമകറ്റാനുള്ള പ്രചോദനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
2000 കോടിയുടെ എട്ട് അമൃത് (അടല്‍ മിഷന് ഫോര്‍ റീജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്സ്ഫോര്മേഷന്) പദ്ധതികള്‍ക്ക് അദ്ദേഹം തറക്കല്ലിട്ടു.
ഗവര്‍ണര്‍ രമേഷ് ബൈസ്, മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍, റായ്നഗര്‍ ഫെഡറേഷന് സ്ഥാപകന്‍ നര്‍സയ്യ ആദം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: