തിരുവനന്തപുരം: ഇലക്ട്രിക് ബസ് നിര്‍ത്തലാക്കാനുള്ള മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ അമിതാവേശത്തിനെതിരെ ഇടതുമുന്നണിയില്‍ പോര്. ഇലക്ട്രിക് ബസ് വേണ്ടെന്ന് വയ്ക്കുന്നത് കമ്മീഷന് തട്ടാനെന്നും ആരോപണം.
ഗതാഗത മന്ത്രിയായിരുന്ന ആന്റണി രാജുവാണ് ഇലക്ട്രിക് ബസ് നടപ്പിലാക്കിയത്. നഗരം ചുറ്റി സര്‍വ്വീസ് നടത്തുന്ന ബസില്‍ കയറുന്നവര്‍ എവിടെ ഇറങ്ങിയാലും പത്ത് രൂപ നല്കിയാല് മതിയാകും. സര്‍വ്വീസ് പെട്ടെന്ന് ജനകീയമാവുകയും ചെയ്തു. എന്നാല്‍ ഇലക്ട്രിക് ബസ് സര്‍വ്വീസ് വളരെ നഷ്ടമെന്നാണ് കെ.ബി. ഗണേഷ്കുമാറിന്റെ വാദം. ഇലക്ട്രിക് ബസിന്റെ ബാറ്ററിക്ക് 9 വര്‍ഷം വാറന്റി മാത്രമാണുള്ളത്. പുതിയ ബാറ്ററി വാങ്ങുന്നതിന് ബസ് വിലയുടെ പകുതിയോളമാകുമെന്നും മന്ത്രി പറയുന്നു. ഇലക്ട്രിക് ബസുകള്‍ നിര്‍ത്തലാക്കാനായി റൂട്ടും വരുമാനവും സംബന്ധിച്ച റിപ്പോര്‍ട്ട് മന്ത്രി ആവശ്യപ്പെട്ടു.
ഹരിത ഊര്‍ജ്ജ പദ്ധതിക്ക് കൂടുതല്‍ പ്രധാന്യം നല്‍കിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കാനുള്ള പദ്ധതി ആവിഷ്കരിച്ചത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും ഇവ ഉപകരിക്കും. തിരുവനന്തപുരത്ത് ഓടുന്ന 113 ഇലക്ട്രിക് ബസുകള്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയിലൂടെയാണ് ലഭിച്ചത്. പ്രധാനമന്ത്രി ഇ സേവാ ബസ് പദ്ധതി പ്രകാരം 950 ഇലക്ട്രിക് ബസുകളാണ് പത്തു നഗരങ്ങളിലേക്കായി സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്. ഇലക്ട്രിക് ബസുകള്‍ വേണ്ടെന്ന് തീരുമാനിച്ചാല്‍ കേന്ദ്ര പദ്ധതി അടക്കം സംസ്ഥാനത്തിന് നഷ്ടമാകും.
ഒരു ഇലക്ട്രിക് ബസിന് പകരം മൂന്ന് ബസ് വാങ്ങിക്കാമെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. ഇത് വ്യാപക അഴിമതിക്ക് ഇടയാക്കുമെന്ന് ഇതിനകം ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ടാറ്റായുടെയും ലെയ്ലാന്റിന്റെയും ബസുകള്‍ വാങ്ങിക്കുമ്പോള്‍ ഇടനിലക്കാര്‍ മുഖേന കമ്മീഷന് ലഭിക്കാറുണ്ടെന്ന ആരോപണം കെഎസ്ആര്‍ടിസിയില്‍ നിലനില്‍ക്കുന്നുണ്ട്.
അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മന്ത്രിയുടെ അഭിപ്രായം തള്ളിക്കളഞ്ഞു. മന്ത്രി മാത്രമല്ലല്ലോ, മന്ത്രിസഭയല്ലേ ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം. ജനങ്ങള്‍ക്ക് ആശ്വാസമെങ്കില്‍ ഇലക്ട്രിക് ബസ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗോവിന്ദന് പിന്നാലെ മേയര്‍ ആര്യാ രാജന്ദ്രനും മുന്‍ തിരുവനന്തപുരം മേയറും എംഎല്‍എയുമായ വി.കെ. പ്രശാന്തും രംഗത്തെത്തി. കാര്‍ബണ്‍ ന്യൂട്രല്‍ നഗരം എന്ന നയപരിപാടിയുടെ ഭാഗമായി വിവിധ നടപടികള്‍ നഗരസഭ നടപ്പാക്കിവരുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് ഇലക്ട്രിക് ബസുകള്‍ നിരത്തിലോടുന്നതെന്നും ഇരുവരും പറഞ്ഞു. ഇടത് യൂണിയനും മന്ത്രിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.
കാലോചിത മാറ്റം അഗീകരിക്കണം: ബിഎംഎസ്
അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇ ബസ് കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനത്തും നഗരങ്ങളില്‍ നടപ്പിലാക്കുന്നത്. കേരളം അതിനെതിരെ മുഖംതിരിക്കുന്നത് നിര്ഭാഗ്യകരമാണ.് പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന് മറ്റ് സംസ്ഥാനങ്ങള്‍ ബജറ്റില്‍ പ്രത്യേക ഫണ്ട് അനുവദിക്കുമ്പോള്‍ കേരളം അത് നല്‍കുന്നില്ല. പ്ലാന്‍ ഫണ്ട് വകമാറ്റിയാണ് ബസ് വാങ്ങുന്നത.് കാലോചിതമായി വരുന്ന മാറ്റം അംഗീകരിക്കണമെന്ന് കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘ് (ബിഎംഎസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. അജയകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: