കോട്ടയം: ട്രെയിനില്‍ മറന്നുവച്ച കണ്ണട എടുക്കാന്‍ തിരികെ കയറിയ വിദ്യാര്‍ത്ഥി മുന്നോട്ടെടുത്ത ട്രെയിനില്‍ നിന്നിറങ്ങവെ പാളത്തിലേക്ക് വീണ് ദാരുണാന്ത്യം. കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കോട്ടയം, പുതുപ്പള്ളി സ്വദേശി അഞ്ചേരി ഇടച്ചേരിക്കുന്നേല്‍ ദീപക് ജോര്‍ജ് വര്‍ക്കി (25) ആണ് മരിച്ചത്.
പൂനെയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായിരുന്നു. കോഴ്‌സ് പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങിവരവെ പൂനെ – കന്യാകുമാരി ജയന്തി ജനതാ എക്‌സ്പ്രസില്‍ നിന്ന് വീണാണ് അപകടമുണ്ടായത്. കൈവശമുണ്ടായിരുന്ന സാധനങ്ങള്‍ എല്ലാം പ്ലാറ്റ്‌ഫോമിലേക്ക് എടുത്തു വച്ചപ്പോഴാണ് കണ്ണട എടുക്കാന്‍ മറന്നുപോയെന്ന് മനസ ിലായത്. ഉടന്‍ ദീപക് ട്രെയിനില്‍ തിരികെ കയറി. എന്നാല്‍ ഈ സമയം ട്രെയിന്‍ നീങ്ങിക്കഴിഞ്ഞിരുന്നു.
വേഗത്തില്‍ ഇറങ്ങുമ്പോഴായിരുന്നു പാളത്തിനടിയിലേക്ക് വീണത്. ഈ സമയം ദീപക്കിനെ കാത്ത് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ദീപകിനെ കാണാതെ വന്നതോടെ സുഹൃത്തുക്കള്‍ ചങ്ങനാശ്ശേരി, തിരുവല്ല റെയില്‍വേ സ്റ്റേഷനുകളിലൊക്കെ അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല.
ഫോണില്‍ വിളിച്ചിട്ടും വിവരമില്ലാതായതോടെ ഇവര്‍ റെയില്‍വേ പോലീസ് സ്റ്റേഷനില്‍ വിവരം ധരിപ്പിച്ചു. ഇതോടെയാണ് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ അപകടം സുഹൃത്തുക്കള്‍ അറിയുന്നത്.
മൃതദേഹം കോട്ടയം മെഡി. കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോട്ടയം ഈസ്റ്റ് പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. കോട്ടയം സ്റ്റാര്‍ ജങ്ഷനിലെ ആദം ടവറില്‍ പ്രവര്‍ത്തിക്കുന്ന ഇടച്ചേരിക്കുന്നേല്‍ വണ്‍ ഗ്രാം ഗോള്‍ഡ് ജ്വല്ലറി ആന്‍ഡ് ട്രാവല്‍ ഏജന്‍സി ഉടമ ജോര്‍ജ് വര്‍ക്കിയാണ് അച്ഛന്‍. അമ്മ: സോളി. സഹോദരന്‍: സന്ദീപ് (ഓസ്‌ട്രേലിയ).
പ്രതികരിക്കാൻ ഇവിടെ എഴുതുക: